കൊച്ചി: ലയണല്‍ മെസിയും അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലെത്തില്ലെന്ന് സ്ഥിരീകരണം. മെസിയും ടീമും കേരളത്തിലേക്ക് വരുന്നില്ലെന്ന് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷനാണ് സ്ഥിരീകരിച്ചത്. അംഗോളയില്‍ മാത്രം കളിക്കുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു സ്പോണ്‍സറുടെ സ്ഥിരീകരണം.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം ധാരണയായെന്നാണ് സ്പോണ്‍സറുടെ വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് സ്പോണ്‍സര്‍ പറയുന്നത്.
അതേസമയം കേരളം മത്സരത്തിന് സജ്ജമല്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ വിലയിരുത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ 17 ന് അര്‍ജന്റീന ടീം ഓസ്ട്രേലിയയുമായി കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കളിക്കുമെന്നായിരുന്നു സര്‍ക്കാരും സ്പോണ്‍സറും പറഞ്ഞത്.
ലുവാണ്ടയില്‍ അംഗോളയ്ക്കെതിരെ അര്‍ജന്റീന കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം വന്നപ്പോഴും ഇന്ത്യയിലേക്ക് വരുന്നത് അവര്‍ സ്ഥീകരിച്ചിരുന്നില്ല. എന്നാല്‍ അപ്പോഴും മെസിയും സംഘവും കേരളത്തിലേയ്ക്ക് വരുമെന്നായിരുന്നു സര്‍ക്കാരും സ്പോണ്‍സറും ആവര്‍ത്തിച്ച് പറഞ്ഞത്.
കഴിഞ്ഞ ദിവസം അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷന്‍ ടീമിന്റെ നവംബറിലെ ഷെഡ്യൂള്‍ പുറത്തുവിട്ടിരുന്നു. നവംബറില്‍ അര്‍ജന്റീനക്ക് ഒരു മത്സരം മാത്രമാണ് ഉള്ളത്. അത് നവംബര്‍ 14 ന് ലുവാന്‍ഡയില്‍ അംഗോളക്കെതിരായ മത്സരമാണ്. നവംബറില്‍ പരിശീലനത്തിനായി സ്പെയിനിലേക്കാണ് അര്‍ജന്റീന ടീം ആദ്യം പോകുക. അതിന് ശേഷം ലുവാന്‍ഡയിലേക്ക് സൗഹൃദ മത്സരത്തിനായി തിരിക്കും. ശേഷം നാട്ടിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരും. പിന്നീട് ലോകകപ്പ് വരെ പരിശീലന ക്യാമ്പുകള്‍ മാത്രമാണ് അസോസിയേഷന്റെ പദ്ധതിയില്‍ ഉള്ളത്.
2026 ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍. ഇതോടെ മാര്‍ച്ചിലെ വിന്‍ഡോയില്‍ അര്‍ജന്റീന ടീമിനെ കേരളത്തില്‍ എത്തിക്കാനാകുമെന്ന പ്രതീക്ഷയും വേണ്ടെന്നാണ് വിലയിരുത്തല്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.