ദുബായ് നഗരത്തില്‍ 762 പുതിയ ബസ് ഷെല്‍ട്ടറുകള്‍ വരുന്നു

ദുബായ് നഗരത്തില്‍ 762 പുതിയ ബസ് ഷെല്‍ട്ടറുകള്‍ വരുന്നു

ദുബായ്: ദുബായ് നഗരത്തില്‍ 762 പുതിയ പുതിയ ബസ് ഷെല്‍റ്ററുകള്‍ കൂടി നിര്‍മിക്കുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ബസ് സമയ വിവരങ്ങള്‍ അറിയാവുന്ന ഇലക്ട്രോണിക് സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ആധുനിക ദുബായ്ക്ക് ഇണങ്ങുംവിധം ഏറ്റവും പുതിയ ഡിസൈനില്‍ നിര്‍മിക്കുന്ന കാത്തിരിപ്പു കേന്ദ്രത്തില്‍ നിശ്ചയദാര്‍ഢ്യക്കാര്‍ക്കായി പ്രത്യേക സൗകര്യവുമുണ്ട്.

സുരക്ഷിതവും സുസ്ഥിരവുമായ നഗര ജീവിതത്തിന്റെ പ്രതിരൂപമായാണ് പുതിയ ബസ് ഷെല്‍റ്ററിനെ ആര്‍ടിഎ അവതരിപ്പിക്കുന്നത്. പരീക്ഷണാര്‍ഥം ചില ഷെല്‍റ്ററുകളുടെ നിര്‍മാണത്തില്‍ ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയും ഉപയോഗിക്കും.

വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കും നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്ന വിധമായിരിക്കും ബസ് സ്റ്റോപ്പുകളുടെ നിര്‍മാണം. പൊതുഗതാഗത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആര്‍ടിഎ ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ പറഞ്ഞു. 2025ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

ദുബായിയെ ജന സൗഹൃദ നഗരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആരംഭിച്ച 'എന്റെ കമ്യൂണിറ്റി, എല്ലാവര്‍ക്കുമുള്ള സ്ഥലം' എന്ന പദ്ധതിയുടെ ഭാഗമാണിത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.