ട്രംപിനെ അയോഗ്യനാക്കിയ ജഡ്ജിമാര്‍ക്ക് വധഭീഷണി; അന്വേഷണം ആരംഭിച്ച് എഫ്ബിഐ

ട്രംപിനെ അയോഗ്യനാക്കിയ ജഡ്ജിമാര്‍ക്ക് വധഭീഷണി; അന്വേഷണം ആരംഭിച്ച് എഫ്ബിഐ

കൊളറാഡോ: മുന്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തിരഞ്ഞെടുപ്പിൽ നിന്ന് അയോ​ഗ്യനാക്കിയ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ക്കെതിരായ ഭീഷണികളിൽ അന്വേഷണം ആരംഭിച്ച് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ). വിഷയത്തില്‍ എഫ്ബിഐ സ്ഥിതിഗതികള്‍ മനസിലാക്കുകയും പ്രാദേശിക നിയമപാലകരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നെന്ന് എഫ്ബിഐ പബ്ലിക് അഫയേഴ്‌സ് ഓഫീസര്‍ വിക്കി മിഗോയ പറഞ്ഞു.

ഡിസംബര്‍ 19 നാണ് കൊളറാഡോ സുപ്രീം കോടതി 2024 ലെ തിരഞ്ഞെടുപ്പിനുള്ള ബാലറ്റില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രത്യക്ഷപ്പെടുന്നതില്‍ നിന്ന് ട്രംപിനെ വിലക്കിയത്. 2021 ലെ യുഎസ് ക്യാപിറ്റോള്‍ കലാപത്തില്‍ ട്രംപിന് പങ്കുണ്ടെന്നതിന് 'വ്യക്തവും ബോധ്യപ്പെടുത്തുന്നതുമായ തെളിവുകള്‍' ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. യുഎസ് സുപ്രീം കോടതിയില്‍ ട്രംപ് അപ്പീല്‍ നല്‍കുന്നതുവരെ കൊളറാഡോ സ്‌റ്റേറ്റില്‍ മാത്രമേ ഉത്തരവ് ബാധകമാകൂ.

ഡെന്‍വര്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷണത്തില്‍ എഫ്ബിഐയെ സഹായിക്കും. വിധി പറഞ്ഞ ജഡ്ജിമാരുടെ ഡെന്‍വറിലെ വസതികള്‍ക്ക് ചുറ്റും അധികമായി പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആവശ്യപ്പെട്ടാല്‍ അധിക സുരക്ഷ നല്‍കുമെന്നും പൊലീസ് പറഞ്ഞു.

ട്രംപിനെതിരെ വിധി പ്രസ്താവിച്ച നാല് ജഡ്ജിമാരുടെ പേരുകള്‍ ട്രംപ് അനുകൂല ഓണ്‍ലൈന്‍ ഫോറങ്ങളിലെ പോസ്റ്റുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. പോസ്റ്റുകളില്‍ ചിലത്, ഈ ജഡ്ജിമാരെ തോക്കുകളോ ബോംബുകളോ ഉപയോഗിച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു. ട്രംപ് അനുകൂലികള്‍ ആയുധങ്ങള്‍ ശേഖരിച്ച് ഡെമോക്രാറ്റുകള്‍ക്കെതിരെ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതായും ചില പോസ്റ്റുകള്‍ സൂചിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.