മനാഗ്വേ: ജയിലില്‍ കഴിയുന്ന നിക്കരാഗ്വന്‍ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനു വേണ്ടി വിശുദ്ധ കുര്‍ബാന മധ്യേ പ്രാര്‍ത്ഥിച്ചതിന് വൈദികന്‍ അറസ്റ്റില്‍. മതഗല്‍പ കത്തീഡ്രലിന്റെ അസിസ്റ്റന്റ് വികാരി ഫാ. ജാദര്‍ ഗൈഡോയെ ആണ് നിക്കരാഗ്വന്‍ സ്വേച്ഛാധിപത്യ ഭരണകൂടം 12 മണിക്കൂര്‍ തടവിലാക്കിയത്.
ഡിസംബര്‍ 24-ന് നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് തടങ്കലില്‍ കഴിയുന്ന ബിഷപ്പിനു വേണ്ടി ഫാ. ജാദര്‍ ഗൈഡോ പ്രാര്‍ത്ഥിച്ചത്. വികാരിമാരായ ഫാ. ജോസ് ലൂയിസ് ഡിയാസ് ക്രൂസ്, ഫാ. സാഡിയല്‍ യൂഗാറിയോസ് കാനോ എന്നിവരെ അറസ്റ്റ് ചെയ്യുകയും അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 നിക്കരാഗ്വക്കാരുടെ സംഘത്തില്‍ ഉള്‍പ്പെടുത്തി നാടുകടത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഫാ. ജാദര്‍ ഗൈഡോയെ മതഗല്‍പ കത്തീഡ്രലിന്റെ ചുമതല ഏല്‍പ്പിച്ചത്.
രാവിലെ പത്തുമണിയുടെ ദിവ്യബലിക്ക് ശേഷം വൈദികനെ തടഞ്ഞുവച്ചതായി പത്രം ലാ പ്രെന്‍സ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഫാ. ഗൈഡോയെ രാത്രിയില്‍ മോചിപ്പിച്ചതായും ഡിസംബര്‍ 25 ന് ക്രിസ്തുമസ് നാളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതായും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
നേരത്തെ, ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സിയുന രൂപതയിലെ ബിഷപ്പ് ഇസിഡോറോ മോറയെ ഡിസംബര്‍ 20 ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ വര്‍ഷം ഫെബ്രുവരി 10-നാണ് പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെയും വൈസ് പ്രസിഡന്റും ഭാര്യയുമായ റൊസാരിയോ മുറില്ലോയുടെയും ഭരണകൂടം, രാജ്യദ്രോഹക്കുറ്റം അന്യായമായി ചുമത്തി ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിന് 26 വര്‍ഷത്തിലേറെ തടവുശിക്ഷ വിധിച്ചത്. അതുപോലെ, വിശുദ്ധ കുര്‍ബാനകളിലും പ്രാര്‍ത്ഥനകളിലും ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ പരാമര്‍ശിക്കുന്നതും ഒര്‍ട്ടേഗ ഭരണകൂടം നിരോധിച്ചു.
രാജ്യത്തെ ഏറ്റവും പഴക്കമേറിയതും തിങ്ങിനിറഞ്ഞതുമായ ജയിലുകളിലൊന്നായ 'ലാ മോഡെലോ' എന്നറിയപ്പെടുന്ന ജോര്‍ജ് നവാരോ ജയിലിലാണ് ഇപ്പോള്‍ ബിഷപ്പ് ഉള്ളതെന്നാണ് നിക്കരാഗ്വന്‍ വാര്‍ത്താ മാധ്യമമായ എല്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ചെയ്തത്. രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്ന ജയിലാണിത്. ജയിലില്‍നിന്നുള്ള ബിഷപ്പിന്റെ ദൃശ്യങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു.
ഒര്‍ട്ടേഗയുടെ സര്‍ക്കാരിനെ സ്വേച്ഛാധിപത്യ ഭരണകൂടം എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നിക്കരാഗ്വ സര്‍ക്കാരും വത്തിക്കാനും തമ്മിലുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.