ചന്ദ്രയാന്‍ 3, ആദിത്യ എല്‍ 1: 2023 ഇന്ത്യയ്ക്ക് അഭിമാന നേട്ടങ്ങളുടെ വര്‍ഷം; 2024 ലും സുപ്രധാന പദ്ധതികളുമായി ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍ 3, ആദിത്യ എല്‍ 1: 2023 ഇന്ത്യയ്ക്ക് അഭിമാന നേട്ടങ്ങളുടെ വര്‍ഷം; 2024 ലും സുപ്രധാന പദ്ധതികളുമായി ഐഎസ്ആര്‍ഒ

ബംഗളുരു: ബഹിരാകാശ ഗവേഷണ രംഗത്ത് 2023 ല്‍ കൈവരിച്ച നേട്ടം 2024 ലും തുടരാന്‍ ലക്ഷ്യമിട്ട് പുതിയ പദ്ധതികളുമായി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 3, ആദിത്യ എല്‍ 1 എന്നിവയിലൂടെ ചരിത്ര നേട്ടം സ്വന്തമാക്കിയ ഐഎസ്ആര്‍ഒ പുതുവര്‍ഷത്തെ ആദ്യ വിക്ഷേപണം ജനുവരി ഒന്നിന് തന്നെ നടത്തും.

ഇന്ത്യയുടെ ആദ്യ എക്സ് റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റ് ആണ് ഐഎസ്ആര്‍ഒ ഭ്രമണപഥത്തിലെത്തിക്കുക. രാവിലെ 9.10 നാണ് എക്സ്പോസാറ്റിനെയും വഹിച്ചുകൊണ്ട് പിഎസ്എല്‍വി-സി 58 കുതിച്ചുയരുക.

തീവ്രമായ അവസ്ഥയിലുള്ള ജ്യോതിശാസ്ത്ര എക്‌സ്‌റേ സ്രോതസുകളുടെ വിവിധ ചലനാത്മകത പഠിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ധ്രുവരേഖാ ദൗത്യമാണ് എക്‌സ്‌പോസാറ്റ്. സ്പെക്ട്രോസ്‌കോപ്പിക്, ടൈമിങ് ഡേറ്റകള്‍ നല്‍കുന്ന ബഹിരാകാശ നിരീക്ഷണ നിലയങ്ങള്‍ നിലവിലുണ്ടെങ്കിലും ആകാശ ഗോളങ്ങളില്‍ നിന്ന് ഏതു തരത്തിലുള്ള പ്രകാശമാണ് വരുന്നതെന്ന് കൃത്യമായി കണ്ടെത്തുക പ്രയാസമാണ്.

അഞ്ച് വര്‍ഷം നീളുന്ന എക്സ്പോസാറ്റ് ദൗത്യം പ്രകാശ തരംഗങ്ങളുടെ വൈബ്രേഷന്‍ ഓറിയന്റേഷന്‍ അളക്കും. ഇത് ബഹിരാകാശ സ്രോതസുകളുടെ റേഡിയേഷന്‍ മെക്കാനിസം മനസിലാക്കാന്‍ സഹായിക്കും. രണ്ട് ശാസ്ത്രീയ പേലോഡുകള്‍ ഉള്‍പ്പെടുന്ന എക്സ്‌പോസാറ്റ് പേടകത്തെ ഭൂമിക്ക് ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലാണ് വിക്ഷേപിക്കുക.

2024 ഐഎസ്ആര്‍ഒയ്ക്ക് നിര്‍ണായക വര്‍ഷമാണ്. സൂര്യ ദൗത്യമായ ആദിത്യ എല്‍ 1 ഈ വര്‍ഷം സുപ്രധാന ഘട്ടത്തിലേക്ക് കടക്കും. സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഭ്രമണപഥത്തിലേക്ക് കടക്കാനുള്ള ഹാലോ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന് ജനുവരി ആറിന് തുടക്കമാകും.

ജനുവരി 12 ന് കാലാവസ്ഥ ഉപഗ്രഹ വിക്ഷേപണ പരമ്പരയുടെ ഭാഗമായി ഇന്‍സാറ്റ് 3 ഡി.എസ് മെറ്ററോളിക്കല്‍ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കും. ഇതോടൊപ്പം ഗഗന്‍യാന്‍ ദൗത്യത്തിന്റെ തുടര്‍ പരീക്ഷണങ്ങള്‍, 2035 ഓടെ ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം പ്രാവര്‍ത്തികമാക്കാന്‍ ലക്ഷ്യമിടുന്ന ഡോക്കിങ് ഇന്‍ സ്‌പേസ് (സ്‌പേഡെക്‌സ്), 2040 ഓടെ ഇന്ത്യക്കാരെ ചന്ദ്രനിലിറക്കാന്‍ ലക്ഷ്യമിടുന്ന ലൂണാര്‍ സാമ്പിള്‍ റിട്ടേണ്‍ മിഷന്‍സ്, മാര്‍സ് ലാന്‍ഡര്‍ മിഷന്‍, വീണ്ടും ഉപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്നീ വമ്പന്‍ ദൗത്യങ്ങള്‍ യാഥാര്‍ഥ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഐഎസ്ആര്‍ഒ ഈ വര്‍ഷം തുടക്കം കുറിയ്ക്കും.

2023 അവസാനിക്കുമ്പോള്‍ ശാസ്ത്ര രംഗത്തിന് രാജ്യത്തിന് അഭിമാനിക്കാന്‍ ഒരുപാട് സംഭവങ്ങളുണ്ടായി. അതില്‍ ആദ്യത്തേത് ചന്ദ്രയാന്‍ 3 ന്റേയും ആദിത്യയുടേയും വിക്ഷേപണം ആണ്. കൂടാതെ നിര്‍മിത ബുദ്ധിയുടെ രംഗപ്രവേശം സാങ്കേതികത തലത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടു വന്നു. 2023 ല്‍ ശാസ്ത്ര രംഗത്തെ ഇന്ത്യയുടെ അഭിമാനകരമായ കുതിപ്പിലേക്ക് ഒരു എത്തി നോട്ടം.

ചന്ദ്രനെ പഠിക്കാന്‍ ചന്ദ്രയാന്‍ 3

ചന്ദ്രയാന്‍ 3 ദൗത്യത്തിന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് 23 നാണ് ചന്ദ്രന്റെ ഉപരിതലത്തില്‍ വിജയകരമായി വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ഇതോടെ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നേടുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയായിരുന്നു.

കൂടാതെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യം കൂടിയാണ് ഇന്ത്യ. 2023 ജൂലൈ 14 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നാണ് ഇന്ത്യ ചന്ദ്രയാന്‍ 3 വിക്ഷേപിച്ചത്.


വെറും 75 മില്യണ്‍ ഡോളര്‍ ചെലവിലുള്ള ഈ ദൗത്യം ബഹിരാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യയെ ഒരു പ്രധാന തലത്തിലേക്ക് ഉയര്‍ത്തുക മാത്രമല്ല, സങ്കീര്‍ണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാമ്പത്തികമായി നിര്‍വഹിക്കാനുള്ള രാജ്യത്തിന്റെ കഴിവ് പ്രകടിപ്പിക്കുകയും ചെയ്തു.

ഐഎസ്ആര്‍ഒയുടെ കൃത്യതയുടെയും വൈദഗ്ധ്യത്തിന്റെയും തെളിവാണ് ലാന്‍ഡറിന്റെ ചന്ദ്രനിലേക്കുള്ള യാത്ര. വെല്ലുവിളികള്‍ നേരിട്ടെങ്കിലും ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമവും മുന്‍കാല പരാജയങ്ങളില്‍ നിന്ന് പഠിക്കാനുള്ള അവരുടെ കഴിവുമാണ് ദൗത്യത്തിന്റെ വിജയത്തിന് കാരണം.

സൂര്യനെ പഠിക്കാന്‍ ആദിത്യ എല്‍ 1

ചാന്ദ്ര ദൗത്യത്തിന് പിന്നാലെ സെപ്റ്റംബര്‍ രണ്ടിന് സൗര്യ ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ചു. 125 ദിവസങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം സൂര്യനോട് ഏറ്റവും അടുത്തായി കണക്കാക്കപ്പെടുന്ന ലാന്‍ഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഭ്രമണ പഥത്തില്‍ എത്തുന്നത്.

ഇവിടെ നിന്ന് സൂര്യനെ നിരീക്ഷിക്കുക എന്നതാണ് ആദിത്യ എല്‍ വണ്ണിന്റെ ലക്ഷ്യം. ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ശക്തികള്‍ പരസ്പരം സന്തുലിതമാക്കുന്ന ബഹിരാകാശത്തെ തന്ത്ര പ്രധാനമായ സ്ഥലമാണ് ലാന്‍ഗ്രാഞ്ച് പോയിന്റ് 1. ഈ തന്ത്രപരമായ സ്ഥാനം, ഗ്രഹണങ്ങളില്‍ നിന്നോ നിഗൂഢതയില്‍ നിന്നോ തടസമില്ലാതെ തുടര്‍ച്ചയായി സൂര്യനെ നിരീക്ഷിക്കാന്‍ ആദിത്യ എല്‍ 1 നെ സഹായിക്കും.

ഭൂമിയില്‍ നിന്ന് സൂര്യന്റെ ദിശയില്‍ ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള ലാഗ്രാഞ്ച് പോയിന്റ് 1 ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തിലാണ് പേടകം സ്ഥാപിക്കുക. സെപ്റ്റംബര്‍ രണ്ടിന് 11.50 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് ആദിത്യ എല്‍ 1 വിക്ഷേപിച്ചത്.

എ.ഐയുടെ മുന്നേറ്റം

ആരോഗ്യ സംരക്ഷണ ആപ്ലിക്കേഷനുകള്‍ അടക്കം എ.ഐ പവര്‍ ടൂളുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യന്‍ ഗവേഷകര്‍ കാര്യമായ മുന്നേറ്റം നടത്തി. ബാംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് വികസിപ്പിച്ചെടുത്ത ഒരു എ.ഐ സിസ്റ്റം, ശ്വാസകോശ അര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തുന്നതില്‍ നല്ല ഫലങ്ങള്‍ കൈവരിച്ചു. രോഗ നിര്‍ണയവും ചികിത്സ ഫലങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യത ഇത് കാണിക്കുന്നു .

കൂടാതെ, ഐഐടി ജോധ്പൂരിലെ ഗവേഷകര്‍ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളുടെ അപകടസാധ്യത പ്രവചിക്കാന്‍ ഒരു എ.ഐ പ്ലാറ്റ്ഫോം സൃഷ്ടിച്ചു. ഇത് വ്യക്തിഗത പ്രതിരോധ പരിചരണത്തിന് വഴിയൊരുക്കി.

ആര്‍ട്ടിമിസ് ഉടമ്പടി

ബഹിരാകാശ പര്യവേഷണത്തില്‍ അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആര്‍ട്ടെമിസ് ഉടമ്പടി ഒപ്പുവെച്ചതോടെ കൂടുതല്‍ ദൃഢമായി. രാജ്യങ്ങള്‍ക്കിടയില്‍ ബഹിരാകാശ പര്യവേഷണ സഹകരണത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനുള്ള പ്രായോഗിക തത്വങ്ങള്‍ സ്ഥാപിക്കാനുള്ള ആഗോള ശ്രമത്തില്‍ ഇന്ത്യയും പങ്കാളിയായി.

ചാന്ദ്ര പര്യവേക്ഷണ ദൗത്യങ്ങളില്‍ പങ്കെടുക്കാനും ഭാവിയിലെ ചാന്ദ്ര ദൗത്യങ്ങളില്‍ അമേരിക്ക പോലുള്ള രാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുമുള്ള ഇന്ത്യയുടെ നീക്കമാണിത്. ഒരു ഇന്ത്യന്‍ ബഹിരാകാശ യാത്രികനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയയ്ക്കുന്നതിന് നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിനും ഈ കരാറുകള്‍ വഴിയൊരുക്കി. അങ്ങനെ 2023 ഇന്ത്യയെ സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെ മുന്‍പില്‍ തലയെടുപ്പോടെ നില്‍ക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു. 2024 ലും അത് തുടരാനാകട്ടെ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.