ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; തുര്‍ക്കിയില്‍ പള്ളികളും സിനഗോഗുകളും ആക്രമിക്കാന്‍ പദ്ധതിയിട്ട 29 പേര്‍ പിടിയില്‍

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം; തുര്‍ക്കിയില്‍ പള്ളികളും സിനഗോഗുകളും ആക്രമിക്കാന്‍ പദ്ധതിയിട്ട 29 പേര്‍ പിടിയില്‍

ഇസ്താംബുള്‍: തുര്‍ക്കിയില്‍ പുതുവത്സര രാവിൽ പള്ളികളും സിനഗോഗുകളും ആക്രമിക്കാന്‍ പദ്ധതിയിട്ട 29 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒമ്പത് പ്രവിശ്യകളിലായാണ് ഐ.എസ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 29 പേരെ കസ്റ്റഡിയിലെടുത്തതെന്ന് ആഭ്യന്തര മന്ത്രി അലി യെര്‍ലികായ പറഞ്ഞു. പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി തുര്‍ക്കി സുരക്ഷാ സേന നടത്തിയ 'ഓപ്പറേഷന്‍ ഹീറോസ് 37' ദൗത്യത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

പിടികൂടിയ പ്രതികള്‍ ഇസ്താംബൂളിലെ പള്ളികളും സിനഗോഗുകളും ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ യെര്‍ലികയ പറഞ്ഞു. പിടിയിലായവരില്‍ ഒരാള്‍ അങ്കാറയിലെ ഇറാഖ് എംബസിക്ക് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്കു പുറമെ, ഐ.എസിന്റെ മൂന്ന് മുതിര്‍ന്ന അംഗങ്ങളെയും അറസ്റ്റ് ചെയ്തതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് തുര്‍ക്കിയുടെ ഔദ്യോഗിക അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും വാര്‍ത്താ ഏജന്‍സി നല്‍കിയിട്ടില്ല.

ഒക്ടോബര്‍ ഒന്നിന് അങ്കാറയിലെ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്ക് സമീപം കുര്‍ദിഷ് പോരാളി ബോംബ് സ്ഫോടനം നടത്തിയതിനെ തുടര്‍ന്ന് തുര്‍ക്കി ഐ.എസിനും കുര്‍ദ് പ്രവര്‍ത്തകര്‍ക്കുമെതിരായ നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.