ഭവനപ്രതിസന്ധി; പൂർണ്ണ ഭവന പദ്ധതിക്ക് 2024-ൽ രൂപം നൽകും: ഷോൺ ഫ്രേസർ

ഭവനപ്രതിസന്ധി; പൂർണ്ണ ഭവന പദ്ധതിക്ക് 2024-ൽ രൂപം നൽകും: ഷോൺ ഫ്രേസർ

ഓട്ടവ : രാജ്യത്തുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധിക്ക് പരിഹാരമാകുന്ന പൂർണ്ണ ഭവന പദ്ധതിക്ക് 2024-ൽ ഫെഡറൽ ഗവണ്മെന്റ് രൂപം നൽകുമെന്ന് ഭവന മന്ത്രി ഷോൺ ഫ്രേസർ പ്രഖ്യാപിച്ചു. നിലവിൽ പ്രഖ്യാപിച്ച നടപടികളും അടുത്ത നടപടികളും ഒരുമിച്ച് കൊണ്ടുവരുന്ന പദ്ധതിക്ക് രൂപം നൽകാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ഗവണ്മെന്റ് അടുത്തിടെ പ്രഖ്യാപിച്ച ഭവന നയങ്ങൾ അടിസ്ഥാനമാക്കിയാണ് പദ്ധതിക്ക് രൂപം നൽകുകയെന്നും ഷോൺ ഫ്രേസർ അറിയിച്ചു. വാടകവീടുകളുടെ വികസനത്തിന് ജിഎസ്ടി ചാർജുകൾ ഒഴിവാക്കുക, ഡെവലപ്പർമാർക്കുള്ള ധനസഹായം വർധിപ്പിക്കുക, പ്രീ-അംഗീകൃത ഹോം ബ്ലൂപ്രിന്റുകളുടെ കാറ്റലോഗിനായി കൺസൾട്ടേഷനുകൾ ആരംഭിക്കുക തുടങ്ങി നിരവധി ഘടകകങ്ങൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നു. ഭവന നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന ബൈലോകളിലും ചട്ടങ്ങളിലും വരുത്തിയ മാറ്റങ്ങൾക്ക് പകരമായി ധനസഹായം വാഗ്ദാനം ചെയ്യുന്ന ഹൗസിംഗ് ആക്‌സിലറേറ്റർ ഫണ്ടിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മുനിസിപ്പാലിറ്റികളുമായി കരാറുകളിൽ ഒപ്പുവെക്കുമെന്നും ഭവന മന്ത്രി പറഞ്ഞു.

കൂടാതെ വരാനിരിക്കുന്ന പദ്ധതി ഭവന നിർമ്മാണ ചെലവ് സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള നടപടികൾ അനാവരണം ചെയ്യുമെന്നും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനുള്ള വ്യാവസായിക തന്ത്രത്തിന്റെ രൂപരേഖ തയ്യാറാക്കുമെന്നും ഫ്രേസർ പറഞ്ഞു.

ഭവനപ്രതിസന്ധിക്ക് കാരണമാകുന്ന രാജ്യത്തെ കുതിച്ചുയരുന്ന ജനസംഖ്യ വർധന മറികടക്കാൻ താൽക്കാലിക കുടിയേറ്റത്തിന് തടയിടാൻ ഫെഡറൽ ഗവൺമെന്റ് പിടിമുറുക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ സമ്മതിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ, താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം മൊത്തം രണ്ട് ദശലക്ഷത്തിലധികം ആളുകളായി വർധിച്ചു. ഇതിൽ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്, ട്രൂഡോ പറഞ്ഞു.

ഇന്റർനാഷണൽ സ്റ്റുഡന്റ് പ്രോഗ്രാമും താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമും സാമ്പത്തിക നേട്ടങ്ങൾക്ക് കാരണമാകുമെങ്കിലും ഇത് നിലവിലെ രാജ്യത്തെ ഭവന ആവശ്യങ്ങളുമായി സന്തുലിതമാക്കേണ്ടതുണ്ടെന്ന് ഷോൺ ഫ്രേസർ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.