വത്തിക്കാൻ സിറ്റി: ഇസ്രയേൽ - പാലസ്തീൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പാലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വത്തിക്കാനിലെത്തി ലിയോ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഗാസയിലെ ജനങ്ങൾക്ക് അടിയന്തരമായി മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യവും മേഖലയിലെ സംഘർഷം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കൂടിക്കാഴ്ചയിൽ പ്രധാന വിഷയങ്ങളായി.
നവംബർ ആറിന് നടന്ന ഈ സുപ്രധാന കൂടിക്കാഴ്ച പാലസ്തീൻ പ്രസിഡന്റും ലിയോ പാപ്പയും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണ്. ഗാസയിലെ രണ്ടു വർഷത്തിലേറെ നീണ്ട യുദ്ധം, വെസ്റ്റ് ബാങ്കിലെ വർധിച്ചു വരുന്ന അക്രമം എന്നിവയുൾപ്പെടെ പാലസ്തീൻ വിവിധ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്ന സന്ദർഭത്തിലാണ് കൂടിക്കാഴ്ച നടന്നത്.
2015 മുതൽ പാലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ച വത്തിക്കാ, അന്താരാഷ്ട്ര നിയമങ്ങളോടുള്ള ബഹുമാനത്തിന്റെയും ഇസ്രയേലിന്റെ സുരക്ഷയും പാലസ്തീൻ ജനതയുടെ അന്തസും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയുടെയും അടിസ്ഥാനത്തിൽ ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസ മുനമ്പിലെ ജനങ്ങൾ അനുഭവിക്കുന്ന മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് ലിയോ പാപ്പ മുൻപും പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മാനുഷിക ദുരിതം അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തര ആവശ്യം കൂടിക്കാഴ്ചയിൽ ചർച്ചയായി.
ജൂലൈ 21 ന് പ്രസിഡന്റ് അബ്ബാസ് പാപ്പയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഗാസ മുനമ്പിലെ സംഘർഷവും വെസ്റ്റ് ബാങ്കിലെ അക്രമവുമായിരുന്നു ഈ സംഭാഷണത്തിലെയും പ്രധാന വിഷയം. കൂടാതെ അദേഹം 2024 ഡിസംബർ 12 നും അതിനു മുൻപും വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചകൾ നടത്തുകയും നവംബർ അഞ്ചിന് ഫ്രാൻസിസ് പാപ്പയുടെ കബറിടം സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.