അറ്റ്ലാന്റയിലെ സെൻ്റ്. പോൾ II മിഷനിൽ വിജയകരമായ കൺവെൻഷൻ കിക്കോഫ്

അറ്റ്ലാന്റയിലെ സെൻ്റ്. പോൾ II മിഷനിൽ വിജയകരമായ കൺവെൻഷൻ കിക്കോഫ്

അറ്റ്ലാന്റ: അമേരിക്കൻ സീറോ മലബാർ കൺവെൻഷൻ 2026-ൻ്റെ രജിസ്‌ട്രേഷൻ കിക്കോഫ് അറ്റ്ലാന്റയിലെ സെൻ്റ്. പോൾ II മിഷനിൽ നടന്നു. 2026 ജൂലൈ 9 മുതൽ 12 വരെ ചിക്കാഗൊയിലെ ചരിത്ര പ്രസിദ്ധമായ മക്കോർമിക് പ്ലേസിൽ വെച്ചാണ് ഈ മഹാ സംഗമം നടക്കുന്നത്. കൺവെൻഷൻ കൺവീനർമാരായ ഫാദർ തോമസ് കടുകപ്പിള്ളിൽ, ആൻഡ്രൂസ് തോമസ്, സജി വർഗീസ് എന്നിവരടങ്ങിയ ടീമിനെ ഇടവക വികാരി ഫാ: ജോസ് ഉപ്പാണിയുടെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ആവേശത്തോടെ സ്വീകരിച്ചു.

രജിസ്‌ട്രേഷൻ പ്രവർത്തനങ്ങൾക്ക് സജീവ് കളരിക്കൽ, ടിജി തോമസ്, ആഷിഷ് ബെൻ, രശ്മി ഫ്രാൻസിസ്, ടോം ജോസഫ് എന്നിവർ നേതൃത്വം നൽകി. ഇടവക വികാരി ഫാദർ റെനേഴ്സ് കോയിക്കലോട്ട് എല്ലാവിധ സഹകരണവും വാഗ്‌ദാനം ചെയ്‌തു.

ഈ കൺവെൻഷൻ അമേരിക്കൻ മണ്ണിൽ വിശ്വാസത്തിൻ്റെ വേരുകൾ ഉറപ്പിക്കാനും, അത് വരും തലമുറകളിലേക്ക് പകർന്ന് നൽകാനും പരിശ്രമിക്കുന്ന വിശ്വാസ സമൂഹത്തിന്, തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാനും ഭാവിയിലെ സഭയെ സുരക്ഷിതമാക്കാനുമുള്ള ഒരു സുവർണ്ണാവസരമായിരിക്കും എന്ന് രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

ഇതിനോടൊപ്പം രൂപതയുടെ ആദ്യ ഇടയനായ മാർ ജേക്കബ് അങ്ങാടിയത്തിൻ്റെ മെത്രാഭിഷേക ജൂബിലിയും കൊണ്ടാടുന്നു എന്നത് ശ്രദ്ധേയമാണ്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ സംഗമത്തിൽ ദിവസേനയുള്ള വിശുദ്ധ കുർബാന, ആരാധന എന്നിവ കൂടാതെ, വിദഗ്ധർ നയിക്കുന്ന ക്ലാസുകൾ, ബിസിനസ് മീറ്റുകൾ, വിവിധ സംഘടനകളുടെ കൂട്ടായ്മകൾ, ഇടവകയെ നയിച്ചവർക്കുള്ള ആദരം, വൈവിധ്യമാർന്ന കലാപരിപാടികൾ, യുവജനങ്ങൾക്കായുള്ള പ്രത്യേക സംഗമങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

രൂപതയിലെ എല്ലാ പള്ളികളിലെയും കൺവെൻഷൻ പ്രതിനിധികളുമായി ചേർന്ന് രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുവാനാണ് കൺവെൻഷൻ ടീം ശ്രമിക്കുന്നത്. വിവരങ്ങൾ നേരിട്ട് പങ്കുവയ്ക്കുന്നതിലൂടെ രജിസ്‌ട്രേഷൻ നടപടികൾ ലളിതമാവുകയും കൂടുതൽ വിശ്വാസികളെ ഈ മഹാ കൂട്ടായ്മയിൽ പങ്കുചേർക്കാൻ സാധിക്കുമെന്നും ടീം വിശ്വസിക്കുന്നു. ഇടവകാംഗങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിനും സഹകരണത്തിനും കൺവെൻഷൻ ടീം പ്രത്യേകം നന്ദി അറിയിച്ചു.

ആദ്യഘട്ടത്തിൽ തന്നെ 15-ൽപരം രജിസ്ട്രേഷനുകൾ കൺവെൻഷൻ ടീമിന് ഇടവകാംഗങ്ങൾ കൈമാറി. കൺവെൻഷനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും, രജിസ്‌ട്രേഷൻ പൂർത്തിയാക്കുവാനും www.syroconvention.org എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.