മക്കളുണ്ടാകാന്‍ സ്ത്രീകള്‍ ആദ്യ പരിഗണന നല്‍കണം; ഇറ്റാലിയന്‍ സെനറ്ററുടെ പരാമര്‍ശം വിവാദമാക്കി പ്രതിപക്ഷം

മക്കളുണ്ടാകാന്‍ സ്ത്രീകള്‍ ആദ്യ പരിഗണന നല്‍കണം; ഇറ്റാലിയന്‍ സെനറ്ററുടെ പരാമര്‍ശം വിവാദമാക്കി പ്രതിപക്ഷം

റോം: മക്കളുണ്ടാകാനാണ് സ്ത്രീകള്‍ ആദ്യം പരിഗണന നല്‍കേണ്ടതെന്ന ഇറ്റാലിയന്‍ സെനറ്ററുടെ പരാമര്‍ശം വിവാദമാക്കി പ്രതിപക്ഷ ഗ്രൂപ്പുകള്‍. പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയുടെ വലതുപക്ഷ പാര്‍ട്ടിയിലെ സെനറ്റര്‍ ലവീനിയ മേന്നൂനിയാണ് കുടുംബം എന്ന സംവിധാനത്തെ പിന്തുണച്ച് പ്രസ്താവന നടത്തിയത്.

രാജ്യത്തെ കുറയുന്ന ജനനനിരക്കും വര്‍ധിക്കുന്ന സ്വവര്‍ഗ ദാമ്പത്യവും തടയുന്നതിനായി പരമ്പരാഗത കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്ന നയത്തിനാണ് മെലാനിയുടെ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി മുന്‍ഗണന നല്‍കുന്നത്.

ലാ7 ടി.വി ചാനലിലെ ടോക്ക് ഷോയില്‍ ഒരു കത്തോലിക്കാ ആര്‍ച്ച് ബിഷപ്പിന് ഒപ്പം പങ്കെടുത്താണ് സെനറ്റര്‍ ലവീനിയ തന്റെ നിലപാട് വ്യക്തമാക്കിയത്. തന്റെ അമ്മ നല്‍കിയ ഉപദേശം അനുസ്മരിച്ചുകൊണ്ടായിരുന്നു ലവീനിയയുടെ പ്രസ്താവന.

'എന്റെ അമ്മ എപ്പോഴും പറയുമായിരുന്നു, നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. പക്ഷേ നിങ്ങളുടെ ആദ്യത്തെ ആഗ്രഹം ഒരു മാതാവാകണമെന്നതായിരിക്കണമെന്ന കാര്യം മറക്കരുത്' - ലവീനിയ മേന്നൂനി പറഞ്ഞു.

ഇറ്റാലിയന്‍, വത്തിക്കാന്‍ സ്ഥാപനങ്ങള്‍ യുവാക്കളെ നേരത്തെ വിവാഹം കഴിക്കാനും കുടുംബം തുടങ്ങാനും പ്രസവത്തെ സാധാരണമായി കാണുന്നതിനും പ്രോത്സാഹിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു.

ഭാവിയിലെ പൗരന്മാരും ഭാവി ഇറ്റലിക്കാരുമായ കുട്ടികളെ ലോകത്തിലേക്ക് സംഭാവന ചെയ്യുന്ന കാര്യം മനോഹരമാണെന്നും സ്ത്രീകള്‍ ഈ ദൗത്യം ഏറ്റെടുക്കണമെന്നും 47 കാരിയും മൂന്ന്് മക്കളുടെ മാതാവുമായ സെനറ്റര്‍ ലവീനിയ കൂട്ടിച്ചേര്‍ത്തു.

അേതസമയം, ലവീനിയയുടെ പരാമര്‍ശം പ്രതിപക്ഷ കക്ഷികള്‍ വിവാദമാക്കി. ലവീനിയയുടെ വാക്കുകള്‍ ഭൂതകാലത്തിലെ കാലഹരണപ്പെട്ട ആശയങ്ങളെയാണ് പ്രതിധ്വനിക്കുന്നതെന്ന് സെന്‍ട്രല്‍ ഇറ്റാലിയ വിവ പാര്‍ട്ടിയില്‍ നിന്നുള്ള സെനറ്റര്‍ റാഫേല്ല പൈറ്റ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.