കൊച്ചി: സിനിമയിലൂടെ ക്രൈസ്തവ വിരുദ്ധത ആളിക്കത്തിക്കാനായി ചില കോണുകളില്‍ നിന്നും ആസൂത്രിത നീക്കം നടന്ന വര്‍ഷമാണ് കടന്നുപോയത്. സമൂഹത്തിന് വേണ്ടി നിരവധി സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ വിഭാഗത്തെയും പ്രത്യേകിച്ച് പുരോഹിതന്‍മാരെയും ഇകഴ്ത്തിക്കാട്ടാനുള്ള ആസൂത്രിത നീക്കം തന്നെ നടന്നു. ക്രൈസ്തവ സമൂഹത്തെ താറടിച്ച് കാണിക്കാന്‍ മാത്രം നിര്‍മിച്ച ചിത്രമാണോ ചില സിനിമകള്‍ എന്ന സംശയം പോലും ഉയര്‍ന്നു.
അത്തരം വിവാദങ്ങളിലേക്ക് വഴിവച്ച ഒരു വര്‍ഷമായിരുന്നു ഈ കഴിഞ്ഞ് പോയത്. എന്നാല്‍ സാംസ്കാരിക കേരളത്തിലെ പ്രേക്ഷക സമൂഹം അത്തരം സിനിമയെ പൂര്‍ണമായും തിരസ്‌കരിച്ചു. മികച്ച ചില ചലച്ചിത്രങ്ങള്‍ പുറത്തിറങ്ങിയെങ്കിലും ചില കഥാപാത്രങ്ങള്‍ ക്രൈസ്തവ വിരുദ്ധത പ്രകടിപ്പിച്ചത് വഴി ക്രൈസ്തവ സമൂഹത്തെ ഒന്നാകെ അപമാനിച്ചെന്നത് തിരസ്‌കരിക്കാന്‍ കഴിയില്ല.
ജിയോ ബേബിയുടെ കാതല്‍ എന്ന ചലചിത്രത്തിലൂടെ സ്വവര്‍ഗ പ്രണയമെന്ന ആശയ പ്രചാരണത്തിനായി ക്രൈസ്തവ വിശ്വാസത്തിന്റെ പശ്ചാത്തലം ദുരുപയോഗിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കി. സ്വവര്‍ഗാനുരാഗം ഒരു സ്വാഭാവിക പ്രതിഭാസമാണെന്നും ചുറ്റുവട്ടത്തുള്ളവരും സമൂഹവും സ്വവര്‍ഗനുരാഗികളുടെ അവകാശങ്ങള്‍ അംഗീകരിക്കണമെന്നുമുള്ള ആശയമാണ് ചിത്രം പങ്കുവെച്ചത്.
കൂടാതെ ക്രൈസ്തവ സമൂഹത്തിനും വിശ്വാസത്തിനും വിരുദ്ധമായ ചില പരോക്ഷ ആശയ പ്രചാരണങ്ങളും അതിലുണ്ടായിരുന്നു. മിഷനറിമാര്‍ ഉള്‍പ്പെടെയുള്ള ക്രൈസ്തവ സമൂഹം ചെയ്യുന്ന ജീവത്യാഗപരമായ പ്രവര്‍ത്തനങ്ങളെ മനപൂര്‍വം കണ്ടില്ലെന്നു നടിക്കുന്ന ഒരു സംസ്‌കാരം കലാ രംഗത്ത് കഴിഞ്ഞ വര്‍ഷം കൂടി വന്നു. ഇത് പുതുതലമുറയ്ക്ക് തെറ്റായ സന്ദേശം നല്‍കും.
ഇതില്‍ നിന്നും വ്യത്യസ്ഥമായി 2023 ല്‍ പ്രതീക്ഷ നല്‍കിയ ചലച്ചിത്രമാണ്' ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്. ഷെയ്സണ്‍.പി ഔസേഫ് സംവിധാനം ചെയ്ത ഈ ചലച്ചിത്രം ക്രിസ്തീയതയുടെ സഹനശക്തി നേരിട്ട് വെളിവാക്കപ്പെടുന്നതാണ്. സിസ്റ്റര്‍ റാണി മരിയയുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച ചിത്രം വത്തിക്കാനില്‍ വരെ പ്രദര്‍ശിപ്പിച്ചു. ഇതോടെ വത്തിക്കാനില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതിയും 'ഫെയ്സ് ഓഫ് ദ ഫെയ്സ് ലെസ്' സ്വന്തമാക്കി.
1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊല ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. വിന്‍സി അലോഷ്യസാണ് റാണി മരിയയായി ചിത്രത്തിലെത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും 150 ഓളം അഭിനേതാക്കളാണ് ചിത്രത്തില്‍ അണിനിരന്നത്. ഈ ചിത്രം സമൂഹം ഏറ്റെടുത്തത് ശുഭ പ്രതീക്ഷ നല്‍കുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം 225 സിനിമകളാണ് മലയാളത്തില്‍ റിലീസ് ചെയ്തത്. സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങള്‍ പോലും പലതും പരാജയപ്പെടുകയും താര പരിവേഷമില്ലാതെ പ്രേഷക ഹ്യദയം കീഴടക്കിയ അനേകം സിനിമകള്‍ പിറക്കുകയും ചെയ്ത വര്‍ഷം കൂടിയാണ്. പല ചിത്രങ്ങള്‍ക്കും മുടക്ക് മുതല്‍ പോലും ലഭിക്കാത്ത അവസ്ഥയുമുണ്ടായി.
മധുര മനോഹര മോഹം, പാച്ചുവും അത്ഭുതവിളക്കും, 2018, രോമാഞ്ചം, ആര്‍ഡിഎക്‌സ്, കണ്ണൂര്‍ സ്‌ക്വാഡ്, ഫാലിമി, രേഖ, ഇരട്ട, പെന്‍ഡ്യുലം, നന്‍പകല്‍ നേരത്ത് മയക്കം, നേര് തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്.
ഈ വര്‍ഷം അവസാനം മോഹന്‍ലാല്‍ ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് നേര്. നേര് വിജയമായിരുന്നെങ്കിലും ഷാജി കൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ എലോണ്‍ തീര്‍ത്തും പരാജയമായിരുന്നു. വിന്‍സി അലോഷ്യസിന്റെ സ്ത്രീപക്ഷ സിനിമയായിരുന്നു ജിതിന്‍ ഐസക് തോമസ് സംവിധാനം ചെയ്ത രേഖ.
ഒരു സ്വകാര്യ ചാനല്‍ നടത്തിയ മത്സരത്തിലൂടെ കടന്ന് വന്ന വിന്‍സി നടന്ന് നീങ്ങീയത് ഓസ്‌കാറിന്റെ പടിവാതില്‍ വരെയാണ്. ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസ് ഓസ്‌കാറിനായി പരിഗണിക്കപ്പെടുമ്പോള്‍ മലയാള സിനിമാ ശാഖയ്ക്ക് അഭിമാനിക്കാം.
ജൂഡ് ആന്റണിയുടെ 2018 ആദ്യം പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് തഴയപ്പെട്ടതും ഈ വര്‍ഷമാണ്. ഒരു പക്ഷേ മലയാള സിനിമ ചരിത്രത്തില്‍ ക്രൈസ്തവ മൂല്യങ്ങള്‍ തച്ചുടയ്ക്കപ്പെട്ടപ്പോള്‍ ഫെയ്‌സ് ഓഫ് ദി ഫെയ്‌സ് ലെസിലൂടെ ക്രൈസ്തവ മൂല്യം ലോകം അംഗീകരിക്കുകയായിരുന്നു.
അങ്ങനെ അപമാനവും അംഗീകാരവും എല്ലാം ഇടകലര്‍ന്ന് നിന്ന ഒരു വര്‍ഷം കൂടി കടന്ന് പോകുമ്പോള്‍ വരും വര്‍ഷമെങ്കിലും സമുദായത്തെയോ ഒരു പ്രത്യേക മതവിഭാഗത്തെയോ സമൂഹത്തിന്റെ മുന്നില്‍ ചോദ്യ ചിഹ്നമാക്കാതെയുള്ള കലാ സ്യഷ്ടികള്‍ ഇനിയും ഉണ്ടാകട്ടെയെന്നാണ് പറയുവാനുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.