സിഡ്‌നി: പുതുവര്‍ഷത്തില്‍ ഓസ്‌ട്രേലിയയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ വരാനിരിക്കുന്നത് ഏറെ പുതുമകള്‍. ഓസ്ട്രേലിയയില്‍ ആദ്യമായി ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഫോര്‍ഡും ഫോക്സ്വാഗനും അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകള്‍.
ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ഫോക്സ്വാഗന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് കോമ്പി മൈക്രോ ബസ്. 1950ലാണ് ഈ ബസ് വിപണിയിലെത്തിയത്. ഓസ്‌ട്രേലിയയില്‍ ഇതിന്റെ ഇലക്ട്രിക് പതിപ്പിനെ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഐഡി ബസ് എന്ന് പേരിട്ടിരിക്കുന്ന ഈ എംപിവി പൂര്‍ണമായും ഇലക്ട്രിക് വേര്‍ഷനിലാണ് ഓസ്‌ട്രേലിയന്‍ വാഹന വിപണിയില്‍ എത്തുന്നത്.
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് പുതുവര്‍ഷത്തില്‍ ഓസ്‌ട്രേലിയയില്‍ അവതരിപ്പിക്കുന്നത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മസ്താങ് മാക്-ഇ എന്ന ഇലക്ട്രിക് എസ്യുവിയാണ്.
ഫോര്‍ഡ് മസ്താങ് മാക്-ഇ
ലോകമെമ്പാടുമുള്ള നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ സാന്നിധ്യം വര്‍ധിച്ചുവരികയാണെങ്കിലും ഓസ്ട്രേലിയ ഇക്കാര്യത്തില്‍ ഇപ്പോഴും പിന്നിലാണ്. പുതിയ കാര്‍ വില്‍പ്പനയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ഇലക്ട്രിക് കാറുകളുടെ വില്‍പന. ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നയങ്ങളായിരുന്നു. ഇലക്ട്രിക് കാറുകളുടെ ഇറക്കുമതിക്ക് സര്‍ക്കാരിന്റെ നയങ്ങള്‍ ഒട്ടും അനുകൂലമല്ലെന്നായിരുന്നു വാഹനനിര്‍മാതാക്കള്‍ പരാതിപ്പെട്ടിരുന്നത്.
എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറി. പ്രകൃതിക്ക് ഭീഷണിയായ ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി വാഹനങ്ങളെല്ലാം ഇലക്ട്രിക്കാവുന്ന കാലഘട്ടത്തിലാണ് ലോക രാജ്യങ്ങള്‍. ഓസ്ട്രേലിയയിലും ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കാന്‍ നിയമങ്ങള്‍ മാറ്റിയെഴുതാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നു ഫെഡറല്‍ ഗവണ്‍മെന്റ് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ വാഹന നിര്‍മാതാക്കളും പ്രതീക്ഷയിലാണ്.
ഓസ്ട്രേലിയയില്‍ ആദ്യമായി ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന പ്രധാന വാഹന നിര്‍മ്മാതാക്കള്‍ ജീപ്പ്, ഫോര്‍ഡ്, ടൊയോട്ട, ഫോക്സ്വാഗണ്‍ എന്നിവയാണ്.
ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതല്‍ വ്യത്യസ്തതകള്‍ നല്‍കുന്നത് വില്‍പന വര്‍ധിക്കാന്‍ നിര്‍ണായകമാണെന്നും അടുത്ത 12 മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയയില്‍ വില്‍പ്പന കുതിച്ചുയരുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും ഇലക്ട്രിക് വെഹിക്കിള്‍ കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് ബെഹ്യാദ് ജാഫരി പറഞ്ഞു. അനുദിനം വര്‍ദ്ധിച്ചുവരുന്ന പെട്രോള്‍ വിലയെ നേരിടാന്‍ ഓസ്ട്രേലിയക്കാര്‍ ഇലക്ട്രിക് വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുമെന്നും ബെഹ്യാദ് ജാഫരി പറഞ്ഞു.
ഫെഡറല്‍ ചേംബര്‍ ഓഫ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് കണക്കുകള്‍ പ്രകാരം കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെ 80,000-ലധികം ഇലക്ട്രിക് കാറുകളാണ് വിറ്റഴിച്ചത്. ഇപ്പോഴും വിദേശത്ത് മാത്രം ലഭ്യമായ പ്രത്യേക വാഹനങ്ങള്‍ ഓസ്‌ട്രേലിയയില്‍ എത്തിയിട്ട് വാങ്ങാനിരിക്കുന്നവരും ഏറെയാണ്.
ഏഴു പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫോക്സ്വാഗണ്‍ ഐഡി ബസ് 2024 ഡിസംബറിലും പോള്‍സ്റ്റാര്‍ 4 എസ്യുവി ഓഗസ്റ്റിലും ഓസ്ട്രേലിയന്‍ ഷോറൂമുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബറില്‍ വിപണിയില്‍ എത്തിയ ഫോര്‍ഡ് മുസ്താങ് മാക്-ഇ ഇലക്ട്രിക് എസ്.യു.വി പുതുവര്‍ഷത്തില്‍ കൂടുതലായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബി.വൈ.ഡി സീല്‍, ജീപ് അവഞ്ചര്‍ എസ്.യു.വി, ടൊയോട്ടയുടെ ആദ്യത്തെ ഓള്‍-ഇലക്ട്രിക് എസ്യുവിയായ bZ4X, ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ മോട്ടോഴ്സിന്റെ ഇ.വി5 ഇലക്ട്രിക് എസ്യുവി, ടെസ്ലയുടെ മോഡല്‍ 3, എംജി മോട്ടോറിന്റെ ഇലക്ട്രിക് സ്പോര്‍ട്സ്‌കാറായ സൈബര്‍സ്റ്റര്‍, ഔഡി ക്യു4 ഇ ട്രോണ്‍ എന്നിവയാണ് ഓസ്‌ട്രേലിയന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്ന മോഡലുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.