സിഡ്നി: പുതുവര്‍ഷ രാവില്‍ ആകാശത്ത് അതിമനോഹരമായ വര്‍ണവിസ്മയം തീര്‍ത്ത് ഓസ്‌ട്രേലിയന്‍ നഗരങ്ങള്‍. മലയാളികള്‍ അടക്കം നിരവധി പേരാണ് ഓസ്‌ട്രേലിയയിലെ വിവിധയിടങ്ങളില്‍ നടന്ന പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുത്തത്.
ഇന്നലെ അര്‍ധരാത്രിയിലെ വെടിക്കെട്ട് പ്രകടനങ്ങള്‍ക്ക് മുമ്പായി ഞായറാഴ്ച അതിരാവിലെ മുതല്‍ രാജ്യത്തുടനീളം ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. ലോകമെമ്പാടു നിന്നും ആകംക്ഷയോടെ വീക്ഷിക്കുന്ന സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജില്‍ വെടിക്കെട്ടിന്റെയും ലൈറ്റ് ഷോയുടെയും അകമ്പടിയോടെയാണ് പുതിയ കൊല്ലത്തെ വരവേറ്റത്. നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായ ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഹാര്‍ബര്‍ വാട്ടര്‍ഫ്രണ്ടില്‍ ഒത്തുചേര്‍ന്നതിനാല്‍ സുരക്ഷ ഉറപ്പാക്കാന്‍ സിഡ്നിയിലുടനീളം കൂടുതല്‍ പോലീസിനെ അധികൃതര്‍ വിന്യസിച്ചിരുന്നു.
സിഡ്നി ഹാര്‍ബറിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന സിഡ്നി ഓപ്പറ ഹൗസിന്റെ പടികളിലും ജനക്കൂട്ടം തിങ്ങിനിറഞ്ഞു. അക്രമവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങളില്‍ 19 അറസ്റ്റുകളാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസ് പുതുവര്‍ഷ രാവില്‍ രേഖപ്പെടുത്തിയത്.
വലിയ ജനക്കൂട്ടത്തിനിടയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് മോശമായി പെരുമാറിയതെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ ആന്റണി കുക്ക് പറഞ്ഞു. 'എല്ലാ വര്‍ഷവും സിഡ്നി നഗരത്തിലുടനീളം വലിയ ആഘോഷത്തോടെ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നു. ഈ വര്‍ഷവും വ്യത്യസ്തമായിരുന്നില്ല' - അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനത്തുടനീളം പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു.
ഡെന്മാര്‍ക്ക്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ചൈന എന്നിവയുള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവര്‍ സിഡ്‌നിയില്‍ എത്തിയിരുന്നു. ടെന്റുകള്‍ സ്ഥാപിച്ച് അതില്‍ താമസിച്ചാണ് പലരും വെടിക്കെട്ട് കണ്ടത്.
അഡ്ലെയ്ഡില്‍ നടന്ന പുതുവത്സരാഘോഷം
മെല്‍ബണ്‍ നഗരത്തിന്റെ മുഖ്യ ജലസ്രോതസായ യാറ നദിയുടെ തീരത്തായിരുന്നു പുതുവത്സരാഘോഷം സംഘടിപ്പിച്ചത്. ഇന്നലെ രാത്രി 9.30 ന് ആദ്യത്തെ കരിമരുന്ന് പ്രയോഗം നടക്കുമ്പോള്‍തന്നെ ആയിരക്കണക്കിന് ആളുകള്‍ നദിക്കരയില്‍ തിങ്ങിനിറഞ്ഞിരുന്നു. അര്‍ദ്ധരാത്രിയിലെ പ്രധാന കരിമരുന്ന് പ്രയോഗം മെല്‍ബണിലെ സിബിഡിയിലും നഗരത്തിലുടനീളമുള്ള മറ്റ് പ്രധാന പോയിന്റുകളിലും നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ വീക്ഷിച്ചു. അറസ്റ്റുകളുണ്ടായെങ്കിലും അത് ആഘോഷത്തിന്റെ മാറ്റുകുറച്ചില്ല.
പുതുവര്‍ഷത്തില്‍ ആയിരക്കണക്കിന് ആളുകളാണ് കാന്‍ബറയിലെ ബര്‍ലി ഗ്രിഫിന്‍ തടാകത്തിന് ചുറ്റും ഒത്തുകൂടിയത്. അര്‍ദ്ധരാത്രിയിലെ പരമ്പരാഗതമായ കരിമരുന്ന് പ്രയോഗം ഓസ്‌ട്രേലിയന്‍ ക്യാപ്പിറ്റല്‍ ടെറിട്ടറി സര്‍ക്കാര്‍ വിലക്കിയതിനെ തുടര്‍ന്ന് രാത്രി 9 മണിക്ക് ഒരു കരിമരുന്ന് പ്രയോഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബര്‍ലി ഗ്രിഫിന്‍ തടാകത്തിന്റെയും കോമണ്‍വെല്‍ത്ത് അവന്യൂ ബ്രിഡ്ജിന്റെയും സെന്‍ട്രല്‍ ബേസിനില്‍ നിന്നാണ് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള കരിമരുന്ന് പ്രദര്‍ശനം നടത്തിയത്.
ഹോബാര്‍ട്ടില്‍, ആയിരക്കണക്കിന് ആളുകള്‍ കടല്‍ത്തീരത്താണ് പുതുവര്‍ത്തെ വരവേറ്റത്. ഡെര്‍വെന്റ് നദിക്കരയില്‍ പ്രാദേശിക ഭക്ഷണവും വീഞ്ഞും സംഗീതവും ഒരുക്കി ഡസന്‍ കണക്കിന് ഭക്ഷണശാലകള്‍ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.
പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ പതിനായിരക്കണക്കിന് ആളുകള്‍ അഡ്ലെയ്ഡിലെ സിബിഡിക്ക് സമീപമുള്ള എല്‍ഡര്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തി. ഇവിടെ അര്‍ധരാത്രിയിലെ കരിമരുന്ന് പ്രദര്‍ശനവും തത്സമയ സംഗീത വിരുന്നും ആസ്വദിക്കാന്‍ 80,000-ത്തിലധികം പേരെത്തി. പുതുവത്സര ദിനത്തില്‍ രാവിലെ 6 മണി വരെ അഡ്ലെയ്ഡിലുടനീളം പൊതുഗതാഗതം സൗജന്യമായിരുന്നു.
പെര്‍ത്തിലെ എലിസബത്ത് ക്വേയില്‍ നടന്ന പുതുവത്സരാഘോഷം
ക്വീന്‍സ്ലന്‍ഡ് സംസ്ഥാനത്തുടനീളം രാത്രി മുഴുവനും 105-ലധികം കരിമരുന്ന് പ്രദര്‍ശനങ്ങള്‍ നടന്നു. വടക്കന്‍ കെയിന്‍സ് മുതല്‍ ഗോള്‍ഡ് കോസ്റ്റ് വരെ ആകാശത്ത് വര്‍ണവിസ്മയം തീര്‍ത്തപ്പോള്‍ അതില്‍ ഏറ്റവും ശ്രദ്ധേയം ബ്രിസ്ബനിലായിരുന്നു. നദീതീരത്ത് 85,000-ത്തിലധികം ആളുകള്‍ കരിമരുന്ന് പ്രദര്‍ശനം കാണാന്‍ തിങ്ങിക്കൂടി. നഗരത്തിലുടനീളം നൂറുകണക്കിന് ആഘോഷ പരിപാടികളും ഉണ്ടായിരുന്നു.
പെര്‍ത്ത് നഗരത്തിലും ബീച്ചുകളിലും പുതുവര്‍ഷം ആഘോഷിക്കാന്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഇന്നലെ രാത്രി എട്ടു മണി മുതല്‍ കരിമരുന്ന് പ്രയോഗങ്ങള്‍ ആരംഭിച്ചു. അതേസമയം, പെര്‍ത്ത് സ്റ്റേഡിയം പരിസരത്ത് രണ്ട് കുട്ടികള്‍ നദിയില്‍ മുങ്ങിമരിച്ചതിനെത്തുടര്‍ന്ന് വൈകുന്നേരത്തെ ആഘോഷങ്ങള്‍ ദുഖത്തിലേക്കു വഴിമാറി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26