കേവലമായ സംതൃപ്തിക്കപ്പുറം, ദൈവവിശ്വാസം ജീവിതത്തെ പുത്തനനുഭവമാക്കി മാറ്റുന്നു: വര്‍ഷാവസാന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ

കേവലമായ സംതൃപ്തിക്കപ്പുറം, ദൈവവിശ്വാസം ജീവിതത്തെ പുത്തനനുഭവമാക്കി മാറ്റുന്നു: വര്‍ഷാവസാന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ഈശോമിശിഹായിലുള്ള വിശ്വാസം ദൈവത്തോട് നന്ദിയുള്ളവരായിരിക്കാനും ഭാവിയെക്കുറിച്ച് പ്രത്യാശയുള്ളവരായിരിക്കാനും നമ്മെ സഹായിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ തലേന്ന്, സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ സായാഹ്ന പ്രാര്‍ത്ഥനക്കും വര്‍ഷാവസാന കൃതജ്ഞതാപ്രകാശന തിരുകര്‍മ്മങ്ങള്‍ക്കും നേതൃത്വം നല്‍കി സന്ദേശം നല്‍കുകയായിരുന്നു പാപ്പ.

ഡിസംബര്‍ 31ന് വൈകുന്നേരം നടന്ന ആഘോഷങ്ങളില്‍ 6500-ല്‍ പരം ആളുകള്‍ ബസിലിക്കയില്‍ സന്നിഹിതരായിരുന്നു. ഇതുകൂടാതെ, നിരവധിയാളുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒരുക്കിയിരിക്കുന്ന തിരുപ്പിറവിയുടെ ദൃശ്യങ്ങളാല്‍ അലംകൃതമായ പുല്‍ക്കൂട്ടിലേക്ക് മാര്‍പാപ്പ പരമ്പരാഗതമായി നടത്താറുള്ള സന്ദര്‍ശനവും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വത്തിക്കാനിലെ കൂറ്റന്‍ ക്രിസ്മസ് ട്രീയും ഇതിനു സമീപം തന്നെയാണ്.

ലോകത്തിന്റെ ചിന്താഗതികളില്‍ നിന്ന് വ്യത്യസ്തമായി, കൃതജ്ഞതയും പ്രത്യാശയും നിറഞ്ഞ ഒരു ജീവിതം നയിക്കാന്‍ നമ്മുടെ വിശ്വാസം നമ്മെ പ്രാപ്തരാക്കുന്നു എന്ന് പരിശുദ്ധ പിതാവ് പറഞ്ഞു. കാരണം, കന്യകാമറിയത്തില്‍നിന്നു പിറന്നവനും മനുഷ്യാവതാരം ചെയ്തവനുമായ ദൈവപുത്രനിലുള്ള വിശ്വാസം, നമുക്കു ലഭിച്ചിരിക്കുന്ന സമയത്തെയും ജീവിതത്തെയും ഒരു പുത്തനനുഭവമാക്കി മാറ്റുന്നു. കേവലമായ സംതൃപ്തിക്കും ശുഭാപ്തിവിശ്വാസത്തിനും അപ്പുറമുള്ള ഒരനുഭവമാണിത് - പാപ്പ പറഞ്ഞു.

ദൈവത്തിനു നന്ദി!

വര്‍ഷാവസാന രാത്രിയോടനുബന്ധിച്ച് പലരും നന്ദി പ്രകാശിപ്പിക്കാറുണ്ടെങ്കിലും, ചിലപ്പോള്‍ അത് അത്ര ആഴമില്ലാത്തതായി പരിണമിക്കാറുണ്ട്. കാരണം, ദൈവവുമായും മനുഷ്യരുമായുമുള്ള നമ്മുടെ ബന്ധത്തെ അത് പലപ്പോഴും സ്പര്‍ശിക്കാറില്ല. 'ദൈവമേ, ഞങ്ങള്‍ അങ്ങെ വാഴ്ത്തുന്നു' എന്ന ഗീതത്തോടെ പര്യവസാനിക്കുന്ന ആരാധനക്രമ സായാഹ്ന ശുശ്രൂഷയില്‍, നാം അവിടുത്തേക്ക് സ്തുതിയും ബഹുമാനവും കൃതജ്ഞതയും അര്‍പ്പിച്ചുകൊണ്ട് നമ്മുടെ വിശ്വാസത്തെ ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കര്‍ത്താവിന്റെ ജനനത്തെ അനുസ്മരിച്ചുകൊണ്ടും പരിശുദ്ധ കന്യകാമാതാവില്‍ നിന്ന് പഠിച്ചുകൊണ്ടുമാണ് നാം ഇപ്രകാരം ചെയ്യുന്നത്.

കൃതജ്ഞതാഭരിതമായ ഹൃദയം

പരിശുദ്ധ മറിയത്തില്‍ വിളങ്ങിയിരുന്ന കൃതജ്ഞതയുടെ അഗാധമായ ആഴങ്ങളെക്കുറിച്ച് ധ്യാനിക്കാനും അത് അനുഭവിച്ചറിയാനും മാര്‍പാപ്പ എല്ലാവരെയും ഉദ്‌ബോധിപ്പിച്ചു. ഉണ്ണിയായി പിറന്ന ഈശോ എവിടെനിന്നാണ് വന്നതെന്ന് അവള്‍ക്കും വിശുദ്ധ യൗസേപ്പിനും മാത്രമാണ് അറിവുണ്ടായിരുന്നത്. ദിവ്യ ശിശുവിന്റെ ആദ്യ ശ്വാസോച്ഛ്വാസം മുതല്‍ കരച്ചില്‍, വിശപ്പ്, തണുപ്പില്‍ നിന്നുള്ള സംരക്ഷണം എന്നീ ആവശ്യങ്ങളിലെല്ലാം അവര്‍ അതീവ ശ്രദ്ധയോടെയാണ് പരിചരണം നല്‍കിയത്.

പ്രത്യാശയുള്ള തീര്‍ത്ഥാടകര്‍

കൃതജ്ഞതാ മനോഭാവത്തെകുറിച്ച് മാത്രമല്ല, മറിയത്തില്‍ നിറഞ്ഞുനിന്ന പ്രത്യാശയെക്കുറിച്ചും സഭ അവളില്‍നിന്ന് പഠിക്കുന്നു. കൃപ നിറഞ്ഞവളായിരുന്നതിനാല്‍ ശരണവും പ്രത്യാശയും അവളില്‍നിന്ന് കവിഞ്ഞൊഴുകിയിരുന്നു. അത് കേവലം ശുഭാപ്തിവിശ്വാസമായിരുന്നില്ല. പിന്നെയോ, വിശ്വസ്തനായ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസത്തില്‍നിന്നുളവാകുന്ന ഉറച്ച പ്രത്യാശയായിരുന്നു. മറിയത്തെപ്പോലെ ഓരോ ക്രിസ്ത്യാനിയും പ്രത്യാശയുള്ള തീര്‍ത്ഥാടകരാകണം - പാപ്പാ എടുത്തുപറഞ്ഞു.

2025-ലെ ജൂബിലി

സഭ 2025-ല്‍ ആഘോഷിക്കാനിരിക്കുന്ന ജൂബിലിയുടെ പ്രമേയം 'പ്രത്യാശയുള്ള തീര്‍ത്ഥാടകര്‍' എന്നാണെന്ന് ഫ്രാന്‍സിസ് പാപ്പാ അനുസ്മരിച്ചു. സഭയും സമൂഹവും ഇതിനായി ഒത്തൊരുമയോടെ പ്രവര്‍ത്തിച്ച് റോമാനഗരത്തെ 'പ്രത്യാശയുടെ നഗരമാക്കി' മാറ്റണം എന്നതാണ് തന്റെ ആഗ്രഹമെന്ന് പാപ്പ പറഞ്ഞു. ചടങ്ങുകളെക്കാളുപരി, ധാര്‍മ്മികവും ആധ്യാത്മികവുമായ സഹവാസത്തിന്റെ ഉത്തമ സാക്ഷ്യമാകാന്‍ ജൂബിലിയാഘോഷങ്ങള്‍ കാരണമാകുമെന്ന് പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാര്‍ഥിച്ചൊരുങ്ങണം

ജൂബിലി പോലെ അതുല്യമായ ഒരു തീര്‍ത്ഥാടനത്തിന് മുമ്പായി ഉചിതമായ തയ്യാറെടുപ്പുകള്‍ നടത്തേണ്ടതുണ്ട്. അതിനാലാണ് 2024 പ്രാര്‍ത്ഥനയ്ക്കുള്ള വര്‍ഷമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നത്. ഓരോ ദിവസവും, ഓരോ നിമിഷവും നമ്മുടെ ആന്തരിക നേത്രങ്ങളെ ഈശോയിലേക്ക് തിരിച്ചുകൊണ്ട് നമുക്ക് ജൂബിലിക്കായി ഒരുങ്ങാം. സന്തോഷത്തിലും സന്താപത്തിലും, നേട്ടങ്ങളിലും വെല്ലുവിളികളിലും അവിടുത്തെ കൃപയില്‍ ആശ്രയിച്ചുകൊണ്ട്, നന്ദി നിറഞ്ഞ ഹൃദയത്തോടെ നമുക്ക് പ്രത്യാശയില്‍ വ്യാപരിക്കാം. അനുഗ്രഹീതയായ ദൈവമാതാവ് നാം ഏവരെയും ജൂബിലിക്കായി ഒരുക്കട്ടെ എന്നാശംസിച്ചുകൊണ്ട് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.