അഡലെയ്ഡ്: ഭാര്യ കാറിടിച്ച് മരിച്ച സംഭവത്തില്‍ ലോക ചാമ്പ്യനായ ഓസ്ട്രേലിയന്‍ പ്രൊഫഷണല്‍ സൈക്ലിസ്റ്റ് രോഹന്‍ ഡെന്നിസ് അറസ്റ്റില്‍. സൈക്ലിസ്റ്റ് ആയിരുന്ന മെലിസ ഹോസ്‌കിന്‍സാണ് ദാരുണമായി കൊല്ലപ്പെട്ടത്. രണ്ട് തവണ ലോക ചാമ്പ്യനായ രോഹന്‍ ഡെന്നിസ് (33) ഈ വര്‍ഷമാദ്യമായിരുന്നു വിരമിച്ചത്. ഒളിമ്പ്യന്‍ കൂടിയായ ഭാര്യ മെലീസയും (32) നേരത്തെ വിരമിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അഡലെയ്ഡ് നഗരത്തിലെ അവെനല്‍ ഗാര്‍ഡന്‍സ് റോഡില്‍ ഒരു സ്ത്രീയെ കാര്‍ ഇടിച്ചതായി പൊലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഡെന്നിസിനെ അഡ്ലെയ്ഡില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഡെന്നിസ് ഓടിച്ചിരുന്ന കാര്‍ ഇടിച്ചാണ് ഹോസ്‌കിന്‍സ് മരിച്ചതെന്ന് സൗത്ത് ഓസ്ട്രേലിയന്‍ പൊലീസ് പറഞ്ഞു.
അപകടകരമായ രീതിയില്‍ വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയതിനാണ് ഡെന്നിസിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, മുന്‍ സൈക്ലിസ്റ്റിന് നിലവില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. മാര്‍ച്ച് 13ന് അഡ്ലെയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ മെലിസ ഹോസ്‌കിന്‍സിനെ ഉടന്‍ തന്നെ റോയല്‍ അഡലെയ്ഡ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആശുപത്രിയില്‍ വെച്ച് പിന്നീട് അവര്‍ മരിച്ചതായി സൗത്ത് ഓസ്ട്രേലിയന്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു.
ലണ്ടന്‍, റിയോ ഡി ജനീറോ ഒളിമ്പിക്സുകളാണ് ഓസ്ട്രേലിയയ്ക്കായി ഹോസ്‌കിന്‍സ് മത്സരിച്ചത്. 2015ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോക കിരീടം നേടിയ ടീമിലുള്‍പ്പെടുകയും ചെയ്തു.
ഹോസ്‌കിന്‍സിന്റെ മരണവാര്‍ത്ത തങ്ങളെ ഞെട്ടിച്ചതായി വനിതാ സൈക്ലിസ്റ്റുകളുടെ അന്താരാഷ്ട്ര അസോസിയേഷന്‍ പറഞ്ഞു.
33 കാരനായ രോഹന്‍ ഡെന്നിസ് രണ്ട് ലോക കിരീടങ്ങളും ലണ്ടന്‍ ഒളിമ്പിക്സില്‍ വെള്ളിയും ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കലവും നേടിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.