ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിനൊപ്പം പോരാടിയ ഓസ്ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു; മരണം രണ്ടാമത്തെ കുഞ്ഞിനെ അടുത്തയാഴ്ച്ച വരവേല്‍ക്കാനിരിക്കെ

ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിനൊപ്പം പോരാടിയ ഓസ്ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു; മരണം രണ്ടാമത്തെ കുഞ്ഞിനെ അടുത്തയാഴ്ച്ച വരവേല്‍ക്കാനിരിക്കെ

മെല്‍ബണ്‍: ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിനു വേണ്ടി പോരാടുന്നതിനിടെ ഓസ്ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടു. ടാങ്ക് കമാന്‍ഡറായി സേവനമനുഷ്ഠിക്കുന്ന 32 കാരനായ ക്യാപ്റ്റന്‍ ലിയോര്‍ സിവാന്‍ ആണ് മരിച്ചത്. ഗാസയില്‍ ഹമാസിനെതിരെ ഇസ്രായേലിന് വേണ്ടി പോരാടുന്നതിനിടെ കൊല്ലപ്പെടുന്ന ആദ്യ ഓസ്ട്രേലിയക്കാരനാണ് ക്യാപ്റ്റന്‍ ലിയോര്‍. ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിലാണ് ലിയോര്‍ കൊല്ലപ്പെട്ടത്.

ലിയോര്‍ ജനിച്ചത് മെല്‍ബണിലാണെങ്കിലും ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ഇസ്രയേലിലേക്കു താമസം മാറ്റിയിരുന്നതായി ഓസ്ട്രേലിയയിലെ ജൂത സമൂഹാംഗങ്ങള്‍ അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രയേലില്‍ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തെതുടര്‍ന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന യുദ്ധഭൂമിയില്‍ പോരാടുന്നതിനായി മെക്കാനിക്കല്‍ എന്‍ജിനീയറായ ലിയോറിനെ വിളിച്ചത്. അതിനുശേഷം ഗാസ മുനമ്പില്‍ തന്നെയായിരുന്നു അദ്ദേഹം.

പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയ്ക്കും രണ്ട് വയസുള്ള മകനുമൊപ്പം ജെറുസലേമിനടുത്തുള്ള ബെയ്റ്റ് ഷെമേഷിലാണ് ലിയോര്‍ താമസിച്ചിരുന്നത്. അടുത്തയാഴ്ചയാണ് ഭാര്യ ലിയയുടെ പ്രസവത്തീയതി. കുഞ്ഞിനെ വരവേല്‍ക്കാനുള്ള സന്തോഷത്തിനിടെയാണ് കുടുംബത്തെ തേടി മരണ വാര്‍ത്തയെത്തുന്നത്.



ഗാസയില്‍ ഓസ്ട്രേലിയന്‍ പൗരന്‍ കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ അറിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ സ്ഥിരീകരണം അടിയന്തരമായി തേടുകയാണെന്ന് ഓസ്‌ട്രേലിയന്‍ ഫോറിന്‍ അഫയേഴ്സ് ആന്‍ഡ് ട്രേഡ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. 'ഈ സങ്കടകരമായ സാഹചര്യത്തില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനെ അനുശോചനം അറിയിക്കുകയും കോണ്‍സുലാര്‍ സഹായം നല്‍കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി വക്താവ് പറഞ്ഞു.

തന്റെ മകന്‍ യുദ്ധം ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഇസ്രയേലിനെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ലിയോറിന്റെ പിതാവ് ഡാന്‍ സിവാന്‍ പറഞ്ഞു. ഒരു കെട്ടിടത്തിന് പിന്നില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളിയുടെ ആക്രമണത്തിലാണ് മകന്‍ കൊല്ലപ്പെട്ടതെന്നും മറ്റു നാലു സൈനികരെ രക്ഷിച്ചശേഷമാണ് അവന്‍ മരണത്തിനു കീഴടങ്ങിയതെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലിയോറിന്റെ മരണത്തില്‍ ഫെഡറല്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഓസ്ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവാന്‍ അറാഫ് പറഞ്ഞു.

ഇസ്രയേല്‍ സൈന്യത്തില്‍ സേവനമനുഷ്ഠിക്കുന്ന ഓസ്ട്രേലിയന്‍ പൗരന്മാര്‍ നേരിടുന്ന ക്രിമിനല്‍ നടപടികളെക്കുറിച്ച് ഫെഡറല്‍ ഗവണ്‍മെന്റ് മതിയായ മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നത് വളരെ നിരുത്തരവാദപരമാണെന്ന് ഓസ്ട്രേലിയന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവാന്‍ അറാഫ് പറഞ്ഞു.

'ഇസ്രയേല്‍ പ്രതിരോധ സേനയില്‍ ഉള്‍പ്പെട്ടേക്കാവുന്ന ഏതൊരു ഓസ്‌ട്രേലിയന്‍ പൗരനെക്കുറിച്ചും അന്വേഷിക്കാന്‍ സര്‍ക്കാരും ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസും പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഹമാസിനെതിരായ ഇസ്രയേല്‍ കരസേനയുടെ ആക്രമണത്തിനിടെ ഗാസ മുനമ്പില്‍ ഏകദേശം 170 ഇസ്രയേലി സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്.

ലിയോര്‍ താമസിച്ചിരുന്ന മധ്യ ഇസ്രയേലി പട്ടണമായ ബെയ്റ്റ് ഷെമേഷിലെ സെമിത്തേരിയിലെ സൈനിക വിഭാഗത്തിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.