കലയുടെ കേളികൊട്ടിന് കാതോര്‍ത്ത് കൊല്ലം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

കലയുടെ കേളികൊട്ടിന് കാതോര്‍ത്ത് കൊല്ലം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കം

കൊല്ലം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം ഒരുങ്ങി. കോഴിക്കോട് നിന്നും ഘോഷയാത്രയായി തിരിച്ച സ്വര്‍ണക്കപ്പിന് ഇന്ന് ആശ്രാമത്ത് സ്വീകരണം നല്‍കും. നാളെ മുതല്‍ നാല് ദിവസം കലാ മാമാങ്കത്തിന്റെ കളര്‍ ദിനങ്ങളാണ്.

24 വേദികളിലായാണ് ഇക്കുറി സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുന്നത്. നാളെ രാവിലെ ഒമ്പതിന് കൊല്ലം ആശ്രാമം മൈതാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പതാക ഉയര്‍ത്തും.

ഭിന്നശേഷിക്കുട്ടികളുടെ ചെണ്ടമേളം, മയിലാട്ടം, ശിങ്കാരി മേളം എന്നിവ അരങ്ങേറും. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരവുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടി ആശാശരത്ത് ചുവട്വയ്ക്കും. 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും.

പ്രധാന വേദിയില്‍ ഹൈസ്‌കൂള്‍വിഭാഗം വിദ്യാര്‍ഥികളുടെ മോഹിനിയാട്ട മത്സരമാണ് ആദ്യം തുടങ്ങുന്നത്. ആദ്യ ദിവസം 23 വേദികളില്‍ മത്സരമുണ്ട്. എട്ടിന് വൈകുന്നേരം അഞ്ചിന് സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആര്‍ അനില്‍ സുവനീര്‍ പ്രകാശനം ചെയ്യും. നടന്‍ മമ്മൂട്ടി ജേതാക്കള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിക്കും.

റെയില്‍വേ സ്റ്റേഷനിലും കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും മത്സരാര്‍ത്ഥികളെ സ്വീകരിക്കാന്‍ സംവിധാനമുണ്ട്. റെയില്‍വേ ഇന്ന് മുതല്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കും. ഇന്ന് രാവിലെ 10.30ന് കൊല്ലം ടൗണ്‍ എല്‍.പി സ്‌കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. മത്സരാര്‍ത്ഥികള്‍ക്കുള്ള താമസ സൗകര്യം 31 സ്‌കൂളുകളിലായാണ് ഒരുക്കിയിട്ടുള്ളത്.

നാലാം തവണയാണ് കൊല്ലം നഗരം സംസ്ഥാവ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുന്നത്. 239 ഇനങ്ങളിലായി പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുക.

വിവാദങ്ങള്‍ക്കൊടുവില്‍ ഇക്കുറിയും പഴയിടം മോഹനന്‍ സമ്പൂതിരിയാണ് കലോത്സവത്തിന് ഭക്ഷണമൊരുക്കുക. ഒരേസമയം 2000 പേര്‍ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയുന്ന രീതിയില്‍ കൊല്ലം ക്രേവന്‍ ഹൈസ്‌കൂളിലാണ് ഊട്ടുപുര സജ്ജീകരിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.