ഏഴാമതും നോട്ടീസ് അയച്ച് ഇഡി: അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ഭാര്യയ്ക്ക് പദവി നല്‍കാന്‍ ഹേമന്ത് സോറന്‍; എംഎല്‍എമാരുടെ നിര്‍ണായക യോഗം

ഏഴാമതും നോട്ടീസ് അയച്ച് ഇഡി:  അറസ്റ്റ് സാധ്യത മുന്നില്‍ കണ്ട് ഭാര്യയ്ക്ക് പദവി നല്‍കാന്‍ ഹേമന്ത് സോറന്‍; എംഎല്‍എമാരുടെ നിര്‍ണായക യോഗം

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജി വച്ചേക്കുമെന്ന അഭ്യൂഹത്തിനിടെ മുഖ്യമന്ത്രിയുടെ വസതിയില്‍ എംഎല്‍എമാരുടെ നിര്‍ണായക യോഗം.

ഭൂമി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ അടിയന്തര യോഗം വിളിച്ചത്.

ഹേമന്ത് സോറന് സമന്‍സ് ലഭിച്ചതിനു പിന്നാലെ ഗാണ്ടേയ് മണ്ഡലത്തിലെ ജെഎംഎം എംഎല്‍എ സര്‍ഫരാസ് അഹമ്മദ് രാജിവച്ചിരുന്നു. മുഖ്യമന്ത്രിയുടെ അറസ്റ്റുണ്ടായാല്‍ ഹേമന്തിന്റെ ഭാര്യ കല്‍പ്പനയെ മുഖ്യമന്ത്രിയാക്കുന്നതിനാണ് എംഎല്‍എയെ രാജിവെപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.

ജാര്‍ഖണ്ഡില്‍ ഭൂമി ഉടമസ്ഥതയില്‍ നിയമ വിരുദ്ധമായി മാറ്റം വരുത്തുന്ന മാഫിയയുമായി ബന്ധപ്പെട്ട കേസിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ (പിഎംഎല്‍എ) നിയമ പ്രകാരം ഹേമന്ത് സോറന് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തേ ആറ് പ്രാവശ്യം നോട്ടീസ് അയച്ചെങ്കിലും മുഖ്യമന്ത്രി ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സോറന്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളിയ സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് അയച്ചത്.

ഇതോടെ ഇഡി അറസ്റ്റ് നടപടികളിലേക്ക് കടക്കാന്‍ സാധ്യതയേറി. അറസ്റ്റുണ്ടായാല്‍ മുഖ്യമന്ത്രിക്ക് രാജിവയ്‌ക്കേണ്ടതായി വരും. ആ സാഹചര്യത്തില്‍ ഭാര്യ കല്‍പ്പന മുഖ്യമന്ത്രിയായാല്‍ ആറ് മാസത്തിനകം എംഎല്‍എയായി നിയമസഭയില്‍ എത്തണം. ഇതിനായാണ് എംഎല്‍എയെ നേരത്തെ തന്നെ രാജിവെപ്പിച്ചിരിക്കുന്നാണ് അറിയുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.