അറൂരി വധവും ഇറാനിലെ ഇരട്ട സ്‌ഫോടനവും: പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതം; യുദ്ധം ഗാസയ്ക്ക് പുറത്തേക്കെന്ന് ആശങ്ക

അറൂരി വധവും ഇറാനിലെ ഇരട്ട സ്‌ഫോടനവും: പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷ ഭരിതം; യുദ്ധം ഗാസയ്ക്ക് പുറത്തേക്കെന്ന് ആശങ്ക

ടെല്‍ അവീവ്: ഹമാസ് ഉപമേധാവി സാലിഹ് അല്‍ അറൂരിയുടെ വധവും പിന്നാലെ ഇന്നലെ ഇറാനിലുണ്ടായ ഇരട്ട സ്‌ഫോടനവും പശ്ചിമേഷ്യയെ കൂടുതല്‍ സംഘര്‍ഷ ഭരിതമാക്കി. നൂറിലധികം പേര്‍ കൊല്ലപ്പെട്ട ഇറാന്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

അതിനിടെ അറൂരിയുടെ ചോരയ്ക്ക് ഇസ്രയേലിനോട് പകരം ചോദിക്കുമെന്ന മുന്നറിയിപ്പുമായി ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്‌റുള്ള രംഗത്തെത്തി. ഹിസ്ബുള്ള ആക്രമണം കടുപ്പിച്ചാല്‍ ലെബനനെ ഗാസയാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിരിച്ചടിച്ചു. ഇതോടെ യുദ്ധം ഗാസയ്ക്ക് പുറത്തേക്ക് വ്യാപിക്കുമെന്ന ആശങ്ക ശക്തമായി.

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ചൊവ്വാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമക്രമണത്തില്‍ സാലിഹ് അല്‍ അറൂരി കൊല്ലപ്പെട്ട സാഹചര്യം മുന്‍നിര്‍ത്തി ലബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേനാ വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അതിര്‍ത്തി മേഖല സന്ദര്‍ശിച്ച പ്രതിരോധ മന്ത്രി യോവ് ഗ്യാലന്റ് ഏതു സാഹചര്യവും നേരിടാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി.

അതേസമയം ലെബനനുമായുള്ള യുദ്ധത്തില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ അമേരിക്ക ആരംഭിച്ചു. പ്രത്യേക ദൂതന്‍ അടുത്ത ദിവസം ടെല്‍ അവീവിലെത്തും. എന്നാല്‍ എത്ര യുദ്ധമുഖം തുറക്കാനും സേന സജ്ജമാണെന്ന നിലപാടിലാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗ്യാലന്റ്.

അതിനിടെ ചെങ്കടലില്‍ ആക്രമണം തുടര്‍ന്നാല്‍ ഹൂതികളെ അമര്‍ച്ച ചെയ്യുമെന്ന് അമേരിക്കയും ബ്രിട്ടനും താക്കീത് ചെയ്തു. സമുദ്ര സഞ്ചാരവും ചരക്കുകടത്തും തടഞ്ഞ് ലോകസമ്പദ് ഘടനയെ വെല്ലുവിളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് അമേരിക്കയുടെ നേതൃത്വത്തില്‍ 12 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇന്നലെ രാത്രി ചേര്‍ന്ന യു.എന്‍ രക്ഷാ സമിതി യോഗവും ചെങ്കടലിലെ പ്രക്ഷുബ്ധ സാഹചര്യം വിലയിരുത്തി. ഇറാന്‍ നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ കപ്പലുകള്‍ അക്രമിക്കുന്നതെന്ന് അമേരിക്കന്‍ സംഘം രക്ഷാ സമിതി യോഗത്തില്‍ ആരോപിച്ചു.

ഗാസയിലേക്ക് കൂടുതല്‍ സഹായം അനുവദിക്കാന്‍ ഇസ്രയേല്‍ തയാറാകണമെന്ന് അമേരിക്കയും ബ്രിട്ടനും നിര്‍ദേശിച്ചു. ബന്ദി മോചന ചര്‍ച്ച ഗൗരവപൂര്‍ണമായി തുടരുന്നതായി യു.എസ് സ്‌റ്റേറ്റ് വകുപ്പ് വക്താവ് ജോണ്‍ കെര്‍ബി പറഞ്ഞു.

പശ്ചിമേഷ്യ ആപല്‍ക്കരമായ സാഹചര്യത്തിലേക്ക് പോകാതിരിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് യൂറോപ്യന്‍ നയകാര്യ മേധാവി ജോസഫ് ബോറല്‍ പറഞ്ഞു. ഇസ്രായേലും ഹമാസും ഉറച്ചുനില്‍ക്കെ പരിഹാരം പുറത്തു നിന്ന് വേണമെന്നും ബോറല്‍ നിര്‍ദേശിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.