ബീജിങ്: കടുത്ത മതനിയന്ത്രണങ്ങൾ നിലനിൽക്കുന്ന ചൈനയിൽ പുതുവർഷവും കടന്നുപോകുന്നത് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കു നടുവിലൂടെ. കിഴക്കൻ പ്രവിശ്യയായ വെൻഷൗവിലെ 61കാരനായ ബിഷപ്പ് പീറ്റർ ഷാവോ ഷുമിനെ അറസ്റ്റു ചെയ്തുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് ഭരണകൂടം 2024ലും കത്തോലികർക്കുനേരെ അടിച്ചമർത്തലുകൾ ആരംഭിച്ചിരിക്കുന്നത്.
ഇന്നലെയാണ് ബിഷപ്പ് പീറ്റർ ഷാവോ ഷുമിനെ ചൈനീസ് സുരക്ഷാസേന അറസ്റ്റ് ചെയ്തത്. വസന്തം, വേനൽ, ശരത്കാലം, ശീതകാലം എന്നിവയിലേക്കുള്ള വസ്ത്രങ്ങളെടുക്കാൻ പൊലീസ് അദേഹത്തോട് ആജ്ഞാപിച്ചു. ഇത് ദീർഘകാലത്തേക്ക് അദേഹം തടവിലാക്കപ്പെടുമെന്നുള്ള സൂചനയാണ് നൽകുന്നത്. കസ്റ്റഡിയിലെടുത്ത അദേഹത്തെ എവിടേക്കാണ് കൊണ്ടുപോയതെന്ന് പോലും വിശ്വാസികൾക്ക് അറിയില്ല. അതിനാൽ അവർ വലിയ ആശങ്കയിലാണ്.
ബിഷപ്പ് ഷാവോയെ ചൈനീസ് സർക്കാർ അംഗീകരിക്കുന്നില്ല. അതിനാൽ പ്രാദേശിക കത്തോലിക്കാ സമൂഹത്തെ സേവിക്കുന്ന തന്റെ ശുശ്രൂഷയിൽ നിന്ന് തടയാൻ പ്രാദേശിക അധികാരികൾ പതിവായി അദേഹത്തെ ജയിലിലടയ്ക്കുകയായിരുന്നു.
ബിഷപ്പ് ഷാവോ 2011-ൽ മാർപാപ്പയുടെ നിയമനത്തോടെ കോഡ്ജൂറ്റർ ബിഷപ്പായി നിയമിതനായി. 2016 സെപ്റ്റംബറിൽ ബിഷപ്പ് വിൻസെന്റ് ഷു വെയ് - ഫാങ്ങ് അന്തരിച്ചപ്പോൾ അദേഹത്തിന്റെ പിൻഗാമിയായി ചുമതലയേറ്റു. പാട്രിയോട്ടിക് അസ്സോസിയേഷനിൽ ചേരാൻ വിസമ്മതിച്ചതിനെതുടർന്ന് ചൈനീസ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായി ബിഷപ്പ് പീറ്റർ ഷാവോ മാറിയിരുന്നു
വെന്‍ഷൗവിലെ ജനസംഖ്യയുടെ ഗണ്യമായ വിഭാഗം ക്രിസ്ത്യാനികളാണ്. 2018 ലെ കണക്കനുസരിച്ച്, നഗരത്തില്‍ ഏകദേശം 150,000 കത്തോലിക്കര്‍ താമസിക്കുന്നു. അതേ സമയം സര്‍ക്കാര്‍ ക്രൈസ്തവ സമൂഹത്തിന് നിയന്ത്രണങ്ങളുടെ ഒരു പരമ്പര തന്നെ ഏര്‍പ്പെടുത്തി പീഡിപ്പിക്കുന്നതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2014 ല്‍ അധികാരികള്‍ കുരിശുകള്‍ തകര്‍ക്കുന്ന ഒരു കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. രണ്ട് വര്‍ഷത്തോളം നീണ്ടുനിന്ന പദ്ധതിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന വാദമുയര്‍ത്തി 2,000-ലധികം കുരിശുകളാണു പൊളിച്ചുമാറ്റിയത്.
2017ല്‍ നഗരത്തിലെ സ്‌കൂള്‍ അധ്യാപകര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ ആരാധനയ്ക്കു വേണ്ടി പള്ളികളില്‍ പ്രവേശിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.