രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പര സമനിലയില്‍

രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ, പരമ്പര സമനിലയില്‍

കേപ് ടൗണ്‍: രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. ഏഴു വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര സമനിലയിലായി. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി വഴങ്ങിയ ഇന്ത്യ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

നേരത്തെ മൂന്ന് വിക്കറ്റിന് 62 റണ്‍സെന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്‌സ് 176 റണ്‍സില്‍ അവസാനിച്ചു. മര്‍ക്രത്തിന്റെ സെഞ്ചുറിയുടെ കരുത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കിയത്.

ഒരു വശത്ത് വിക്കറ്റുകള്‍ ഒന്നായി പൊഴിയുമ്പോഴും ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ മര്‍ക്രം 103 പന്തില്‍ നിന്ന് 106 റണ്‍സ് നേടി.

രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റെടുത്ത ബുംറയാണ് ആതിഥേയരെ തകര്‍ത്തത്. മുകേഷ് കുമാര്‍ രണ്ട് വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്‌സിലെ താരം മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഒരു വിക്കറ്റ് വീതം പങ്കിട്ടു.

79 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഇന്ത്യയ്ക്കു വേണ്ടി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മികച്ച തുടക്കം നല്‍കി. ജയ്‌സ്വാള്‍ 23 പന്തില്‍ നിന്ന് 28 റണ്‍സ് നേടി.

ഗില്‍ (10), കോലി (12) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. നായകന്‍ രോഹിത് ശര്‍മ 17 റണ്‍സോടെയും ശ്രേയസ് അയ്യര്‍ നാലു റണ്‍സോടെയും പുറത്താവാതെ നിന്നു.

ആദ്യ ഇന്നിംഗ്‌സില്‍ 6 വിക്കറ്റ് നേടിയ സിറാജാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഡീന്‍ എല്‍ഗര്‍ പ്ലെയര്‍ ഓഫ് ദ സീരിസ് ആയി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.