ചന്ദ്രനിൽ കളമൊരുക്കാന്‍ അമേരിക്കയിലെ രണ്ട് സ്വകാര്യ കമ്പനികളും; പെരെഗ്രിന്‍, നോവ-സി ലാന്‍ഡറുകളുടെ വിക്ഷേപണം ഉടന്‍

ചന്ദ്രനിൽ കളമൊരുക്കാന്‍ അമേരിക്കയിലെ രണ്ട് സ്വകാര്യ കമ്പനികളും; പെരെഗ്രിന്‍, നോവ-സി ലാന്‍ഡറുകളുടെ വിക്ഷേപണം ഉടന്‍

സ്വകാര്യ കമ്പനി രൂപകല്‍പന ചെയ്ത നോവ-സി ലൂണാര്‍ ലാന്‍ഡര്‍

കാലിഫോര്‍ണിയ: അരനൂറ്റാണ്ടിനിപ്പുറം വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള തയാറെടുപ്പിലാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സ്വകാര്യ കമ്പനികളും ബഹിരാകാശ മേഖലയില്‍ കൂടുതല്‍ സജീവമാവുകയും മഹത്തായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്ത വര്‍ഷമാണ് കടന്നുപോയത്. ഇപ്പോള്‍ ചന്ദ്രന്റെ കളത്തിലേക്കും തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ രണ്ട് സ്വകാര്യ കമ്പനികള്‍.

അരനൂറ്റാണ്ട് പിന്നിട്ട അപ്പോളോ ദൗത്യങ്ങള്‍ക്ക് ശേഷം അമേരിക്കയിലെ സ്വകാര്യ കമ്പനികളായ ആസ്ട്രോബോട്ടിക് ടെക്നോളജിയും ഇൻട്യൂറ്റീവ് മെഷീന്‍സുമാണ് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തങ്ങളുടെ ബഹിരാകാശ വാഹനം ചന്ദ്രനില്‍ ഇറക്കാനൊരുങ്ങുന്നത്.

പിറ്റ്‌സ്ബര്‍ഗിലെ ആസ്ട്രോബോട്ടിക് ടെക്നോളജി വികസിപ്പിച്ച പെരെഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍ ജനുവരി എട്ടിന് വിക്ഷേപിക്കും. ഫ്ളോറിഡയില്‍ കേപ്പ് കനവറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വുള്‍ക്കാന്‍ റോക്കറ്റിലാണ് വിക്ഷേപണം. ചന്ദ്രനില്‍ ഇറങ്ങുന്ന ആദ്യ സ്വകാര്യ പേടകമായിരിക്കും പെരെഗ്രിന്‍. 1.9 മീറ്റര്‍ ഉയരവും 2.5 മീറ്റര്‍ വീതിയുമുള്ള പേടകമാണ് പെരിഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍. ഇതില്‍ വിവിധ ശാസ്ത്ര പര്യവേക്ഷണ ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ ചാന്ദ്രദൗത്യങ്ങള്‍ നടത്തുന്നതിനുള്ള നാസയുടെ പദ്ധതിയാണ് കൊമേര്‍ഷ്യല്‍ ലൂണാര്‍ പേ ലോഡ് സര്‍വീസസ് ഇനിഷ്യേറ്റീവ്. ഈ പ്രോഗ്രാമിന് കീഴില്‍ കമ്പനികള്‍ക്ക് 2019 ല്‍ ഏകദേശം 80 മില്യണ്‍ യു.എസ് ഡോളര്‍ രണ്ടു കമ്പനികള്‍ക്കും ലഭിച്ചിരുന്നു. ഇതുകൂടാതെ 14 കമ്പനികളും ഇപ്പോള്‍ നാസയുമായി കരാറിലാണ്.

ടെക്സാസിലെ ഹൂസ്റ്റണില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഇൻട്യൂറ്റീവ് മെഷീന്‍സ് രൂപകല്‍പന ചെയ്ത നോവ-സി ലൂണാര്‍ ലാന്‍ഡര്‍ ഫെബ്രുവരിയില്‍ വിക്ഷേപിക്കും. നാലു മീറ്റര്‍ ഉയരമുള്ള പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറക്കാനാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിജയകരമായതിന് ജപ്പാന്റെ ചന്ദ്രദൗത്യവും ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. ജപ്പാന്റെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ജപ്പാന്‍ എയറോസ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ഏജന്‍സി അഥവാ ജാക്‌സ ആദ്യമായാണ് ചന്ദ്രനില്‍ പേടകമിറക്കാനൊരുങ്ങുന്നത്.

ചന്ദ്രനെക്കുറിച്ച് പഠനം നടത്തുന്നതിന് സ്മാര്‍ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേറ്റിങ് മൂണ്‍ (സ്ലിം) എന്ന ബഹിരാകാശ പേടകമാണ് ജപ്പാന്‍ വിക്ഷേപിച്ചത്. പേടകത്തിന് 200 കിലോഗ്രാം ഭാരമുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദൗത്യം വിജയിച്ചാല്‍ ചന്ദ്രനില്‍ ഇറങ്ങുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ജപ്പാന്‍ മാറും. നിലവില്‍ റഷ്യ. ചൈന. ഇന്ത്യ, യു.എസ് എന്നീ രാജ്യങ്ങളാണ് ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കിയത്. അതേസമയം, ചന്ദ്രനില്‍ ബഹിരാകാശ സഞ്ചാരികളെ ഇറക്കിയത് അമേരിക്ക മാത്രമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.