ബംഗ്ലാദേശില്‍ പോളിങ് പുരോഗമിക്കുന്നു; പൊതു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം: ഫലം ഇന്ത്യയ്ക്കും നിര്‍ണായകം

ബംഗ്ലാദേശില്‍ പോളിങ് പുരോഗമിക്കുന്നു; പൊതു തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് പ്രതിപക്ഷം: ഫലം ഇന്ത്യയ്ക്കും നിര്‍ണായകം

ധാക്ക: കനത്ത സുരക്ഷയില്‍ ബംഗ്ലാദേശില്‍ പൊതു തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പ്രാദേശിക സമയം രാവിലെ എട്ടു മണിയോടെ തുടങ്ങിയ പോളിങ് വൈകുന്നേരം നാലു മണി വരെ തുടരും. 299 പാര്‍ലമെന്റ് സീറ്റുകളിലേക്ക് രണ്ടായിരത്തോളം സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഷെയ്ക്ക് ഹസീനയുടെ ഭരണത്തില്‍ രാജ്യത്ത് സ്വതന്ത്ര തിരഞ്ഞെടുപ്പ് നടക്കില്ലെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം.

42,000 പോളിങ് സ്റ്റേഷനുകളിലായി 119.6 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ യോഗ്യരാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 300 മണ്ഡലങ്ങളില്‍ 299 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ തിരഞ്ഞെടുപ്പ് പിന്നീട് നടക്കുമെന്ന് അറിയിച്ചിട്ടുണ്ട്. നാളെയാണ് വെട്ടെണ്ണല്‍.

എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ അഭാവത്തില്‍ തുടര്‍ച്ചയായ നാലാം തവണയും അവാമി ലീഗ് നേതാവും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് ഹസീന അധികാരത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് ജനാധിപത്യം തുടരണമെന്നും 2009 മുതല്‍ 2023 വരെ നീളുന്ന ജനാധിപത്യ സംവിധാനത്തിലാണ് ബംഗ്ലാദേശ് ഇത്രയും നേട്ടമുണ്ടാക്കിയതെന്നും പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന പ്രതികരിച്ചു.

അതേസമയം ബംഗ്ലാദേശിലെ 'നിയമവിരുദ്ധ സര്‍ക്കാരിനെതിരെ' പ്രതിപക്ഷം ശനിയാഴ്ച മുതല്‍ 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേടും സുതാര്യതക്കുറവും ചൂണ്ടിക്കാട്ടിയാണ് വോട്ട് ബഹിഷ്‌കരണവും പണിമുടക്കും.

കനത്ത സുരക്ഷയിലാണ് 12-ാമത് പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മൂന്ന് പേരടക്കം നൂറിലധികം വിദേശ നിരീക്ഷകരുടെ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. നാളെ ഫലം പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

2009 മുതല്‍ ഷെയ്ഖ് ഹസീന യുടെ അവാമി ലീഗാണ് അധികാരത്തിലിരിക്കുന്നത്.

അക്രമം ഒഴിയാതെ രാജ്യം

തിരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ് വരെ ബംഗ്ലാദേശില്‍ അക്രമങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. പത്ത് ജില്ലകളിലായി പതിനാല് പോളിങ് സ്റ്റേഷനുകള്‍ക്ക് തീയിട്ടു. സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പോളിങ് സ്റ്റേഷനുകള്‍ അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.

വെള്ളിയാഴ്ച ജെസോര്‍-ധാക്ക ബെനാപോള്‍ എക്സ്പ്രസിന്റെ നാല് കോച്ചുകള്‍ക്ക് തീപിടിച്ച് നാല് പേര്‍ കൊല്ലപ്പെട്ടതും വോട്ടെടുപ്പുമായി ബന്ധപ്പെട്ടാണ് നടന്നതെന്ന സംശയം ശക്തമാണ്.

കള്ളവോട്ട്, ബാലറ്റ് തട്ടിപ്പ്, പണമിടപാടുകള്‍, ബലം പ്രയോഗിക്കല്‍ എന്നിവ കര്‍ശനമായി തടയുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കാസി ഹബീബുല്‍ അവാല്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് നിര്‍ണായകം

ബംഗ്ലാദേശുമായി വലിയ ദൂരത്തിലുള്ള അതിര്‍ത്തി പങ്കിടുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആ രാജ്യത്തെ സ്ഥിതിഗതികള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. അതിര്‍ത്തി കടന്നുള്ള ഭീകരവാദം, ദേശീയ സുരക്ഷ, കുടിയേറ്റം, വ്യാപാരം തുടങ്ങിയ കാര്യങ്ങളില്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്.

ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തുന്ന ഷെയ്ഖ് ഹസീന ജയിച്ചാല്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സാമ്പത്തിക ബന്ധനങ്ങള്‍ ശക്തിപ്പെടും എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രകടന പത്രികയില്‍ തന്നെ ഇന്ത്യയുമായുള്ള നല്ല ബന്ധത്തിന് വേണ്ടി ശ്രമിക്കും എന്ന വാഗ്ദാനത്തോടു കൂടിയാണ് ഷെയ്ഖ് ഹസീന തിരഞ്ഞെടുപ്പിനെ നേരിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.