ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ എഫ്. കെന്നഡി ഉള്‍പ്പെടെ 330 പ്രശസ്തര്‍ക്ക് ബഹിരാകാശത്ത് സ്മാരകമൊരുങ്ങുന്നു; ഭൗതികാവശിഷ്ടങ്ങളുമായി റോക്കറ്റ് നാളെ കുതിച്ചുയരും

ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ എഫ്. കെന്നഡി ഉള്‍പ്പെടെ 330 പ്രശസ്തര്‍ക്ക് ബഹിരാകാശത്ത് സ്മാരകമൊരുങ്ങുന്നു; ഭൗതികാവശിഷ്ടങ്ങളുമായി റോക്കറ്റ് നാളെ കുതിച്ചുയരും

വാഷിങ്ടണ്‍: ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ എഫ്. കെന്നഡി ഉള്‍പ്പെടെ ജീവിതത്തിന്റെ പല മേഖലകളില്‍ പ്രശസ്തരായ 330 വ്യക്തികള്‍ക്ക് ബഹിരാകാശത്ത് സ്മാരകമൊരുങ്ങുന്നു. ഇവരുടെ ഭൗതികാവശിഷ്ടങ്ങളും ഡി.എന്‍.എ സാമ്പിളുകളുമായി നാളെ ഫ്ളോറിഡയിലെ കേപ് കനവറല്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് വുള്‍ക്കാന്‍ റോക്കറ്റ് കുതിച്ചുയരും. റോക്കറ്റ് വഹിക്കുന്ന പെരെഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍ എന്ന പേടകത്തിനുള്ളിലെ ടൈറ്റാനിയം ക്യാപ്സ്യൂളുകളില്‍ അടക്കം ചെയ്താണ് ഭൗതികാവശിഷ്ടങ്ങളും ഡി.എന്‍.എ സാമ്പിളുകളും ബഹിരാകാശത്ത് എത്തിക്കുന്നത്.

ഡി.എന്‍.എ സാമ്പിളുകളുള്ള 62 കാപ്‌സ്യുളുകള്‍ ചന്ദ്രനിലും തുടര്‍ന്ന് 268 എണ്ണം വിദൂരമായ ബഹിരാകാശത്തും നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ചന്ദ്രനില്‍ ഇൗ കാപ്‌സ്യുളുകള്‍ നിത്യസ്മാരകമായി മാറും. 268 ക്യാപ്‌സ്യൂളുകള്‍ സൂര്യനെ ചുറ്റിക്കൊണ്ടിരിക്കും.



ചന്ദ്രനിലിറങ്ങാനുള്ള അമേരിക്കയിലെ സ്വകാര്യ കമ്പനിയുടെ ദൗത്യത്തിന്റെ ഭാഗമായാണ് ഭൗതികാവശിഷ്ടങ്ങള്‍ ബഹിരാകാശത്തേക്കു കൊണ്ടുപോകുന്നത്. അമേരിക്കയുടെ മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ എഫ്. കെന്നഡി, ഡൈ്വറ്റ് ഡി. ഐസന്‍ഹോവര്‍, റൊണാള്‍ഡ് റീഗന്‍, ലോക പ്രശസ്തമായ സ്റ്റാര്‍ ട്രക്ക് പരമ്പരയുടെ നിര്‍മാതാവ് ജീന്‍ റോഡന്‍ബറി എന്നിവരുടേത് ഉള്‍പ്പെടെ 330 പേരുടെ ഭൗതികാവശിഷ്ടങ്ങള്‍ ചന്ദ്രനും അതിനപ്പുറവുമായി നിക്ഷേപിക്കും. ഇത് ആദ്യമായാണ് സ്വകാര്യ കമ്പനിയുടെ റോക്കറ്റില്‍ മനുഷ്യാവശിഷ്ടങ്ങള്‍ ചന്ദ്രനില്‍ നിക്ഷേപിക്കുന്നത്.

കാലിഞ്ചും അരയിഞ്ചും നീളമുളള ടൈറ്റാനിയം കാപ്‌സ്യുളുകളിലാണ് ഭൗതികാവശിഷ്ടങ്ങള്‍ കൊണ്ടുപോവുക. ആറ് ഉയരവും എട്ട് അടി വീതിയുമുള്ള പെരെഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍ എന്ന പേടകത്തിലാണ് ഈ കാപ്‌സ്യുളുകള്‍ സൂക്ഷിച്ചിട്ടുള്ളത്. അമേരിക്കയിലെ സ്വകാര്യ കമ്പനിയായ ആസ്‌ട്രോബോട്ടിക് ടെക്‌നോളജിയാണ് പെരെഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍ വികസിപ്പിച്ചത്.

ജോര്‍ജ് വാഷിങ്ടണ്‍, ജോണ്‍ എഫ്. കെന്നഡി, എന്നിവരുടെ തലമുടിയുടെ സാമ്പിളുകളാണ് ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നത്. 'സ്റ്റാര്‍ ട്രെക്ക്' താരങ്ങളായ നിഷെല്‍ നിക്കോള്‍സ്, ജെയിംസ് ദൂഹന്‍, ഡിഫോറെസ്‌റ് കെല്ലി എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളും കൊണ്ടുപോകുമെന്ന് സെലെസ്റ്റിസ് സി.ഇ.ഒ: ചാള്‍സ് ഷാഫര്‍ പറഞ്ഞു.

ടെക്‌സസ് ആസ്ഥാനമായുള്ള സെലസ്റ്റിസ് എന്ന കമ്പനിയാണ് ഈ ദൗത്യത്തിന് പിന്നില്‍. മനുഷ്യന്റെ ഭൗതിക അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ പലതും ചന്ദ്രനില്‍ എത്തിക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുന്ന കമ്പനിയാണ് സെലസ്റ്റിസ്.

സെലസ്റ്റിസ് വഴി ഭൗതിക അവശിഷ്ടങ്ങള്‍ ചന്ദ്രനില്‍ എത്തിക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ ബഹിരാകാശ ശാസ്ത്രജ്ഞരും ബേസ്‌ബോള്‍ താരങ്ങളും സമൂഹത്തിലെ മറ്റ് പല ഉന്നതരും ഉള്‍പ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.