ഒരു പല്ലിക്ക് 5,000 ഡോളര്‍; ഓസ്‌ട്രേലിയയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച 257 പല്ലികളെയും പാമ്പുകളെയും പോലീസ് രക്ഷിച്ചു

ഒരു പല്ലിക്ക് 5,000 ഡോളര്‍; ഓസ്‌ട്രേലിയയില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കടത്താന്‍ ശ്രമിച്ച 257 പല്ലികളെയും പാമ്പുകളെയും പോലീസ് രക്ഷിച്ചു

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ നിന്ന് പാമ്പുകളും പല്ലികളും ഉള്‍പ്പെടെ വിവിധയിനം ഉരഗങ്ങളെ വിദേശ രാജ്യങ്ങളിലേക്ക് കടത്താനുള്ള ശ്രമം പോലീസ് പരാജയപ്പെടുത്തി. ന്യൂ സൗത്ത് വെയില്‍സില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് കടത്താന്‍ ശ്രമിച്ച ഒന്‍പതു കോടിയിലധികം വിപണി മൂല്യമുള്ള വിവിധ ഇനം പല്ലികളെയും പാമ്പുകളെയുമാണ് പൊലീസ് ജീവനോടെ രക്ഷിച്ചത്. ന്യൂ സൗത്ത് വെയില്‍സ് പൊലീസാണ് 257 പല്ലികളെ കടത്താനുള്ള നീക്കം പൊളിച്ചത്. പ്രാദേശിക ഇനം ജീവികളെ അനധികൃതമായി കടത്തുന്നത് തടയാനായി പ്രത്യേകം സജ്ജമാക്കിയ പൊലീസ് സ്‌ക്വാഡാണ് ഓപ്പറേഷനു പിന്നില്‍. ഒരു പല്ലിക്ക് ശരാശരി 5,000 ഡോളറാണ് വില.

ഒന്‍പതു പാക്കറ്റുകളിലാക്കിയാണ് ഇവയെ കടത്താന്‍ ശ്രമിച്ചത്. ചെറിയ കണ്ടെയ്‌നറുകളില്‍ വളരെ പരിമിതമായ സ്ഥലം മാത്രമുള്ള പാക്കറ്റുകളില്‍ വളരെ മോശം അവസ്ഥയിലാണ് പല്ലികളെ സൂക്ഷിച്ചിരുന്നത്. പോലീസിന് ലഭ്യമായ രഹസ്യ വിവരത്തെതുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് പല്ലികളെ കണ്ടെത്തിയത്. മൂന്നു പാമ്പുകളെയും ഈ കൂട്ടത്തില്‍ രക്ഷിച്ചിട്ടുണ്ട്. പല്ലികളെ കടത്തിയതുമായി ബന്ധപ്പെട്ട് 41-കാരിയായ സ്ത്രീയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും ആഴ്ചകളുമായി നിരവധി സമാന സംഭവങ്ങളാണ് സിഡ്‌നിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം സിഡ്‌നിയില്‍ നിന്ന് 118 പല്ലികളെയും മൂന്ന് പാമ്പുകളെയും ചത്ത നിലയില്‍ 25 പല്ലികളെയും എട്ട് മുട്ടകളും കണ്ടെത്തിയിരുന്നു. ഈ സംഭവത്തില്‍ പൊലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. 31, 54, 59 വീതം പ്രായമുള്ള മൂന്ന് പുരുഷന്മാരാണ് അറസ്റ്റിലായത്. 15 വര്‍ഷത്തോളം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്തരം സംരക്ഷിത ജീവികളുടെ കള്ളക്കടത്ത്.

സാമ്പത്തിക നേട്ടത്തിനായി ഇത്തരം ജീവികളെ കാട്ടില്‍ നിന്ന് പിടികൂടി വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റ് ഓസ്ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്നതായി ന്യൂ സൗത്ത് വെയില്‍സ് പൊലീസ് പറഞ്ഞു.

പ്രതികളില്‍ രണ്ട് പേര്‍ക്ക് ജാമ്യം നിഷേധിക്കുകയും നാല് പേര്‍ക്കെതിരെ ഒന്നിലധികം കുറ്റങ്ങള്‍ ചുമത്തുകയും ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത ജീവികളെ വിവിധ മൃഗശാലകളിലേക്കും വന്യജീവി പാര്‍ക്കുകളിലേക്കും കൊണ്ടുപോയി വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.