കോലിയും രോഹിതും ടി20യില്‍ മടങ്ങിയെത്തുന്നു; 2024 ലോകകപ്പ് ടീമിനെ ആരു നയിക്കും?

കോലിയും രോഹിതും ടി20യില്‍ മടങ്ങിയെത്തുന്നു; 2024 ലോകകപ്പ് ടീമിനെ ആരു നയിക്കും?

മുംബൈ: 2022 ലോകകപ്പ് ടി20 പരമ്പരയ്ക്കു ശേഷം അന്താരാഷ്ട്ര ടി20യില്‍ നിന്നു ദീര്‍ഘനാള്‍ വിട്ടുനിന്ന നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയും ടീമില്‍ മടങ്ങിയെത്തുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലാണ് ഇരുവരും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടി20യില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക.

ഇതോടെ രണ്ടുപേരും ലോകകപ്പ് ടി20യില്‍ ടീമിനൊപ്പം ഉണ്ടാകുമെന്ന സൂചന ശക്തമായി. അതേ സമയം, ഉടന്‍ നടക്കുന്ന ഐപിഎല്‍ മല്‍സരങ്ങളിലെ താരങ്ങളുടെ പ്രകടനം കണക്കിലെടുത്താവും അന്തിമ ടീമിനെ പ്രഖ്യാപിക്കുകയെന്ന് സെലക്ടര്‍മാര്‍ വ്യക്തമാക്കി കഴിഞ്ഞു.

ഈ വരുന്ന ടി20 ലോകകപ്പിന് മുന്‍പുള്ള അവസാന ടി20 പരമ്പരയാണ് അഫ്ഗാനിസ്ഥാനെതിരായ മൂന്നു മല്‍സരങ്ങളുടെ പരമ്പര. രോഹിത് തന്നെയാണ് അഫ്ഗാനെതിരായ പരമ്പരയിലും നായകന്‍.

രോഹിത് ശര്‍മയുടെ അഭാവത്തില്‍ നായകനായ ഹര്‍ദിക് പാണ്ഡ്യ പരിക്കു മൂലം വിശ്രമത്തിലാണ്. പാണ്ഡ്യയ്ക്ക് പകരം നായകനായ ഉപനായകന്‍ ജസ്പ്രീത് ബുംറ, ടി20യിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററും അവസാന രണ്ട് പരമ്പരയില്‍ നായകനായ സൂര്യകുമാര്‍ യാദവും പരിക്കിന്റെ പിടിയിലാണ്.

ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നായകനായി രോഹിത് മടങ്ങിയെത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ ആരാകും ലോകകപ്പില്‍ നായകനാകുകയെന്ന് വ്യക്തമല്ലെങ്കിലും രോഹിത് ശര്‍മയുടെ മടങ്ങിവരവ് പാണ്ഡ്യയ്ക്ക് ശക്തമായ മുന്നറിയിപ്പാണ് നല്‍കുന്നത്.

രോഹിത് തന്നെയാകും ഇന്ത്യന്‍ നായകനെന്ന് മുന്‍ ഇന്ത്യന്‍ താരം ശ്രീകാന്ത് പറയുന്നു. സ്ഥിരം നായകന്‍ തിരിച്ചെത്തുമ്പോള്‍ പകരക്കാരനെ തേടേണ്ടതില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം രോഹിത് ശര്‍മയില്‍ നിന്നു പാണ്ഡ്യ കൈക്കലാക്കിയത് ഏറെ വിവാദങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്തായാലും രോഹിത്തിന്റെ മടങ്ങിവരവ് പാണ്ഡ്യയ്ക്ക് വെല്ലുവിളിയാകുമെന്നുറപ്പ്.

ജനുവരി 11നാണ് അഫ്ഗാനെതിരായ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ മല്‍സരം. ജനുവരി 14, 17 ദിവസങ്ങളിലായി രണ്ടും മൂന്നും മല്‍സരങ്ങള്‍ നടക്കും. മൊഹാലി, ഇന്‍ഡോര്‍, ബെംഗളൂരു എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.