തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സംസ്ഥാന വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്.
പതിനാല് ജില്ലകളിലും കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. പല ജില്ലകളിലും ദേശീയപാതയടക്കം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളുടെ മുന്നിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള പൊലീസിന്റെ ശ്രമം തുടരുകയാണ്.
അതേസമയം അറസ്റ്റ് ചെയ്ത രാഹുലിനെ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടു പോയ പൊലീസ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പൊലീസും രാഹുലും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടാകുകയും ചെയ്തു. പിന്നീട് മെഡിക്കല്‍ പരിശോധയ്ക്ക് ശേഷം രാഹുലിനെ വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി.
രാഹുലിന്റെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യാനുള്ളതിനാല്‍ ജാമ്യം നല്‍കരുതെന്നും കസ്റ്റഡിയില്‍ വേണമെന്നുമാണ് പൊലീസിന്റെ ആവശ്യം.
ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അടൂര്‍ മുണ്ടപ്പള്ളിയിലുള്ള വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രാഹുലിനെ അറസ്റ്റു ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് രാഹുല്‍.
നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേര്‍ന്ന് കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ച്. മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്പില്‍ എംഎല്‍എയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതികളായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.