ഗാസയിലെ യുദ്ധം തീവ്രം: പ്രവര്‍ത്തന നിരതമായ ഏക ആശുപത്രിയും ഉപേക്ഷിച്ച് മെഡിക്കല്‍ സംഘങ്ങള്‍ മടങ്ങുന്നു, പ്രതിസന്ധിയില്‍ രോഗികള്‍

ഗാസയിലെ യുദ്ധം തീവ്രം: പ്രവര്‍ത്തന നിരതമായ ഏക ആശുപത്രിയും ഉപേക്ഷിച്ച് മെഡിക്കല്‍ സംഘങ്ങള്‍ മടങ്ങുന്നു, പ്രതിസന്ധിയില്‍ രോഗികള്‍

ഗാസ: ഇസ്രയേല്‍ സൈന്യവും ഹമാസ് ഭീകരരും തമ്മിലുള്ള യുദ്ധം തീവ്രമാകുന്നതിനിടെ ഗാസയിലെ ആശുപത്രിയിലെ സ്ഥിതിഗതികള്‍ രൂക്ഷമാകുന്നു. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഏക ആശുപത്രിയായ അല്‍-അഖ്‌സ ആശുപത്രിയില്‍ സേവനം മതിയാക്കി പല ഡോക്ടര്‍മാരും പിരിഞ്ഞുപോയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും ഉടനെ നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇസ്രയേല്‍ സൈന്യത്തിന്റെ നിര്‍ദേശപ്രകാരമാണ് യുദ്ധ ഭൂമിയില്‍ നിന്നും ഡോക്ടര്‍മാര്‍ മടങ്ങുന്നത്. ദിവസവും 600 മുതല്‍ 700 വരെ രോഗികളാണ് ചികില്‍സ തേടി ഇവിടെ എത്തുന്നത്. ഏറിയവരും യുദ്ധത്തില്‍ മുറിവേറ്റവരാണ്.

ഇവരെ ചികില്‍സിക്കാന്‍ മതിയായ ഡോക്ടര്‍മാരോ നേഴ്‌സുമാരോ ഇല്ലാത്ത അവസ്ഥയാണുള്ളതെന്ന് മെഡിക്കല്‍ എയ്ഡ് ഫോര്‍ പാലസ്തീന്‍ എന്ന ബ്രിട്ടീഷ് ചാരിറ്റി സംഘടയുടെ കീഴില്‍ അല്‍-അഖ്‌സ ആശുപത്രിയില്‍ സേവനം ചെയ്തു വരികയായിരുന്ന ഗൈനക്കോളജിസ്റ്റ് ഡെബോറാ ഹാരിംഗ്ടണ്‍ വെളിപ്പെടുത്തി. മതിയായ ആശുപത്രി ജീവനക്കാര്‍ ഇല്ലാതെ അധികകാലം ഇങ്ങനെമുന്നോട്ടു പോകാനാവില്ലെന്ന് സംഘത്തിലെ മറ്റൊരു ഡോക്ടര്‍ നിക് മെയ്‌നര്‍ഡ് ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ സൈന്യം ആശുപത്രിക്ക് സമീപത്ത് വരെയെത്തിയ സാഹചര്യത്തില്‍ ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിച്ച് മടങ്ങുകയാണെന്ന് ബ്രിട്ടീഷ് ചാരിറ്റി സൊസൈറ്റി പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. അതേ സമയം, ആശുപത്രി ആക്രമിച്ചിട്ടില്ലെന്നും ആശുപത്രിയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്നും ഇസ്രയേല്‍ വെളിപ്പെടുത്തി.

ഏതൊരു സാഹചര്യത്തിലും ആശുപത്രികള്‍ ആക്രമിക്കാന്‍ പാടില്ലെന്നതാണ് അന്താരാഷ്ട്ര നിയമം. എന്നാല്‍ പലപ്പോഴും ഈ നിയമത്തിന്റെ മറവില്‍ ഭീകരര്‍ ആശുപത്രികളില്‍ അഭയം തേടുകയും ആശുപത്രികളില്‍ നിന്ന് ആക്രമണം നടത്തുകയും ചെയ്യുന്നതും പതിവാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

യുദ്ധം രൂക്ഷമാകുന്ന സാഹചര്യിത്തില്‍ പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരോടും പ്രദേശം വിട്ടുപോകാന്‍ നിര്‍ദേശം ഇസ്രയേല്‍ നല്‍കിയെന്ന് ആശുപത്രിയില്‍ സേവനം ചെയ്തുവരികയായിരുന്ന ബ്രിട്ടീഷ് ഡോക്ടര്‍ മെയ്‌നാര്‍ഡ് വെളിപ്പെടുത്തി.

ആശുപത്രിയുടെ പരിസര പ്രദേശത്ത് ഷെല്ലിംഗ് ഇസ്രയേല്‍ നടത്തിയെന്ന് യുഎന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയുടെ ഭിത്തിയില്‍ ഷെല്ലിംഗ് പതിച്ചെന്ന് ചില റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല. ആശുപത്രി ആക്രമിക്കപ്പെട്ടെന്ന വാര്‍ത്തകള്‍ ഇസ്രയേല്‍ നിഷേധിച്ചിട്ടുണ്ട്.

രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്നും പ്രദേശത്ത് നിന്നും ആളുകളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു.

ഒക്ടോബര്‍ ഏഴിന് ഹമാസ് ഭീകരര്‍ ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായാണ് ഇസ്രയേല്‍ പാലസ്തീന്‍ യുദ്ധം ആരംഭിച്ചത്. ആക്രമണത്തില്‍ 1300 പേര്‍ കൊല്ലപ്പെടുകയും 240പേരെ ഭീകരര്‍ ബന്ധികളാക്കുകയും ചെയ്തിരുന്നു. ഇസ്രയേല്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ ഇതുവരെ 23350 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഹമാസിന്റെ നേതൃത്വത്തിലുള്ള പാലസ്തീന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.