വിക്ടോറിയയില്‍ ക്ലിഫ് ജമ്പിങ്ങിനിടെ കടലിന്റെ അടിത്തട്ടത്തില്‍ ഇടിച്ച് 12 വയസുകാരിയായ കായികതാരത്തിന് ഗുരുതര പരിക്ക്; മുന്നറിയിപ്പുമായി പോലീസ്

വിക്ടോറിയയില്‍ ക്ലിഫ് ജമ്പിങ്ങിനിടെ കടലിന്റെ അടിത്തട്ടത്തില്‍ ഇടിച്ച് 12 വയസുകാരിയായ കായികതാരത്തിന് ഗുരുതര പരിക്ക്; മുന്നറിയിപ്പുമായി പോലീസ്

സിഡ്‌നി: ഉയരങ്ങളില്‍ നിന്ന് വെള്ളത്തിലേക്കു ചാടുന്ന ക്ലിഫ് ജമ്പിനിടെ കടലിന്റെ അടിത്തട്ടത്തില്‍ ഇടിച്ച് 12 വയസുകാരിയായ ഓസ്‌ട്രേലിയന്‍ അത്ലറ്റിന് ഗുരുതര പരിക്ക്. വിക്ടോറിയയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ മൗണ്ട് മാര്‍ത്തയില്‍ പുതുവത്സര ദിനത്തില്‍ നടത്തിയ ക്ലിഫ് ജംപിങ്ങാണ് ആശുപത്രിക്കിടക്കയില്‍ അവസാനിച്ചത്. സംഭവത്തിനു പിന്നാലെ പോലീസ് മുന്നറിയിപ്പ് ശക്തമാക്കി. കഴിഞ്ഞ ഒരാഴ്ചകള്‍ക്കുള്ളില്‍ മൂന്ന് പേര്‍ക്കാണ് സമാന രീതിയിലുള്ള അപകടം സംഭവിക്കുന്നത്.

കായിക താരവും പ്രൊഫഷണല്‍ ഡൈവറുമായ സാറ ജാക്ക എന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഇരുകാലുകളും ഒടിഞ്ഞ് ആശുപത്രിയില്‍ കഴിയുന്നത്. മൗണ്ട് മാര്‍ത്തയിലെ ദി പില്ലേഴ്‌സ് പാറക്കെട്ടുകളില്‍ നിന്നുള്ള ചാട്ടമാണ് പിഴച്ചത്. വേലിയിറക്കത്തിന്റെ സമയമായതിനാല്‍ കടലിന്റെ അടിത്തട്ടത്തില്‍ ഇടിച്ച് സാറയുടെ ഇരുകാലുകളിലും കാല്‍ക്കുഴയിലും പൊട്ടലുണ്ടായി.


സാറ ആശുപത്രിക്കിടക്കയില്‍

കുടുംബത്തിനൊപ്പമായിരുന്നു സാറ അവധി ആഘോഷത്തിനെത്തിയത്. കടലിലേക്ക് തള്ളിനില്‍ക്കുന്ന പാറയില്‍ നിന്നാണ് സാറ ചാടിയത്. മകളുടെ ചാട്ടം ഒരു ബോട്ടില്‍ നിന്ന് പകര്‍ത്തുകയായിരുന്ന പിതാവ് ക്രിസ് നിലവിളി കേട്ട് അടുത്തേക്കു നീന്തിയെത്തുകയും രക്ഷിക്കുകയുമായിരുന്നു. പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ എത്തി ആശുപത്രിയിലേക്കു മാറ്റുകായിരുന്നു.

സംസ്ഥാന ജിംനാസ്റ്റിക്‌സ് ടീമിലെ അംഗമാണ് സാറ. എന്നാല്‍ ക്ലിഫ് ജംപിങ്ങിന് പിന്നാലെ പരസഹായമില്ലാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് പെണ്‍കുട്ടിക്കുള്ളത്. കാലുകള്‍ ഉണ്ടെന്ന് തനിക്ക് അനുഭവപ്പെടുന്നില്ലെന്ന് സാറ ആശുപത്രിയില്‍നിന്നു പ്രതികരിച്ചതായി ഓസ്‌ട്രേലിയന്‍ മാധ്യമമായ 9ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും ജീവന്‍ തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് കുടുംബം.

പില്ലര്‍ ഓഫ് മൗണ്ട് മാര്‍ത്ത എന്ന ഭാഗത്ത് ക്ലിഫ് ജംപിങ് നടത്താനായി നിരവധിയാളുകളാണ് ദിവസേനയെത്തുന്നത്. 520 അടി ഉയരമാണ് ഈ ചെറുകുന്നിനുള്ളത്. 1.5 മീറ്റര്‍ മുതല്‍ 5 മീറ്റര്‍ വരെ ഉയരമുള്ളതാണ് ഈ കുന്നിലെ ക്ലിഫുകള്‍.

സമൂഹ മാധ്യമങ്ങളിലും മറ്റും വീഡിയോ ഇടുന്നതിനായി വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടമുള്ള സ്ഥലമാണിത്. അടുത്ത കാലത്തായി ഈ മേഖലയിലേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

'ഇത് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന സൈറ്റല്ല. അതുകൊണ്ട് ആരെങ്കിലും അപകടത്തില്‍പെട്ടാല്‍ ജീവന്‍ തിരിച്ചുകിട്ടുമെന്ന് യാതൊരു ഉറപ്പുമില്ല - മൗണ്ട് മാര്‍ത്ത ലൈഫ് സേവിംഗ് ക്ലബില്‍ നിന്നുള്ള ക്രിസ് ക്വിന്‍ പറഞ്ഞു. കടലിലേക്കു ചാടുന്നതിന് മുമ്പ് വെള്ളത്തിന്റെ ആഴവും വേലിയേറ്റത്തിന്റെ തോതും അറിഞ്ഞിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഴം കുറഞ്ഞ വെള്ളത്തിലേക്ക് ചാടുമ്പോഴാണ് ഗുരുതരമായ പരിക്കുകള്‍ ഉണ്ടാകുന്നത്.

അപകടങ്ങള്‍ പതിവായതോടെ ക്ലിഫില്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങളുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാനും ക്ലിഫ് ജംപിങ് നിരുത്സാഹപ്പെടുത്താനുമുള്ള നീക്കത്തിലാണ് പ്രാദേശിക ഭരണകൂടം. സാറയ്ക്ക് പരിക്കേല്‍ക്കുന്നതിന് നാല് ദിവസം മുമ്പ് 24 വയസുള്ള യുവാവിനും സമാന രീതിയില്‍ അപകടം സംഭവിച്ചിരുന്നു. ഈ മേഖലയിലെ സാഹസിക സ്‌പോര്‍ട്‌സ് ഇനങ്ങള്‍ കുറയ്ക്കാനുള്ള നീക്കത്തിലാണ് പ്രാദേശിക ഭരണകൂടമുള്ളത്.

കടലിലേക്കു ചാടുന്നതിന് മുമ്പ് വെള്ളത്തിന്റെ ആഴം പരിശോധിച്ച് നിങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആശുപത്രിക്കിടക്കയില്‍നിന്ന് സാറയും അഭ്യര്‍ത്ഥിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.