പാരീസ്: ഫ്രാന്‍സിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ചുമതലയേറ്റ് 34-കാരനായ ഗബ്രിയേല്‍ അത്തല്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണാണ് തന്റെ കാബിനറ്റിലെ വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേലിനെ പ്രധാനമന്ത്രിയായി നിയമിച്ചത്. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി എലിസബത്ത് ബോണിന് പകരമായാണ് ഗബ്രിയേല്‍ എത്തുക. 1984-ല്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട 37-കാരന്‍ ലോറന്റ് ഫാബിയസിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് ഗബ്രിയേല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ഏറെ ജനപ്രീതി നേടിയിട്ടുള്ള രാഷ്ട്രീയക്കാരില്‍ ഒരാളാണ് ഗബ്രിയേല്‍ അത്തല്‍. തന്റെ മുന്‍ഗാമിയായ എലിസബത്ത് ബോണിന്റേതില്‍ നിന്നും വ്യത്യസ്തമായ ഭരണ ശൈലിയായിരിക്കും അദ്ദേഹം സ്വീകരിക്കുക.
യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സര്‍ക്കാരിനെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഗബ്രിയേലിന്റെ ചുമലിലുള്ളത്. 10 വര്‍ഷം മുന്‍പ് ആരോഗ്യമന്ത്രാലയത്തിന്റെ ഉപദേഷ്ഠാവ് മാത്രമായിരുന്ന ഗബ്രിയേലിന്റെ വളര്‍ച്ച അതിവേഗമായിരുന്നു.
17 വയസുള്ളപ്പോഴായിരുന്നു ഗബ്രിയേല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായത്. കോവിഡ് മഹാമാരിയുടെ കാലത്ത് സര്‍ക്കാര്‍ വക്താവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ കളരിയില്‍ ഗബ്രിയേല്‍ വളരെയധികം ശോഭിച്ചു. ഇതിന് പിന്നാലെ ധനകാര്യവകുപ്പിലെ ജൂനിയര്‍ മിനിസ്റ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. 2023-ലാണ് വിദ്യാഭ്യാസമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.
മാധ്യമങ്ങളില്‍ വാക്‌സാമര്‍ഥ്യവുമായി ഭരണകൂട വക്താവായി ജയിച്ചുനില്‍ക്കുന്നുവെന്നതാണ് അത്തലിന്റെ ഏറ്റവും വലിയ മിടുക്ക്. റേഡിയോയിലും ടെലിവിഷനിലും എത്ര കടുത്ത ചോദ്യങ്ങള്‍ക്കും സ്വതസിദ്ധമായ മറുപടിയുമായി വായടപ്പിക്കുമെന്നതാണ് മാക്രോണിന്റെ ഇഷ്ടക്കാരനാക്കുന്നത്.
ഗബ്രിയേലിന്റെ ഏറ്റവും നിര്‍ണായക ചുവടുവയ്പ്പ് ശിരോവസ്ത്ര നിരോധനമായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായി ചുമതലേറ്റതിന് തൊട്ടുപിന്നാലെ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ ശിരോവസ്ത്രം ധരിച്ച് എത്തുന്നത് അദ്ദേഹം വിലക്കി. വലിയ രീതിയില്‍ ചര്‍ച്ചയാവുകയും സ്വീകാര്യത നേടുകയും ചെയ്ത പരിഷ്‌കാരമായിരുന്നു അത്.
കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ ഭരണകൂടം കൈക്കൊണ്ട പല നയങ്ങളിലും പ്രതിഷേധമുയര്‍ന്നിരുന്നു. പെന്‍ഷന്‍, ഇമിഗ്രേഷന്‍ പരിഷ്‌കാരങ്ങള്‍ ചില വിവാദങ്ങളുയര്‍ത്തി. ഈ സാഹചര്യത്തില്‍ പുതിയ പ്രധാനമന്ത്രിയുടെ നിയമനം മാക്രോണിന്റെ പാര്‍ട്ടിയുടെ ജനപ്രീതി തിരിച്ചുലഭിക്കാന്‍ സഹായകമായേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ വലതുപക്ഷ നേതാവ് മരീന്‍ ലെ പെന്നിന്റെ പാര്‍ട്ടി കൂടുതല്‍ മുന്നേറ്റം നടത്തി മാക്രോണിന്റെ ക്യാമ്പിനെ എട്ട് മുതല്‍ പത്ത് ശതമാനം വരെ പിന്നിലാക്കുമെന്നാണ് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്.
അതേസമയം, പരസ്യമായി സ്വവര്‍ഗാനുരാഗിയാണെന്നു പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് ഗബ്രിയേല്‍. ഇത് രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.