സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രശസ്ത റാപ്പര്‍മാരുടെ സംഘത്തെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. വണ്‍ഫോര്‍ എന്ന പ്രശസ്ത ഓസ്‌ട്രേലിയന്‍ റാപ്പ് സംഘത്തിലെ നാലു പേരെ കൊല്ലാനാണ് അക്രമികള്‍ പദ്ധതിയിട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ബ്രാന്‍ഡന്‍ മസൗലി (26), യൂസഫ് റിമ (20) എന്നിവരാണ് പിടിയിലായത്. ലെബനനിലെ കുപ്രസിദ്ധ അക്രമി സംഘത്തില്‍പെട്ടവരാണ് ഇരുവരും. സിഡ്‌നിയില്‍ അറസ്റ്റിലായ ഇരുവരുടെയും പേരില്‍ കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, മോഷണം അടക്കം നിരവധി കേസുകളുണ്ടെന്നും പോലീസ് വെളിപ്പെടുത്തി.
സംഘത്തിലെ മൂന്നാമത്തെയാള്‍ ഒളിവിലാണ്. ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റൊരു റാപ്പര്‍ സംഘത്തില്‍ നിന്നു പണംവാങ്ങി അവരുടെ നിര്‍ദേശ പ്രകാരമാണ് ഇവര്‍ റാപ്പര്‍മാരെ കൊല്ലാന്‍ പദ്ധതിയിട്ടത്.
ജെ എംസ് എന്നറിയപ്പെടുന്ന ജെറോം, വൈ പി എന്ന പിയോ, സ്‌പെന്നി എന്ന സ്‌പെന്‍സര്‍, ദാസെല്‍ എന്ന സെല്ലി എന്നീ റാപ്പര്‍മാരെയാണ് അക്രമികള്‍ കൊല്ലാന്‍ ശ്രമിച്ചത്. ഇവരുടെ ട്രൂപ്പിലെ അഞ്ചാമന്‍ ലെക്ക്‌സ് എന്ന സാലെകിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നില്ല. ഇതിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് വെളിപ്പെടുത്തി.
റാപ്പര്‍മാരുടെ ഇടയിലുള്ള കിടമല്‍സരമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പോലീസ് അധികാരികളെ ഉദ്ധരിച്ച് സിഡ്‌നി മോണിംഗ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ലിവര്‍പൂള്‍ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യം കോടതി നിഷേധിച്ചു.
ഓസ്‌ട്രേലിയയിലെ ഏറ്റവും കുപ്രസിദ്ധമായ റാപ് ട്രൂപ്പുകളില്‍ ഒന്നാണ് വണ്‍ഫോര്‍. അക്രമവും അനീതിയും മുഖമുദ്രയാക്കിയാണ് ഇവരുടെ സംഗീത പരിപാടികള്‍ ഏറെയും. 2019ല്‍ സുരക്ഷാ കാരണങ്ങളാല്‍ ഇവരുടെ പല പരിപാടികളും മാറ്റിവെച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.