ചെങ്കടലിലെ ആക്രമണം; ഹൂതി വിമതര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടനും അമേരിക്കയും

ചെങ്കടലിലെ ആക്രമണം; ഹൂതി വിമതര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടനും അമേരിക്കയും

വാഷിംഗ്ടണ്‍ ഡിസി: ചെങ്കടലില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം യെമനിലെ ഹൂതി വിമതര്‍ നിര്‍ത്തിയില്ലെങ്കില്‍ സൈനിക നീക്കം നടത്തുമെന്നും കനത്ത മറുപടി നല്‍കുമെന്നുമുള്ള മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും. ചെങ്കടലില്‍ അമേരിക്കയുടെ കപ്പലുകള്‍ക്ക് നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ തുരത്തിയതിന് ശേഷമാണ് ഹൂതി വിമതര്‍ക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

ഹൂതികളുടെ 21 ഡ്രോണുകളും നിരവധി ബാലിസ്റ്റിക് -ക്രൂയിസ് മിസൈലുകളും തകര്‍ത്തുവെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഹൂതികളുടെ അക്രമത്തിന് അടിയന്തിരമായി അവസാനം കണ്ടെത്തണമെന്ന പ്രമേയം കഴിഞ്ഞ ദിവസം യുഎന്‍ പാസിക്കിയിരുന്നു. തങ്ങളുടെ കപ്പലുകള്‍ സുരക്ഷിതമാക്കാന്‍ യുഎന്‍ സഖ്യരാജ്യങ്ങള്‍ക്ക് പ്രത്യാക്രമണം നടത്താമെന്നും പ്രമേയം വ്യക്തമാക്കിയിരുന്നു.

രാജ്യാന്തര വാണിജ്യത്തെയും കടല്‍യാത്രയ്ക്കുള്ള സ്വാതന്ത്ര്യത്തെയും ഈ ആക്രമണങ്ങള്‍ ദോഷകരമായി ബാധിക്കുന്നുവെന്നും ചെങ്കടലില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഹൂതികള്‍ എത്രയും വേഗം നിറുത്തണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. 11 രാജ്യങ്ങള്‍ യുഎന്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ റഷ്യ, ചൈന, മൊസാംബിക്, അല്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ വിട്ടുനിന്നു.

ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിനെ അനുകൂലിക്കുന്ന രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരെയാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. യുഎന്‍ പ്രമേയം രാഷ്ട്രീയപരമാണെന്ന് ഹൂതിയുടെ വക്താവ് മൊഹമ്മദ് അലി അല്‍-ഹൂതി ആരോപിച്ചു.

കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ഹൂതികള്‍ തയാറാകേണ്ടി വരുമെന്ന് നേരത്തെയും അമേരിക്കയും സഖ്യകക്ഷികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹൂതികളുടെ ആക്രമണത്തെ ഭയന്ന് 20 ശതമാനത്തോളം കപ്പലുകള്‍ ചെങ്കടല്‍ ഒഴിവാക്കി ആഫ്രിക്ക ചുറ്റിയുള്ള കടല്‍ മാര്‍ഗങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. ചെങ്കടല്‍ പാതയെ അപേക്ഷിച്ച് ഏറെ ദൂരം കൂടിയ ആഫ്രിക്കന്‍ കടല്‍പാതയിലൂടെ സഞ്ചരിക്കുന്നത് കൂടുതല്‍ പണചെലവേറിയതാണ്.

കഴിഞ്ഞ ദിവസം അമേരിക്കയുടെ കപ്പലിന് നേരെ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന് സഹായമെത്തിക്കാനുള്ള കപ്പലായിരുന്നു ഇത്. നവംബര്‍ 19ന് ശേഷം ഹൂതികള്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ നടത്തുന്ന 24ാമത്തെ ആക്രമണമായിരുന്നു ഇത്.

ഇറാന്‍ നിര്‍മിത ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് കപ്പല്‍ ആക്രമിച്ചത്. 18 ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും ഒരു ബാലിസ്റ്റിക് മിസൈലും തകര്‍ത്തുവെന്ന് അമേരിക്ക അവകാശപ്പെട്ടു.

അതിനിടെ യുഎന്‍ നിര്‍ദേശം അവഗണിച്ച് ഹൂതികള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നത് ഇറാനാണെന്ന് സൗദി അറേബ്യയും അമേരിക്കയും ആരോപിച്ചു. ആരോപണം ഇറാന്‍ തള്ളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.