'മാര്‍ച്ച് 15 നകം സൈന്യത്തെ പിന്‍വലിക്കണം':ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്: ആവശ്യം മുയിസുവിന്റെ ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ

'മാര്‍ച്ച് 15 നകം സൈന്യത്തെ പിന്‍വലിക്കണം':ഇന്ത്യയ്ക്ക് അന്ത്യശാസനവുമായി മാലദ്വീപ്: ആവശ്യം മുയിസുവിന്റെ  ചൈനാ സന്ദര്‍ശനത്തിന് പിന്നാലെ

ന്യൂഡല്‍ഹി: മാലദ്വീപില്‍ നിന്ന് മാര്‍ച്ച് 15 നകം ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു. അഞ്ച് ദിവസം നീണ്ട മുയിസുവിന്റെ ചൈനാ സന്ദര്‍ശനത്തിന് പിന്നാലെയാണ് മാലദ്വീപിന്റെ അന്ത്യശാസനം.

ഇന്ത്യന്‍ സൈന്യത്തിന് മാലദ്വീപില്‍ തുടരാനാവില്ല. ഇത് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെയും സര്‍ക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റിന്റെ ഓഫീസിലെ പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം നിലവില്‍ 88 ഇന്ത്യന്‍ സൈനികരാണ് മാലദ്വീപിലുള്ളത്.

തിരഞ്ഞെടുപ്പില്‍ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു നിലവിലെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു അധികാരത്തില്‍ എത്തിയത്. ചൈനയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവ് കൂടിയാണ് അദേഹം.

ടൂറിസം പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ലക്ഷദ്വീപിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുവച്ച സമൂഹ മാധ്യമ പോസ്റ്റിനെതിരെ മാലദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മല്‍ഷ ഷരീഫ്, അബ്ദുല്ല മഹ്‌സും മജീദ് എന്നിവര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് മാലദ്വീപ് ഭരണകൂടം മന്ത്രിമാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

നരേന്ദ്ര മോഡിക്കെതിരായ മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ മാലദ്വീപിനെ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം നല്‍കുകയും അവിടേക്കുള്ള ഇന്ത്യന്‍ വിനോദ സഞ്ചാരികളില്‍ ഭൂരിപക്ഷവും തങ്ങളുടെ യാത്ര റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ ചൈന സന്ദര്‍ശിച്ച മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു 20 സുപ്രധാന കരാറുകളില്‍ ഒപ്പുവയ്ക്കുകയും ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ മാലദ്വീപിലേക്കുള്ള യാത്ര റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സഞ്ചാരികളെ അയയ്ക്കണമെന്ന് ചൈനയോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.