ബിഷപ്പ് അൽവാരസ് ഉൾപ്പെടെ തടവിലാക്കപ്പെട്ട ബിഷപ്പുമാരെയും പുരോഹിതന്മാരെയും മോചിപ്പിച്ച് നിക്കരാഗ്വൻ ഭരണകൂടം

ബിഷപ്പ് അൽവാരസ് ഉൾപ്പെടെ തടവിലാക്കപ്പെട്ട ബിഷപ്പുമാരെയും പുരോഹിതന്മാരെയും മോചിപ്പിച്ച് നിക്കരാഗ്വൻ ഭരണകൂടം

മനാ​ഗ്വ: നിക്കരാഗ്വൻ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ സ്വേച്ഛാധിപത്യം മൂലം ബന്ദികളാക്കിയ രണ്ട് ബിഷപ്പുമാരെയും പതിനഞ്ചോളം വൈദികരെയും സെമിനാരിക്കാരെയും ഭരണകൂടം ജയിൽ മോചിതരാക്കി. മാതഗൽപ ബിഷപ്പ് റൊളാൻഡോ അൽവാരസും ഉൾപ്പെടെയുള്ളവരെ വത്തിക്കാനുമായുള്ള ധാരണയിലാണ് മോചിപ്പിച്ചത്. മോചിപ്പിച്ചവരെ വത്തിക്കാനിലേക്ക് അയച്ചെന്ന് കാതോലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മിയാമി അതിരൂപതയിലെ സെന്റ് അഗതാ ദൈവാലയത്തിൽ നടന്ന വിശുദ്ധ കുർബാനക്കിടെ ഒർട്ടെഗ സ്വേച്ഛാധിപത്യത്തിന്റെ പീഡനത്തെ തുടർന്ന് നാടുകടത്തപ്പെട്ട മനാഗ്വയിലെ സഹായ മെത്രാൻ സിൽവിയോ ജോസ് ബെയ്‌സ്, ബിഷപ്പുമാരുടെയും വൈദികരുടെയും സെമിനാരിയന്മാരുടെയും മോചനത്തെക്കുറിച്ചുള്ള വാർത്ത  സ്ഥിരീകരിച്ചു.

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയ്ക്കും പരിശുദ്ധ സിംഹാസനത്തിന്റെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിനും അതിന്റെ തലവനും കർദിനാളിനും കർദിനാൾ പിയട്രോ പരോളിനും ടീമിനും വളരെ ആദരവോടെ നന്ദി പറയുന്നു. രണ്ട് ബിഷപ്പുമാരുടെയും പതിനഞ്ച് വൈദികരുടെയും രണ്ട് സെമിനാരിക്കാരുടെയും വത്തിക്കാനിലേക്കുള്ള യാത്ര സാധ്യമാക്കുന്നതിനുള്ള കാര്യങ്ങൾ ചെയ്തതിന് പ്രത്യേകം നന്ദി.

പരിശുദ്ധ സിംഹാസനവും നിക്കരാഗ്വയും തമ്മിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വത്തിക്കാൻ അധികാരികൾ ശ്രമിക്കുന്നുണ്ടെന്ന് ഒർട്ടെഗ ഭരണകൂടം പ്രസ്താവനയിലൂടെ അറിയിച്ചു.

പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ കടുത്ത വിമർശകനായ ബിഷപ്പ് അൽവാരസിനെ രാജ്യദ്രോഹകുറ്റം ചുമത്തിയും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചും 2022 ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തോടൊപ്പം നാല് വൈദികരെയും സെമിനാരി വിദ്യാർത്ഥികളെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അമേരിക്കയിലേക്ക് നാടു കടത്തിയെങ്കിലും അതിന് തയാറാകാത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പിന് 26 വർഷത്തെ ജയിൽ ശിക്ഷ വിധിച്ചത്.

ഇതിന് പുറമേ, അൽവാരസിന്റെ പൗരത്വവും പൗരാവകാശങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കി. വത്തിക്കാനും അമേരിക്കയടക്കമുള്ള രാജ്യങ്ങളും ബിഷപ്പിനെ വിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. ബിഷപ്പിന്റെ അറസ്റ്റിൽ മനുഷ്യാവാകാശ സംഘടനകളും ഐക്യരാഷ്ട്ര സഭയും അപലപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.