അമേരിക്കയില്‍ നൈട്രജന്‍ ശ്വസിപ്പിച്ചുള്ള ആദ്യ വധശിക്ഷ ഈ മാസം 25ന്; പ്രതിഷേധം ശക്തം

അമേരിക്കയില്‍ നൈട്രജന്‍ ശ്വസിപ്പിച്ചുള്ള ആദ്യ വധശിക്ഷ ഈ മാസം 25ന്; പ്രതിഷേധം ശക്തം

ന്യൂയോര്‍ക്ക്: നൈട്രജന്‍ നല്‍കിയുള്ള വധശിക്ഷയ്ക്ക് അമേരിക്കയില്‍ അനുമതി. അലബാമ സ്റ്റേറ്റിനാണ് അമേരിക്കന്‍ ഫെഡറല്‍ കോടതി അനുമതി നല്‍കിയത്. ഈ മാസം 25ന് യൂജിന്‍ സ്മിത്ത് എന്നയാള്‍ക്ക് ഇത്തരത്തില്‍ വധശിക്ഷ നടപ്പാക്കും. അതേസമയം നൈട്രജന്‍ നല്‍കി വധിക്കരുതെന്ന സ്മിത്തിന്റെ അഭ്യര്‍ത്ഥന കോടതി തള്ളി. ഈ മാര്‍ഗം ക്രൂരമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. ഫെഡറല്‍ കോടതി നിലപാടില്‍ ഐക്യരാഷ്ട്ര സഭയും ആശങ്ക പ്രകടിപ്പിച്ചു

അമേരിക്കയില്‍ ആദ്യമായാണ് നൈട്രജനിലൂടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രത്യേക മാസ്‌കിലൂടെ നൈട്രജന്‍ ശ്വസിപ്പിച്ച് ശരീരത്തിലെ ഓക്‌സിജന്‍ നഷ്ടമാക്കി മരണത്തിന് കീഴടക്കുകയാണ് ചെയ്യുന്നത്. കൊലക്കേസ് പ്രതിയാണ് സ്മിത്ത്.

യു.എസില്‍ ഈ രീതിയിലുള്ള വധശിക്ഷ നടപ്പാക്കാന്‍ കോടതി ഉത്തരവ് ഇതാദ്യമാണ്. പുതിയ വധശിക്ഷാ രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും അതെല്ലാം കോടതി തള്ളി. യുഎസിലെ 50 സംസ്ഥാനങ്ങളില്‍ ഇരുപത്തിയേഴില്‍ മാത്രമാണു വധശിക്ഷ നിയമപരം. വിഷ രാസവസ്തുക്കള്‍ കുത്തിവച്ചാണു പൊതുവേ ശിക്ഷ നടപ്പാക്കാറുള്ളത്. മിസിസിപ്പി, ഓക്ലഹോമ സംസ്ഥാനങ്ങളിലും നൈട്രജന്‍ വധശിക്ഷയ്ക്കു അംഗീകാരമുണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല

ഒരു വ്യക്തിയെ നൈട്രജന്‍ മാത്രം ശ്വസിക്കാന്‍ നിര്‍ബന്ധിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓക്‌സിജന്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ് ഈ വധശിക്ഷ നടപ്പാക്കുന്നത്. ഓക്‌സിജന്‍ ഒട്ടും നല്‍കാതെ നൈട്രജന്‍ മാത്രം ശ്വാസകോശത്തിലേക്ക് എത്തിയാല്‍ അത് മരണത്തിനു കാരണമാകും. യുഎസ് കെമിക്കല്‍ സേഫ്റ്റി ബോര്‍ഡിന്റെ അഭിപ്രായത്തില്‍ ഓക്‌സിജനുമായി കലര്‍ന്നാല്‍ മാത്രമേ നൈട്രജന്‍ ശ്വസിക്കാന്‍ സുരക്ഷിതമാകുകയുള്ളൂ.

ഇന്ത്യ, യു.എസ്, ബെലറൂസ്, ചൈന, ഈജിപ്റ്റ്, ഇറാന്‍, ജപ്പാന്‍, മംഗോളിയ, പാകിസ്ഥാന്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, മലേഷ്യ തുടങ്ങിയവയാണ് ഇപ്പോഴും വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ചിലത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ ഇടങ്ങളിലും വധശിക്ഷ നിലവിലില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.