ചന്ദ്രനിലിറങ്ങാന്‍ ലക്ഷ്യമിട്ട അമേരിക്കന്‍ പേടകം തിരികെ ഭൂമിയിലേക്ക്; നാളെയോടെ ഓസ്‌ട്രേലിയയ്ക്കു മുകളിലായി കത്തിത്തീരുമെന്ന് ഗവേഷകര്‍

ചന്ദ്രനിലിറങ്ങാന്‍ ലക്ഷ്യമിട്ട അമേരിക്കന്‍ പേടകം തിരികെ ഭൂമിയിലേക്ക്; നാളെയോടെ ഓസ്‌ട്രേലിയയ്ക്കു മുകളിലായി കത്തിത്തീരുമെന്ന് ഗവേഷകര്‍

കാലിഫോര്‍ണിയ: അമേരിക്കയിലെ സ്വകാര്യ കമ്പനിയുടെ ചാന്ദ്രദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പേടകം ഭൂമിയിലേക്ക് തിരിച്ചെത്തുന്നു. പെരെഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍ ജനുവരി എട്ടിനാണ് വിക്ഷേപിച്ചത്. ഏറെ പ്രതീക്ഷയോടെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ വേണ്ടിയാണ് ഇവയെ വിക്ഷേപിച്ചത്. എന്നാല്‍ വിക്ഷേപണത്തിനു പിന്നാലെ യു.എസിന്റെ ഈ ദൗത്യം പരാജയമാവുകയായിരുന്നു.

പേടകം ഇപ്പോള്‍ ഭൂമിയിലേക്ക് നീങ്ങുകയാണെന്നും അന്തരീക്ഷത്തില്‍ കത്തിത്തീരാന്‍ സാധ്യതയുണ്ടെന്നും കമ്പനി വക്താക്കള്‍ പറഞ്ഞു. നാളെയോടെ പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ച് കത്തിത്തീരുമെന്ന് ആസ്‌ട്രോബോട്ടിക് സ്ഥിരീകരിച്ചു.

പെരെഗ്രിന്‍ പേടകം ഭൂമിയിലേക്കെത്തുന്ന സമയമോ സ്ഥലമോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ലഭ്യമായ ട്രാക്കിങ് ഡാറ്റ പരിശോധിച്ച് ചില സ്വതന്ത്ര വിശകലന വിദഗ്ധര്‍ പറയുന്നത് ഓസ്ട്രേലിയയ്ക്ക് മുകളിലായി കത്തിത്തീരുമെന്നാണ്.

ആസ്ട്രോബോട്ടിക്കാണ് ഈ ബഹിരാകാശ പേടകം നിര്‍മിച്ചത്. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വുള്‍ക്കാന്‍ സെന്റോര്‍ റോക്കറ്റിലാണ് പേടകം വിക്ഷേപിച്ചത്. എന്നാല്‍ ഇന്ധന ചോര്‍ച്ചയാണ് ഈ ദൗത്യത്തിന് വില്ലനായത്.

പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെടുത്തിയതിന് തൊട്ടുപിന്നാലെ, പൊട്ടിത്തെറി ഉണ്ടാകുകയും കൂടുതല്‍ അളവില്‍ പ്രൊപ്പല്ലന്റ് നഷ്ടപ്പെടുകയും ചെയ്തു. ദൗത്യം പരാജയമാണെന്നും ചന്ദ്രനില്‍ ഇറങ്ങാനാകില്ലെന്നും കമ്പനി അറിയിച്ചു. നാസയടക്കമുള്ള ഏജന്‍സികളുടെ ഉപകരണങ്ങള്‍ വഹിച്ചായിരുന്നു പേടകത്തിന്റെ യാത്ര.

പെട്ടി ആകൃതിയിലുള്ള പേടകം ഇപ്പോള്‍ അഞ്ച് ദിവസത്തിലേറെയായി ബഹിരാകാശത്ത് തുടരുകയാണ്. ഭൂമിയില്‍ നിന്ന് 234,000 മൈല്‍ (376,600 കിലോമീറ്റര്‍) അകലെയാണ് പേടകമെന്നും ആസ്‌ട്രോബോട്ടിക് കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ ആദ്യ സ്വകാര്യ ചാന്ദ്രപര്യവേഷണം ചരിത്രം സൃഷ്ടിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിച്ചിരുന്നത്. ചാന്ദ്ര പര്യവേഷണ ദൗത്യങ്ങള്‍ക്ക് വാണിജ്യ പങ്കാളികളെ സഹകരിപ്പിക്കാനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് കൂടിയാണ് പെരെഗ്രിന്റെ പരാജയത്തിലൂടെ തിരിച്ചടി നേരിട്ടത്.

ഇസ്രയേലി സ്ഥാപനത്തിനും ജാപ്പനീസ് കമ്പനിക്കും പിന്നാലെ സോഫ്റ്റ് ലാന്‍ഡിങ്ങില്‍ പരാജയപ്പെട്ട ഏറ്റവും പുതിയ സ്വകാര്യ സ്ഥാപനമാണ് ആസ്‌ട്രോബോട്ടിക്. നാസയുടെ ഉപകരണങ്ങള്‍ വഹിക്കുന്നതിന് 100 മില്യണ്‍ ഡോളറിലധികം ആസ്ട്രോബോട്ടിക് കമ്പനിക്ക് നല്‍കിയിരുന്നു. പദ്ധതി പരാജയപ്പെട്ടെങ്കിലും ദൗത്യം ഇനിയും തുടരുമെന്നും കമ്പനി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.