ജയില്‍മോചിതനായ രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ സ്വീകരണം; രാത്രി വൈകിയും പുഷ്പവൃഷ്ടിയുമായി നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും

ജയില്‍മോചിതനായ രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ സ്വീകരണം; രാത്രി വൈകിയും പുഷ്പവൃഷ്ടിയുമായി നേതാക്കളും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും

തിരുവനന്തപുരം: ഒമ്പതുദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് വന്‍ സ്വീകരണം. പ്രമുഖ നേതാക്കളുള്‍പ്പെടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടിയോടെയാണ് രാഹുലിനെ ജയിലിന് പുറത്ത് സ്വീകരിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ അടക്കമുള്ള നേതാക്കള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്‍പില്‍ എത്തിയിരുന്നു. ജാമ്യത്തുക അടയ്ക്കുന്നതില്‍ ഉണ്ടായ അനിശ്ചിതത്വത്തിന് ഒടുവില്‍ രാത്രി വൈകിയാണ് രാഹുലിന് പുറത്തിറങ്ങാനായത്.

രണ്ട് പേരുടെ ആള്‍ജാമ്യം അല്ലെങ്കില്‍ 50,000 രൂപയുടെ ബോണ്ട്, പൊതുമുതല്‍ നശിപ്പിച്ചതിന് 1360 രൂപ പിഴ അടയ്ക്കുക, ആറാഴ്ചത്തേക്ക് എല്ലാ തിങ്കളാഴ്ചയും പോലീസിന് മുന്നില്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ട്രഷറി സമയം കഴിഞ്ഞതു മൂലം ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാതായതോടെ ജയില്‍മോചനം അനിശ്ചിതത്വത്തിലായി.

ഒടുവില്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയിലില്‍ നിന്നു മോചിതനായത്.

യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് പ്രതിഷേധവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസിലാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. കന്റോണ്‍മെന്റ് പോലീസിനു പുറമെ മ്യൂസിയം പോലീസ് സ്റ്റേഷനിലും രാഹുലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

പൊതുമുതല്‍ നശിപ്പിച്ചു, പോലീസിനെ ആക്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. ഇരു കേസുകളിലും ജാമ്യം ലഭിച്ചതോടെയാണ് അറസ്റ്റിലായി ഒന്‍പതാം ദിവസം രാഹുലിന് പുറത്തിറങ്ങാന്‍ വഴിതെളിഞ്ഞത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.