ജീവനെടുക്കാന്‍ വരെ ശേഷി; ക്വീന്‍സ് ലന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും ഭീഷണിയായി വിഷ ഉറുമ്പുകളുടെ സാന്നിധ്യം; അതീവ ജാഗ്രതാ നിര്‍ദേശം

ജീവനെടുക്കാന്‍ വരെ ശേഷി; ക്വീന്‍സ് ലന്‍ഡിലും ന്യൂ സൗത്ത് വെയില്‍സിലും ഭീഷണിയായി വിഷ ഉറുമ്പുകളുടെ സാന്നിധ്യം; അതീവ ജാഗ്രതാ നിര്‍ദേശം

സിഡ്‌നി: ഓസ്ട്രേലിയയില്‍ ജനജീവിതം ദുസഹമാക്കിയ വെള്ളപ്പൊക്കത്തിന് പിന്നാലെ വടക്കുകിഴക്കന്‍ മേഖലയില്‍ വിഷ ഉറുമ്പുകളുടെ സാന്നിധ്യത്തെക്കുറിച്ച് മുന്നറിയിപ്പുമായി പരിസ്ഥിതി സംഘടനകള്‍. രൂക്ഷമായ വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായ ക്വീന്‍സ് ലന്‍ഡ്, ന്യൂ സൗത്ത് വെയില്‍സ് മേഖലകളിലാണ് ഉറുമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

മാരക കീടങ്ങളുടെ പട്ടികയില്‍പ്പെടുന്ന ഫയര്‍ ആന്റുകള്‍ ഓസ്ട്രേലിയയിലുണ്ടായ വെള്ളപ്പൊക്കത്തോടെ പലയിടങ്ങളിലും വ്യാപിക്കുകയായിരുന്നു. ഉറുമ്പുകള്‍ ചെറിയകൂട്ടങ്ങളായി വെള്ളത്തിലൂടെ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ബി.ബി.സി, ദ ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് മുന്നറിയിപ്പുമായി റിപ്പോര്‍ട്ടുകളും വീഡിയോകളും പുറത്തുവിട്ടിരിക്കുന്നത്.

ആളുകളെ കൊല്ലാന്‍ വരെ ശേഷിയുള്ള മാരകവിഷമാണ് ഇവ കടിച്ചാല്‍ ശരീരത്തിലെത്തുക. ഇതോടെ ജനങ്ങളും ആശങ്കയിലാണ്. കാറ്റിന്റെ സഹായത്തോടെ ജലാശയങ്ങളിലൂടെ സഞ്ചരിച്ചാണ് ഇവ ഓരോ പ്രദേശങ്ങളിലായി എത്തിപ്പെടുന്നത്.

തെക്ക്-കിഴക്കന്‍ ക്വീന്‍സ്ലന്‍ഡിലും വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലുമുടനീളമുള്ള ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാന്‍ ഇന്‍വേസീവ് സ്പീഷീസ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. '
ഓസ്ട്രേലിയയുടെ സവിശേഷമായ കാലാവസ്ഥയും പ്രളയ മേഖലകളില്‍ കെട്ടിക്കിടക്കിടക്കുന്ന വെള്ളവുമാണ് ഇവയ്ക്ക് അനുകൂല അന്തരീക്ഷമൊരുക്കുന്നത്. വെള്ളം കുറഞ്ഞുകഴിഞ്ഞാല്‍ അവയ്ക്ക് കോളനികള്‍ സ്ഥാപിക്കാന്‍ കഴിയും' - കൗണ്‍സില്‍ അംഗമായ റീസ് പിയാന്റ പറഞ്ഞു.

ക്വീന്‍സ്ലന്‍ഡിലെയും ന്യൂ സൗത്ത് വെയില്‍സിലെയും ജനങ്ങള്‍ അവരുടെ താമസ സ്ഥലത്ത് വിഷ ഉറുമ്പുകളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ അധികാരികളെ അറിയിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും റീസ് പിയാന്റ മുന്നറിയിപ്പ് നല്‍കി. ക്വീന്‍സ്ലന്‍ഡിലെ ഗോള്‍ഡ് കോസ്റ്റ് മേഖലയില്‍ ഒരു പ്രദേശത്ത് ഇവ കൂട് കൂട്ടുന്ന വീഡിയോയും കൗണ്‍സില്‍ പങ്കുവെച്ചു. 

ബ്രിസ്ബെയ്‌ന്റെ തെക്ക് ഭാഗത്തുള്ള ചൂരല്‍ ഫാമുകളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തി. ആവാസ വ്യവസ്ഥകളെയും ജൈവ വൈവിധ്യങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് ഇവയുടെ സാന്നിദ്ധ്യം. ദക്ഷിണ അമേരിക്കന്‍ സ്വദേശിയായ ഇവയെ 2001ലാണ് ക്വീന്‍സ്ലന്‍ഡില്‍ ആദ്യമായി കണ്ടെത്തിയത്. ബ്രിസ്ബെയ്‌നിലെ 700000 ഹെക്ടര്‍ കരിമ്പ് തോട്ടം ചുരുങ്ങിയ സമയത്തിനുള്ളില്‍ നശിപ്പിച്ച ചരിത്രം ഈ ഉറുമ്പുകള്‍ക്കുണ്ട്.

ഇവ ദക്ഷിണ അമേരിക്കയില്‍ നിന്നും ഓസ്ട്രേലിയയില്‍ എത്തിപ്പെട്ടത് എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. കപ്പല്‍ കണ്ടെയ്നറുകള്‍ വഴിയാകാം എന്നാണ് നിഗമനം. സ്ഥലം നികത്താനായി കൊണ്ടുവരുന്ന മണ്ണിലൂടെയാണ് ഇവയുടെ വലിയ രീതിയിലെ വ്യാപനം നടക്കുന്നതെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്. ശത്രുക്കള്‍ ഇല്ലാത്തതും മറ്റ് ജീവികള്‍ ഇവയെ ആഹാരമാക്കാത്തതും ഇവയുടെ എണ്ണവും വര്‍ധിക്കാന്‍ കാരണമാകുന്നു.

മൂന്ന് വര്‍ഷം പഴക്കമുള്ള ഒരു കോളനിയില്‍ 1,00,000 വിഷ ഉറുമ്പുകളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും, പ്രായപൂര്‍ത്തിയായ ഒരു ഉറുമ്പ് രാജ്ഞിക്ക് പ്രതിദിനം 5,000 മുട്ടകള്‍ വരെ ഇടാന്‍ ശേഷിയുണ്ട്.

ഇവയുടെ കടിയേറ്റാല്‍ ശരീരം ചൊറിഞ്ഞുതടിക്കുകയും അസ്വസ്ഥതകള്‍ക്കിടയാക്കുകയും ചെയ്യും. വളര്‍ത്തുമൃഗങ്ങള്‍ക്കടക്കം ഇവ ഭീഷണിയാണ്. ഉറുമ്പുകള്‍ സസ്യങ്ങളെയും മൃഗങ്ങളെയും ഭക്ഷിക്കുന്നതിലൂടെ ആവാസവ്യവസ്ഥയെത്തന്നെ നശിപ്പിക്കുകയും കാര്‍ഷിക നഷ്ടവും ഉണ്ടാക്കുന്നു.

2017 മുതല്‍ ഇവയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കായി ഓസ്ട്രേലിയന്‍ ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ 670 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളര്‍ ചെലവഴിച്ചിട്ടുണ്ട്. രാജ്യത്തിന്റെ 97 ശതമാനം പ്രദേശങ്ങളിലും വ്യാപിക്കാന്‍ ഈ പ്രാണികള്‍ക്ക് കഴിവുണ്ടെന്ന് കൃഷി, ഫിഷറീസ്, വനം വകുപ്പ് മന്ത്രി മുറെ വാട്ട് പറഞ്ഞു. മറ്റെല്ലാ കീടങ്ങളേക്കാള്‍ നമ്മുടെ കൃഷിക്കും പരിസ്ഥിതിക്കും കൂടുതല്‍ നാശം വരുത്താന്‍ അവയ്ക്ക് കഴിവുണ്ട് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.