വിക്ടോറിയ പാര്‍ലമെന്റില്‍ നിന്ന് സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന ഒഴിവാക്കാന്‍ വീണ്ടും നീക്കം; ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ട് പുതിയ പ്രീമിയര്‍

വിക്ടോറിയ പാര്‍ലമെന്റില്‍ നിന്ന് സ്വര്‍ഗസ്ഥനായ പിതാവേ...' എന്ന പ്രാര്‍ത്ഥന ഒഴിവാക്കാന്‍ വീണ്ടും നീക്കം; ചര്‍ച്ചകള്‍ക്കു വഴിമരുന്നിട്ട് പുതിയ പ്രീമിയര്‍

വിക്ടോറിയ പ്രീമിയര്‍ ജസീന്ത അലന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്ത് പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി ചൊല്ലുന്ന 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന ഒഴിവാക്കാനുള്ള നീക്കത്തിന് വീണ്ടും ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്തിന്റെ പുതിയ പ്രീമിയര്‍ തന്നെയാണ് നൂറ്റാണ്ട് പഴക്കമുള്ള പാരമ്പര്യം ഒഴിവാക്കാനുള്ള നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ പ്രതിഷേധവും ഉയര്‍ന്നുകഴിഞ്ഞു.

ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം കത്തോലിക്കാ വിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന സംസ്ഥാനമാണ് വിക്ടോറിയ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് പ്രാര്‍ത്ഥന ഒഴിവാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം.

'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെ പാര്‍ലമെന്റിന്റെ അനുദിന സമ്മേളനം ആരംഭിക്കുന്ന പതിവ് 1918ലാണ് ആരംഭിക്കുന്നത്. നിലവില്‍ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പാര്‍ലമെന്റും ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടറി ഒഴികെ രാജ്യത്തെ എല്ലാ സംസ്ഥാന സഭകളും 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥനയോടെയാണ് സഭാ സമ്മേളനം ആരംഭിക്കാറുള്ളതും. ഈ പാരമ്പര്യം സംസ്ഥാനത്തിന്റെ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന വിചിത്രമായ വാദമാണ് വിക്ടോറിയയിലെ പുതിയ പ്രീമിയര്‍ ജസീന്ത അലന്‍ ഉന്നയിക്കുന്നത്. ഇൗ വിഷയത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കിടയില്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്കു വഴിമരുന്നിട്ടാണ് പ്രീമിയര്‍ തന്റെ നയം വ്യക്തമാക്കിയത്.

100 വര്‍ഷത്തിലേറെയായി പിന്തുടരുന്ന പാരമ്പര്യം ഇല്ലാതാക്കുന്നതിന് മുമ്പ് ശ്രദ്ധാപൂര്‍വ്വം ചിന്തിക്കണമെന്ന് ബാപ്റ്റിസ്റ്റ് മന്ത്രിയും സാമൂഹിക നീതി അഭിഭാഷകനുമായ ടിം കോസ്റ്റെല്ലോ വിക്ടോറിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.

ഇതാദ്യമായല്ല, 'സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ' എന്ന പ്രാര്‍ത്ഥന വിക്ടോറിയ പാര്‍ലമെന്റില്‍നിന്ന് നീക്കം ചെയ്യാനുള്ള ശ്രമം നടത്തുന്നത്. 2021-ല്‍ പ്രാര്‍ത്ഥന നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോര്‍ത്തേണ്‍ മെട്രോപൊളിറ്റനില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ഫിയോണ പാറ്റന്‍ അവതരിപ്പിച്ച പ്രമേയം പരാജയപ്പെട്ടിരുന്നു. വിശ്വാസികളുടെ പ്രതിരോധവും നാഷണല്‍, ലിബറല്‍ പാര്‍ട്ടി അടക്കമുള്ള പ്രധാന കക്ഷികളുടെ പിന്തുണ നേടാന്‍ കഴിയാതിരുന്നതുമാണ് പ്രമേയം അന്നു പരാജയപ്പെടാന്‍ കാരണം. വിക്ടോറിയയിലെ സംസ്ഥാന പാര്‍ലമെന്റില്‍ നടക്കുന്ന ഈ നീക്കം ദേശീയതലത്തിലേക്കും വ്യാപിക്കുമെന്ന് മുന്‍കൂട്ടി കണ്ട് ക്രിസ്ത്യന്‍ സംഘടനയായ 'ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി' (എ.സി.എല്‍) പ്രമേയത്തിനെതിരേ ഒപ്പുശേഖരണവും നടത്തിയിരുന്നു. അന്നു പരാജയപ്പെട്ട നീക്കമാണ് ഒരിക്കല്‍ക്കൂടി പ്രീമിയറുടെ പിന്തുണയോടെ വീണ്ടും പയറ്റാന്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്.

സുപ്രധാന വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ക്രിസ്തീയ നാമധാരികളായ മന്ത്രിമാര്‍പോലും പ്രാര്‍ത്ഥന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പടുന്നത് വിശ്വാസികളെ കൂടുതല്‍ ദുഃഖത്തിലാക്കുന്നുണ്ട്. പ്രാര്‍ത്ഥന ഒഴിവാക്കാന്‍ എംപിമാര്‍ ചേംബറിന് പുറത്ത് കാത്തുനില്‍ക്കുന്നതും പതിവു കാഴ്ച്ചയാണ്.

സമാനമായ നീക്കം മുന്‍പ് ഓസ്ട്രേലിയയിലെ ഫെഡറല്‍ പാര്‍ലമെന്റിലും നടന്നെങ്കിലും അതും പരാജയപ്പെട്ട സാഹചര്യമാണ് വിശ്വാസീസമൂഹത്തിന് കരുത്തുപകരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.