അപൂര്‍വങ്ങളില്‍ അപൂര്‍വം: ബന്ധുക്കളുടെ മുന്നിലിട്ട് നിഷ്ഠൂരമായി കൊലപ്പെടുത്തി; പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചേക്കാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

അപൂര്‍വങ്ങളില്‍ അപൂര്‍വം: ബന്ധുക്കളുടെ മുന്നിലിട്ട് നിഷ്ഠൂരമായി കൊലപ്പെടുത്തി; പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചേക്കാമെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍

മാവേലിക്കര: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും പ്രതികള്‍ക്കെതിരെ തെളിയിക്കാന്‍ സാധിച്ചതായി കോടതി കണ്ടെത്തിയതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. മുഴുവന്‍ പ്രതികള്‍ക്കെതിരെയും കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. ഇവര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ ആയിരിക്കും ലഭിക്കുക. കോടതി വിധിക്ക് പിന്നാലെ അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരാളുടെ വീട്ടില്‍ക്കയറി കിടന്നുറങ്ങുകയായിരുന്നയാളെ വിളിച്ചുണര്‍ത്തി പ്രായമായ മാതാവിന്റെയും മകളുടെയും ഭാര്യയുടെയും മുന്നില്‍വച്ച് അതിനിഷ്ഠൂരമായാണ് കൊലപ്പെടുത്തിയത്. ഏകദേശം 56 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. മുഖം തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന തരത്തിലുള്ള വാദമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തിയത്.

വളരെ നിഷ്പക്ഷമായ അന്വേഷണമാണ് കേസില്‍ നടന്നത്. സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തിയത്. വിശദമായ തെളിവെടുപ്പ് കേസില്‍ നടന്നു. പ്രതികളിലൊരാളുടെ മൊബൈലില്‍ നിന്ന് ഒരു ഹിറ്റ്ലിസ്റ്റ് കണ്ടെത്തിയിരുന്നു. അതില്‍ ഒന്നാമത്തെ പേരുകാരനായി ഉണ്ടായിരുന്നത് രഞ്ജിത്ത് ശ്രീനിവാസനാണ്. കൊലപാതകത്തില്‍ സഹായികളായവരും ഗൂഢാലോചനയില്‍ പങ്കാളികളായവര്‍ക്കുമായുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇത് ഉടന്‍തന്നെ പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

ആലപ്പുഴയില്‍ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികളായ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍ സലാം, സഫറുദ്ദീന്‍, മന്‍ഷാദ് എന്നിവര്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു. 13, 14, 15 പ്രതികളായ സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍നാസ് അഷ്റഫ് എന്നിവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് ക്രിമിനല്‍ ഗൂഢാലോചന കുറ്റമാണ്.

മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി ശ്രീദേവിയാണ് വിധി പറയുന്നത്. പ്രതികളെല്ലാം എസ്ഡിപിഐ - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.