വിദേശ പഠന വിസാ പെര്‍മിറ്റ് മൂന്നിലൊന്നാക്കി കുറച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കനേഡിയന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

വിദേശ പഠന വിസാ പെര്‍മിറ്റ് മൂന്നിലൊന്നാക്കി കുറച്ചു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കനേഡിയന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടി

വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് വലിയ ഫീസ് ഈടാക്കി കാര്യമായ ഒരു വിദ്യാഭ്യാസവും നല്‍കാത്ത സ്വകാര്യ കോളജുകള്‍ക്കും വ്യാജ സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍. കൊമേഴ്‌സിലോ ബിസിനസിലോ വ്യാജ ബിരുദം കരസ്ഥമാക്കിയ ശേഷം ഇവിടെ യൂബര്‍ ഓടിക്കാന്‍ അനുവദിക്കുന്നതല്ല ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദേഹം പറഞ്ഞു.

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ പരിധി ഏര്‍പ്പെടുത്തി കാനഡ. പഠന വിസയ്ക്കുള്ള അപേക്ഷകള്‍ അനുവദിക്കുന്ന നിരക്ക് 35 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം.

കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനയും അതുണ്ടാക്കിയ ഭവന പ്രതിസന്ധിയും പാര്‍ട് ടൈം ജോലിയുടെ ലഭ്യതക്കുറവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.

വിസ അനുവദിക്കുന്ന നിരക്ക് കുറയുന്നതോടെ ഏകദേശം 3,60,000 വിസകള്‍ മാത്രമാണ് 2024 ല്‍ അനുവദിക്കുക. ഈ വര്‍ഷത്തേക്ക് മാത്രമാണ് തീരുമാനമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും അടുത്ത വര്‍ഷം എങ്ങനെയായിരിക്കണം എന്നുള്ള കാര്യം ഈ വര്‍ഷത്തിന്റെ അവസാനത്തോടെ തീരുമാനിക്കുമെന്നാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലര്‍ അഭിപ്രായപ്പെട്ടത്.

വിദേശ വിദ്യാര്‍ഥികളില്‍ നിന്ന് ഉയര്‍ന്ന ഫീസ് വാങ്ങി മോശം സേവനങ്ങള്‍ നല്‍കുന്ന സ്വകാര്യ കോളജുകളെക്കുറിച്ചുള്ള ആശങ്കകളും അദേഹം പങ്കുവച്ചു. ഇത്തരം സ്വകാര്യ കോളജുകള്‍ക്കും വ്യാജ സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കി.

ഇത്തരം നടപടികള്‍ ഒരിക്കലും അംഗീകരിക്കാനാവില്ല. വിദേശത്ത് നിന്നെത്തി കൊമേഴ്‌സിലോ ബിസിനസിലോ വ്യാജ ബിരുദം കരസ്ഥമാക്കിയ ശേഷം ഇവിടെ യൂബര്‍ ഓടിക്കാന്‍ അനുവദിക്കുന്നതല്ല ഈ പദ്ധതിയുടെ ലക്ഷ്യമെന്നും മാര്‍ക്ക് മില്ലര്‍ കൂട്ടിച്ചേര്‍ത്തു.

2023 ല്‍ ഒന്‍പത് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് കാനഡയിലെത്തിയത്. കൂടാതെ അഞ്ച് ലക്ഷത്തോളം സ്ഥിര താമസക്കാരുമെത്തി. ഇത് 3,45,000 ഭവന യൂണിറ്റുകളുടെ കുറവുണ്ടാകാന്‍ കാരണമായി. ഇതോടെ പലിശ നിരക്കുകള്‍ വര്‍ധിക്കുകയായിരുന്നു.

2022 ല്‍ കാനഡയിലെ വിദേശ വിദ്യാര്‍ഥി ജനസംഖ്യയുടെ 40 ശതമാനവും ഇന്ത്യന്‍ വിദ്യാര്‍ഥികളായിരുന്നു. അതുകൊണ്ടുതന്നെ പുതിയ തീരുമാനം ഇന്ത്യക്കാരായ വിദ്യാര്‍ഥികളെ സാരമായി ബാധിക്കാനിടയുണ്ട്. പി.ആര്‍ എടുത്ത് സ്ഥിര താമസമാക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യക്കാരുടെ പ്രിയ രാജ്യങ്ങളില്‍ ഒന്നാണ് കാനഡ.

സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കാനഡയിലെ വിദ്യാര്‍ഥി അവകാശ സംഘടനയായ കനേഡിയന്‍ അലയന്‍സ് ഓഫ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ രംഗത്ത് വന്നിട്ടുണ്ട്. വിദേശ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ പാര്‍പ്പിടമാണ് ആവശ്യമെന്നും വിസ പരിധി നിശ്ചയിക്കലല്ല അതിന് പരിഹാരമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.