തകര്‍ന്നു വീണ റഷ്യന്‍ യുദ്ധവിമാനത്തെ ചുറ്റി അടിമുടി ദുരൂഹത; പരസ്പരം പഴിചാരി യുക്രെയ്‌നും റഷ്യയും

തകര്‍ന്നു വീണ റഷ്യന്‍ യുദ്ധവിമാനത്തെ ചുറ്റി അടിമുടി ദുരൂഹത; പരസ്പരം പഴിചാരി യുക്രെയ്‌നും റഷ്യയും

ലിപ്റ്റ്‌സി: യൂക്രെയ്ന്‍ അതിര്‍ത്തിയില്‍ തകര്‍ന്നുവീണ റഷ്യയുടെ യുദ്ധവിമാനത്തെ ചുറ്റിപ്പറ്റി ദുരൂഹത ഏറുന്നു. യുദ്ധവിമാനം തകര്‍ന്നതിന് പിന്നില്‍ സാങ്കേതിക തകരാറാണോ അതോ യൂക്രെയ്ന്‍ മിസൈല്‍ ഉപയോഗിച്ച് ആക്രമിച്ചതാണോ എന്നതിന് ഇനിയും സ്ഥിരീകരണം ആയിട്ടില്ല.

പരസ്പരം പഴിചാരി യൂക്രെയ്‌നും റഷ്യയും രംഗത്തെത്തി. തകര്‍ന്നുവീണ യുദ്ധവിമാനത്തില്‍ യുക്രെയ്ന്‍ യുദ്ധതടവുകാരായിരുന്നുവെന്ന് റഷ്യ അറിയിച്ചു. യൂക്രെയ്‌നു തിരിച്ചുനല്‍കാന്‍ കൊണ്ടുപോയതായിരുന്നു ഇവരെന്നാണ് റഷ്യയുടെ വാദം. ഈ വാദം നിരസിച്ച യുക്രെയ്ന്‍, വിമാനത്തില്‍ മിസൈലും മറ്റ് ആയുധങ്ങളും ആയിരുന്നുവെന്ന് ആരോപിച്ചു.

യൂക്രെയ്ന്‍ വെടിവെച്ചുവീഴ്ത്തിയതാണ് യുദ്ധവിമാനമെന്ന് ചില മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യൂക്രെയ്ന്‍ മിസൈല്‍ ഉപയോഗിച്ചു തങ്ങളുടെ വിമാനം തകര്‍ക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ ആരോപണം.

യൂക്രെയ്‌നിലെ ഖാര്‍ഖിവ് പ്രവിശ്യയില്‍ നിന്ന് വിമാനത്തിന് നേരെ മിസൈല്‍ വിക്ഷേപിച്ചത് റഡാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റഷ്യന്‍ സൈനിക വക്താവ് വെളിപ്പെടുത്തി.

അതേ സമയം, സൈനിക വിമാനം തകര്‍ന്നു വീണ സ്ഥലം യുക്രെയ്ന്‍ മിസൈലുകളുടെ പരിധിക്ക് അപ്പുറത്താണെന്ന് യുക്രെയ്ന്‍ സൈനിക മേധാവി വെളിപ്പെടുത്തി. ലിപ്റ്റ്‌സിയില്‍ നിന്നും അകലെയാണ് വിമാനം തകര്‍ന്നുവീണത്.

കരയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് തൊടുക്കാവുന്ന മിസൈലുകളുടെ പരിധി 50 മൈല്‍ മാത്രമാണെന്ന് യുക്രെയ്ന്‍ സൈനിക വക്താവ് ചൂണ്ടിക്കാട്ടി. മറിച്ച് ഈ വിമാനം നിറയെ റഷ്യയുടെ ആയുധങ്ങളായിരുന്നുവെന്ന് യുക്രെയ്ന്‍ ആരോപിച്ചു. റഷ്യന്‍ യുദ്ധവിമാനം വരുന്ന വിവരം യുക്രെയ്ന്‍ അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

വിദേശ നിര്‍മിത മിസൈലുകളാണ് തങ്ങളുടെ വിമാനത്തിന് നേരെ യുക്രെയ്ന്‍ ഉപയോഗിച്ചതെന്നും ഇത് അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിബന്ധനകളുടെ ലംഘനമാണെന്നും റഷ്യ ചൂണ്ടിക്കാട്ടി. അമേരിക്കയോ ജര്‍മനിയോ നല്‍കിയ മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ വിമാനം തകര്‍ത്തിരിക്കുന്നതെന്നാണ് റഷ്യയുടെ വാദം.

അതേ സമയം, 65 തടവുകാര്‍ക്കൊപ്പം വെറും മൂന്ന് സൈനികര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നത് സംശയാസ്പദമാണ്. കാരണം സാധരണയായി യുദ്ധതടവുകാരെ കൈമാറ്റം ചെയ്യുന്നതിനായി കൊണ്ടുപോകുമ്പോള്‍ തടവുകാരുടെ എണ്ണത്തിന് അനുപാതികമായി സൈനികരും വിമാനത്തില്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇന്നത്തെ ദുരന്തത്തില്‍ അത് സംഭവിച്ചിട്ടില്ലെന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റഷ്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് യൂക്രെയ്ന്‍ അതിര്‍ത്തിയായ ബെല്‍ഗോറോദിന് സമീപം യുദ്ധവിമാനം തകര്‍ന്നുവീണത്. റഷ്യ നല്‍കുന്ന വിവരമനുസരിച്ച് 65 യുക്രെയ്ന്‍ തടവുകാരും ആറ് വിമാന ജീവനക്കാരും മൂന്ന് റഷ്യന്‍ ഉദ്യോഗസ്ഥരും അടക്കം 74 പേരാണ് അപകടത്തില്‍ മരിച്ചത്.

വിമാനം തകര്‍ന്നുവീഴുന്നതിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപകടത്തിന് നിമിഷങ്ങള്‍ക്ക് മാത്രം മുന്‍പുള്ള വിഡിയോയില്‍, വിമാനം അതിവേഗം താഴേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഉള്ളത്. താഴെ വീണതിന് ശേഷം കനത്ത അഗ്നിജ്വാല ഉയരുന്നതും ദൃശ്യത്തിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.