'കേന്ദ്ര മന്ത്രിപദം കരുണാകരന്‍ തെറിപ്പിച്ചു; മുഖ്യമന്ത്രിയാവാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ ബാര്‍ കോഴക്കേസില്‍ ചെന്നിത്തല പകരം വീട്ടി': മാണിയുടെ ആത്മകഥ

 'കേന്ദ്ര മന്ത്രിപദം കരുണാകരന്‍ തെറിപ്പിച്ചു; മുഖ്യമന്ത്രിയാവാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ ബാര്‍ കോഴക്കേസില്‍ ചെന്നിത്തല പകരം വീട്ടി': മാണിയുടെ ആത്മകഥ

കോട്ടയം: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം നേതാവുമായ കെ.എം മാണിയുടെ ആത്മകഥ പ്രകാശനത്തിന് മുന്‍പേ ചര്‍ച്ചയായി. കെ.കരുണാകരന്‍, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങി ഒട്ടുമിക്ക കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിക്കുന്ന കെ.എം മാണിയുടെ ആത്മകഥ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രകാശനം ചെയ്യും.

കേന്ദ്ര മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിയിലെത്താനുള്ള അവസരം കെ.കരുണാകരന്‍ ഇടപെട്ട് ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല ബാര്‍കോഴ കേസില്‍ തനിക്കെതിരെ തിരിഞ്ഞുവെന്നും കെ.എം മാണി തന്റെ ആത്മകഥയില്‍ പറയുന്നു.

ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ കോഴ കേസെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എക്കാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കളാണെന്ന കുറ്റപ്പെടുത്തലാണ് ആത്മകഥയിലെ രാഷ്ട്രീയ അധ്യായങ്ങളില്‍ പ്രധാനമായും ഉള്ളത്.

ബാര്‍ കോഴ ആരോപണത്തിലാവട്ടെ പേരെടുത്ത് പരാമര്‍ശിക്കുന്നത് അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയെയാണ്. രമേശിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് സമീപിച്ചിരുന്നു. അതിന് താന്‍ വില കല്‍പ്പിച്ചില്ല.

ഇതോടെ ബാര്‍ കോഴ ആരോപണം ഒരു വടിയായി തനിക്കെതിരെ ഉപയോഗിച്ചു. ആരോപണം ഉണ്ടാവാന്‍ കാത്തിരുന്നത് പോലെയാണ് ചെന്നിത്തല പ്രവര്‍ത്തിച്ചതെന്നും അടിയന്തര കാര്യം എന്നത് പോലെ തനിക്കെതിരെ വിജിലന്‍സിന്റെ ത്വരിതാന്വേഷണം പ്രഖ്യാപിച്ചുവെന്നും മാണിയുടെ ആത്മകഥയില്‍ ആരോപിക്കുന്നു.

താന്‍ ഇത്തിരി വെള്ളം കുടിക്കട്ടെ എന്ന് ചെന്നിത്തല മനസില്‍ കരുതിയിരിക്കും. തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിക്ക് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. അദേഹത്തിന്റെ മകളുടെ കല്യാണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിവാഹ നടത്തിപ്പുകാരായി മാറിയെന്നും മാണി ആത്മകഥയില്‍ കുറിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്നും മാണി കുറ്റപ്പെടുത്തുന്നു. ആരോപണങ്ങളെ അതിജീവിച്ച് താന്‍ പാലായില്‍ ജയിച്ചെങ്കിലും യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണം കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയായിരുന്നുവെന്നും ആത്മകഥയില്‍ ചൂണ്ടിക്കാണിക്കുന്നു.

മരിക്കുന്നതിന് ആറ് മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നതെന്നാണ് കെ.എം മാണി ഫൗണ്ടേഷന്‍ നല്‍കുന്ന വിശദീകരണം. ചടങ്ങിലേക്ക് ഒരു കോണ്‍ഗ്രസ് നേതാവിനെയും ക്ഷണിച്ചിട്ടില്ല. യുഡിഎഫില്‍ നിന്നും മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയ്ക്ക് മാത്രമാണ് ക്ഷണമുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.