അറിയുമോ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്ത്രീകളെ?

അറിയുമോ ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണ സഭയില്‍ സാന്നിധ്യം അറിയിച്ച മലയാളി സ്ത്രീകളെ?

1947 ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് ഭരണഘടനാ നിര്‍മാണസഭ നിലവില്‍ വരുന്നത്. ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ ഭരണഘടനാ ിന്ത്യന്‍ ജനതയ്ക്കുമേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്ന ആവശ്യമായിരുന്നു സ്വന്തമായൊരു ഭരണഘടന. ഈ ചര്‍ച്ചയില്‍ ആരംഭിച്ച ഭരണഘടനാ നിര്‍മാണ പ്രക്രിയ ചെന്നെത്തിയത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭരണഘടന രൂപം കൊള്ളുന്നതിലേയ്ക്കായിരുന്നു.

1936 ല്‍ ലക്നൗവില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യോഗത്തിലാണ് ഇന്ത്യയ്ക്ക് സ്വന്തമായൊരു ഭരണഘടന വേണമെന്ന ആവശ്യം ഉയര്‍ന്നു വന്നത്. ഇന്ത്യക്കാരുടെ അഭിലാഷങ്ങള്‍ക്കെതിരായി കണക്കാക്കുന്ന ഭരണഘടന തങ്ങളില്‍ അടിച്ചേല്പിക്കാന്‍ 1935 ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് ബ്രിട്ടീഷുകാര്‍ നടത്തുന്ന ശ്രമത്തെ ഇല്ലാതാക്കാന്‍ 1935 ലെ നിയമം തന്നെ തള്ളിക്കളയാനും പുതിയ ഭരണാഘടന നിര്‍മിക്കാനുമുള്ള ആവശ്യം ഉയര്‍ന്നു. സി. രാജഗോപാലാചാരിയാണ് 1939 നവംബര്‍ 15 ന് ഭരണഘടനാ സമിതി രുപീകരിക്കണം എന്ന ആവശ്യം ഉയര്‍ത്തുന്നത്. 1940 ഓഗസ്റ്റ് എട്ടിന് ബ്രിട്ടന്‍ ആവശ്യം അംഗീകരിച്ചു.

1940 ഓഗസ്റ്റ് എട്ടിന് ഗവര്‍ണര്‍ ജനറലിന്റെ എക്‌സിക്യൂട്ടിവ് കൗണ്‍സിലിന്റെ വിപുലീകരണം എന്ന നിലയ്ക്ക് ഭരണഘടനാ സമിതി രൂപീകരിക്കാന്‍ വൈസ്രോയി അനുമതി നല്‍കി. ഒരു വാര്‍ അഡൈ്വസറി കൗണ്‍സില്‍ രൂപീകരിക്കാനും തീരുമാനമായി. ഓഗസ്റ്റില്‍ ബ്രിട്ടീഷ് അധികൃതര്‍ സ്വീകരിച്ച അനുകൂല നടപടിയെ വിളിക്കുന്ന പേര് 'ഓഗസ്റ്റ് ഓഫര്‍' എന്നാണ്. 1946 ലെ ക്യാബിനറ്റ് മിഷന്‍ പ്ലാനിന്റെ ഭാഗമായി ഭരണഘടനാ സമിതിയിലേക്ക് ആദ്യത്തെ തിരഞ്ഞെടുപ്പും നടന്നു.


ഭരണഘടനാ അസംബ്ലിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ്. അസംബ്ലിയില്‍ ആകെ 389 അംഗങ്ങളാണ് ഉണ്ടായിരുന്നത്. അതില്‍ 292 പേര്‍ വ്യത്യസ്ത പ്രവിശ്യകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ടു വരുന്നവരാണ്. അവരുടെ തിരഞ്ഞെടുപ്പ് 1946 ഓഗസ്റ്റ് മാസം ആകുമ്പോഴേക്കും പൂര്‍ത്തിയായിരുന്നു. 93 പേര്‍ നാട്ടു രാജ്യങ്ങളുടെ പ്രതിനിധികളായി അസംബ്ലിയിലെത്തി. ഡല്‍ഹി, അജ്മീര്‍, കുടക്, ബലൂചിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് നാലുപേരും അസംബ്ലിയുടെ ഭാഗമായി.

ബ്രിട്ടീഷ് ഇന്ത്യന്‍ പ്രവിശ്യകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 296 പേരില്‍ 208 പേരും കോണ്‍ഗ്രസുകാരായിരുന്നു. 73 സീറ്റുകളില്‍ മുസ്ലിം ലീഗും ജയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം വിഭജനാവശ്യങ്ങളുയര്‍ന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മുസ്ലിം ലീഗിന് ബുദ്ധിമുട്ടായി. 1947 ജൂണ്‍ മൂന്ന് ആകുന്നതോടെ ക്യാബിനറ്റ് മിഷന്‍ പ്ലാന്‍ എടുത്തുകളഞ്ഞ് മൗണ്ട് ബാറ്റണ്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947 കൊണ്ടു വന്നു. ജൂണില്‍ തന്നെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമെന്ന് ഏകദേശം ഉറപ്പായിരുന്നു. ആക്ട് പാസാക്കുന്നത് 1947 ജൂലൈലാണ്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു.

പ്രവിശ്യകളില്‍ നിന്നുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത് അതാത് പ്രവിശ്യ അസംബ്ലികളായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യ അസംബ്ലികളില്‍ നിന്നുള്ള അംഗങ്ങളാണ് ഭരണഘടനാ നിര്‍മാണസഭയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുത്തത്. സിന്ധില്‍ നിന്നും കിഴക്കന്‍ ബംഗാളില്‍ നിന്നും ബലൂചിസ്ഥാനില്‍ നിന്നും പടിഞ്ഞാറന്‍ പഞ്ചാബില്‍ നിന്നും വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യകളില്‍ നിന്നുമെല്ലാം ഭരണഘടനാ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പാകിസ്ഥാന്‍ രൂപീകരിക്കപ്പെട്ടതോടെ കറാച്ചിയില്‍ ചേര്‍ന്ന പാകിസ്ഥാന്‍ ഭരണഘടനാ നിര്‍മാണ സഭാ യോഗത്തിന്റെ ഭാഗമായി.

ഭരണഘടനാ നിര്‍മാണ സഭയിലെ രണ്ട് മലയാളി സ്ത്രീ സാന്നിധ്യം


കേരളത്തില്‍ നിന്ന് രണ്ട് വനിതകളാണ് ഭരണഘടനാ നിര്‍മാണ സഭയിലുണ്ടായിരുന്നത്. ഒന്ന് മഹാത്മാഗാന്ധിയോടുള്ള ആഭിമുഖ്യം കാരണം സ്വാതന്ത്ര്യ സമരത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഭാഗമായ അമ്മു സ്വാമിനാഥന്‍ ആയിരുന്നു. രണ്ടാമത്തേത് ദളിത് പശ്ചാത്തലത്തില്‍ വളര്‍ന്ന് സാമൂഹിക പിന്നോക്കാവസ്ഥകളോട് പൊരുതി ഒരു അഭിഭാഷകയായും രാഷ്ട്രീയ പ്രവര്‍ത്തകയായും സ്വയം അടയാളപ്പെടുത്തിയ ദാക്ഷായണി വേലായുധന്‍.

1942 ല്‍ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ഭാഗമായതിനെ തുടര്‍ന്ന് അമ്മു സ്വാമിനാഥനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജയിലിലടയ്ക്കുകയും ചെയ്തു. വെല്ലൂര്‍ ജയിലില്‍ കഴിയുന്ന സമയത്ത് ഒരു സഹതടവുകാരിക്ക് ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നു. കൂട്ടത്തിലൊരാള്‍ മറ്റൊരു സ്ത്രീയെ ശൂദ്രച്ചി എന്ന് വിളിച്ചപ്പോള്‍ അമ്മു സ്വാമിനാഥന്‍ വിളിച്ചയാളെ ചോദ്യം ചെയ്യുകയായിരുന്നു. പാലക്കാട് ജില്ലയില്‍ ആനക്കര വടക്കത്ത് വീട്ടിലാണ് അമ്മു സ്വാമിനാഥന്‍ ജനിക്കുന്നത്. 1952 ല്‍ മദ്രാസ് പ്രവിശ്യയില്‍ നിന്നും രാജ്യസഭാംഗമായി. ധീരതയുടെ പേരിലും നടത്തിയ സാമൂഹിക ഇടപെടലുകളുടെ പേരിലും പേരെടുത്ത അമ്മു സ്വാമിനാഥന്റെ കൊച്ചുമകളാണ് ഇപ്പോഴത്തെ സിപിഎം നേതാവായ സുഭാഷിണി അലി.

ഭരണഘടനാ നിര്‍മാണസഭയില്‍ ഉണ്ടായിരുന്ന മറ്റൊരു മലയാളി സ്ത്രീയായിരുന്നു ദാക്ഷായണി വേലായുധന്‍. അവര്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ വനിതാ ബിരുദധാരി, ആദ്യത്തെ കൊച്ചി നിയസഭ അംഗം തുടങ്ങി ഭരണഘടന നിര്‍മാണ സഭയിലെ ഏക ദളിത് വനിത എന്നിങ്ങനെ നിരവധി ബഹുമതിയ്ക്ക് അര്‍ഹയായ വനിതയാണ്. ഇതെല്ലാം പ്രത്യേകതകളാകുന്നത് സാമൂഹികമായി ആ സമൂഹം അനുഭവിച്ചിരുന്ന പിന്നോക്കാവസ്ഥയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. 1912 ല്‍ എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമത്തില്‍ പുലയ സമുദായത്തില്‍പ്പെട്ട കുഞ്ഞന്റെയും മാണിയുടെയും മകളായാണ് ദാക്ഷായണി വേലായുധന്‍ ജനിക്കുന്നത്. ദാക്ഷായണി എന്ന പേര് തന്നെ അന്ന് ഒരു വിപ്ലവമായിരുന്നു.

എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് കെമിസ്ട്രിയിലാണ് ദാക്ഷായണി വേലായുധന്‍ ബിരുദം നേടിയത്. ആദ്യമായി ഒരു ദളിത് പെണ്‍കുട്ടി ബിരുദത്തിന് പഠിക്കുന്നു എന്നത് തന്നെ വലിയ കാര്യമായതിനാല്‍ വാര്‍ത്തകൊടുക്കാന്‍ കോളജ് പടിക്കലെത്തിയ പത്രപ്രവര്‍ത്തകര്‍ക്ക് അവരെ തിരിച്ചറിയാന്‍ പോലും സാധിച്ചില്ല. കാരണം പിന്നോക്കാവസ്ഥയിലുള്ള, ദാരിദ്ര്യത്തിലുള്ള ഒരു പെണ്‍കുട്ടിയുടെ മുഷിഞ്ഞ വേഷത്തില്‍ അവരെ പ്രതീക്ഷിച്ച പത്രക്കാര്‍ക്ക് മുന്നിലേക്ക് മറ്റെല്ലാവരെയും പോലെ മനോഹരമായി വസ്ത്രം ധരിച്ച ഒരു പെണ്‍കുട്ടിയാണ് എത്തിയത്. പിന്നീട് ദളിതരെ കുറിച്ചുള്ള എല്ലാ ധാരണകളെയും അട്ടിമറിക്കുന്നതായിരുന്നു അവരുടെ ജീവിതം.


ഭരണഘടന രൂപീകരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ദാക്ഷായണി 1946 മുതല്‍ 1952 വരെ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലും പ്രൊവിഷണല്‍ പാര്‍ലമെന്റിന്റെ അംഗമായും പ്രവര്‍ത്തിച്ചു. പാര്‍ലമെന്റില്‍ വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും പട്ടിക ജാതിക്കാര്‍ക്കും അധകൃതര്‍ക്കുമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു അവരുടെ പ്രവര്‍ത്തനം.

1948 നവംബര്‍ 29 ന് ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്നതിനെ ലക്ഷ്യം വച്ച അനുഛേദം പതിനൊന്നിനെക്കുറിച്ചുള്ള ഭരണഘടനാ സമിതിയിലെ ചര്‍ച്ചയില്‍ ദാക്ഷായണി തന്റെ വാദ മുഖങ്ങള്‍ നിരത്തുകയുണ്ടായി. പൊതു വിദ്യാഭ്യാസ പരിപാടികളിലൂടെ വിവേചന രഹിതമായ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ ആഹ്വാനം ചെയ്ത ദാക്ഷായണി ജാതി വിവേചനത്തെ അപലപിക്കാനുള്ള പ്രമേയം ഭരണഘടനാ സമിതി അംഗീകരിക്കുകയാണെങ്കില്‍ അത് പൊതു സമൂഹത്തിനുള്ള മഹത്തായ സൂചനയാകുമെന്ന് ചൂണ്ടിക്കാട്ടി.

അധ്യാപികയായി ജോലി ചെയ്യുമ്പോള്‍ ദാക്ഷായണി ആര്‍. വേലായുധനെ വിവാഹം കഴിച്ചു. അഞ്ച് മക്കളാണ് ഇവര്‍ക്ക്. മൂത്തമകന്‍ രഘുത്തമന്‍ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കല്‍ ടീമില്‍ അംഗമായിരുന്നു. പ്രഹ്‌ളാദന്‍, ഭഗീരഥന്‍, ധ്രുവന്‍, ചരിത്രകാരിയായ മീര വേലായുധന്‍ എന്നിവരാണ് മറ്റു മക്കള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.