മൂല്യം 8000 കോടി രൂപ; ഡാവിഞ്ചിയുടെ 'മൊണാലിസ' പെയിന്റിങ്ങിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍: വീഡിയോ

മൂല്യം 8000 കോടി രൂപ; ഡാവിഞ്ചിയുടെ 'മൊണാലിസ' പെയിന്റിങ്ങിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍: വീഡിയോ

പാരീസ്: പാരീസില്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് ഒഴിച്ച് പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്തമായ ചിത്രത്തിന് നേരെയാണ് പരിസ്ഥിതിക പ്രവര്‍ത്തകരുടെ ആക്രമണം. എണ്ണായിരം കോടി രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരിക്കുന്ന പെയിന്റിങ്ങാണ് മൊണാലിസ.

'ആരോഗ്യകരവും സുസ്ഥിരവുമായ ഭക്ഷണം' എന്ന് ആവശ്യപ്പെട്ടുകൊണ്ട് രണ്ട് സ്ത്രീകളാണ് പാരീസിലെ ലൂവ്രെ മ്യൂസിയത്തിലുള്ള മൊണാലിസ ചിത്രത്തിന് നേരെ സൂപ്പ് എറിഞ്ഞത്. പക്ഷെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നില്‍ സൂക്ഷിച്ചതിനാല്‍ പെയിന്റിങിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചില്ല.

രാജ്യത്തെ കാര്‍ഷിക സംവിധാനങ്ങളുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയെത്തിയ പരിസ്ഥിതി പ്രക്ഷോഭകരായിരുന്നു ആക്രമണത്തിന് പിന്നില്‍. ആരോഗ്യദായകവും സുസ്ഥിരവുമായ ആഹാരത്തിനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് പ്രതിഷേധക്കാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ വിവിധയിടങ്ങളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് സ്ത്രീകളായ രണ്ട് പേര്‍ മ്യൂസിയത്തിലെത്തി സൂപ്പൊഴിച്ച് പ്രതിഷേധം അറിയിച്ചത്.

പരിസ്ഥിതി സംഘടനയായ 'ഫുഡ് കൗണ്ടര്‍അറ്റാക്ക്' പ്രതിഷേധത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ടീ ഷര്‍ട്ടില്‍ എഴുതിയ ഫുഡ് റെസ്പോണ്‍സുമായി ബന്ധപ്പെട്ട മുദ്രാവാക്യം പ്രവര്‍ത്തകരില്‍ ഒരാള്‍ പ്രദര്‍ശിപ്പിച്ചു.

പെയിന്റിങ്ങിനെയും പ്രതിഷേധക്കാരെയും കറുത്ത തുണിയുടെ സ്‌ക്രീനുകള്‍ കൊണ്ട് മറക്കാന്‍ മ്യൂസിയം ജീവനക്കാര്‍ ശ്രമിച്ചുവെങ്കിലും പ്രതിഷേധത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ കലാസൃഷ്ടികളില്‍ ഒന്നാണ് ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ പതിനാറാം നൂറ്റാണ്ടിലെ ഈ പെയിന്റിംഗ്. ഏറ്റവുമധികം ആളുകള്‍ കണ്ട പെയിന്റിങ് വളരെക്കാലമായി ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം, കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളുള്ള ഒരു മ്യൂസിയത്തിലേക്ക് എങ്ങനെയാണ് സ്ത്രീകള്‍ക്ക് സൂപ്പ് കടത്താന്‍ കഴിഞ്ഞത് എന്നതിനെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.

ഇതാദ്യമായല്ല മൊണാലിസയ്ക്ക് നേരെ പ്രതിഷേധം നടക്കുന്നത്. 2022 മെയിലും ഇത്തരത്തില്‍ പെയിന്റിങ് ആക്രമിക്കപ്പെട്ടിരുന്നു. ഒരു യുവാവ് മൊണാലിസയ്ക്ക് നേരെ കേക്ക് എറിയുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.