ചൈനയിൽ മാറ്റത്തിന്റെ സൂചന; ഒരാഴ്ചക്കിടെ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് വത്തിക്കാൻ

ചൈനയിൽ മാറ്റത്തിന്റെ സൂചന; ഒരാഴ്ചക്കിടെ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് വത്തിക്കാൻ

ബീജിങ്: മത സ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ചൈനയിൽ ഒരാഴ്ചയ്ക്കിടെ പുതിയ മൂന്ന് ബിഷപ്പുമാരെ നിയമിച്ച് വത്തിക്കാൻ. ഷാവോവിലെ (മിൻബെയ്) അപ്പസ്‌തോലിക് പ്രിഫെക്ചറിൻ്റെ ബിഷപ്പായി ഫാദർ പീറ്റർ വു യിഷൂനെ നിയമിച്ചതായി വത്തിക്കാൻ അറിയിച്ചു.

2023 ഡിസംബർ 16 നാണ് ഫുജിയാനിലെ തെക്ക് കിഴക്കൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന ഷാവോവിൻ്റെ ബിഷപ്പായി പീറ്റർ വു നാമനിർദ്ദേശം ചെയ്യപ്പെട്ടത്. വത്തിക്കാനും പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും തമ്മിലുള്ള താൽക്കാലിക കരാറിൻ്റെ അടിസ്ഥാനത്തിലാണ് ബിഷപ്പുമാരുടെ നിയമനം.

1964 ഡിസംബർ ഏഴിന് ജനിച്ച പീറ്റർ വു ഷാങ്ഹായിലെ ശേശൻ സെമിനാരിയിലാണ് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയത്. 1992 ആഗസ്റ്റ് 15 ന് സ്വർഗ്ഗാരോപണത്തിൻ്റെ തിരുനാളിൽ ഷിയാമെൻ രൂപതയ്ക്കായി പൗരോഹിത്യം സ്വീകരിച്ചു. പീറ്റർ വു നാൻപിംഗ് നഗരത്തിൽ ഇടവക പുരോഹിതനായും ഷാവോവിലെയും ജിയാനോവിലെയും അപ്പസ്തോലിക് പ്രിഫെക്ചറുകളുടെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒരാഴ്ചയ്ക്കുള്ളിൽ ചൈനയിൽ നിയമിക്കപ്പെട്ട മൂന്നാമത്തെ ബിഷപ്പായതിനാൽ വളരെ വേഗത്തിലാണ് പീറ്റർ വുവിൻ്റെ നിയമന പ്രഖ്യാപനം നടത്തിയത്. രൂപതയിൽ 70 വർഷം നീണ്ടുനിന്ന ഒഴിവിന് വിരാമമിട്ടുകൊണ്ട് ജനുവരി 25 നാണ് ഫാദർ തദ്ദ്യൂസ് വാങ് യുഷെങ് ഷെങ്‌ഷൂവിലെ ബിഷപ്പായി വാഴിക്കപ്പെട്ടത്.

ജനുവരി 29 ന് ചൈനയിലെ സെൻട്രൽ ഷാൻഡോങ് പ്രവിശ്യയിലെ വെയ്‌ഫാങ് രൂപത പുതിയതായി നിലവിൽ വന്നു. ബീജിങിലെ പുനക്രമീകരിച്ച രൂപതാതിർത്തികൾ പരോക്ഷമായി അംഗീകരിച്ചുകൊണ്ടാണ് ഫ്രാൻസിസ് മാർപാപ്പ പുതിയ രൂപതയ്ക്ക് രൂപം കൊടുത്തത്. ഷാൻഡോങ് പ്രവിശ്യയിലെ വിവിധ ബിഷപ്പുമാരുടെ സാന്നിധ്യത്തിൽ വെയ്‌ഫാങ് രൂപതയുടെ ആദ്യത്തെ ബിഷപ്പായി ആന്റണി സൺ അഭിഷിക്തനായി. 53 വയസുള്ള ബിഷപ്പ് സൺ വെയ്ഫാങ് സ്വദേശി തന്നെയാണ്.

1931 ജൂൺ 16 ന് പയസ് പതിനൊന്നാമൻ പാപ്പ സ്ഥാപിച്ച്‌ 2008 മുതൽ ഒഴിഞ്ഞുകിടന്നിരുന്ന മുൻ അപ്പസ്‌തോലിക് കാര്യാലയം യിഡൂക്സിയൻ രൂപതയ്ക്ക് പകരമാണ് പുതിയ രൂപതയുടെ രൂപീകരണം. അജപാലന ദൗത്യം പ്രോത്സാഹിപ്പിക്കുന്നതിനും ആത്മീയ ഉന്നമനത്തിനും വേണ്ടിയാണ് പുതിയ രൂപീകരണമെന്ന് വത്തിക്കാൻ വ്യക്തമാക്കി. ചൈനീസ് പാട്രിയോട്ടിക് അസോസിയേഷൻ പ്രസിഡൻറ് ബിഷപ്പ് ജോൺ ഫാങ് ക്സിൻഗ്യാവോ സ്ഥാനാരോഹണ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നത് മുതൽ രൂപതാതിർത്തി സംബന്ധിച്ച് വത്തിക്കാനും ചൈനയും തമ്മിൽ അഭിപ്രായ ഭിന്നത നിലനിന്നിരിന്നു. ബീജിങ്‌ പുനർനിർമ്മിച്ച രൂപതാതിർത്തികൾ അംഗീകരിച്ചാണ് മാർപാപ്പ വെയ്‌ഫാങിനെ രൂപതയായി ഉയത്തിയത്. ചൈനയിൽ 20 അതിരൂപതകൾ, 97 രൂപതകൾ, 28 അപ്പോസ്തോലിക് കാര്യാലയങ്ങൾ ഉൾപ്പെടെ കത്തോലിക്ക സഭയ്ക്ക് 147 സഭാധികാരപരിധികളുണ്ട്.

ക്വിങ്ഷോ മുതൽ ഗവോമി വരെ ഏകദേശം 6240 ചതുരശ്ര മൈൽ പ്രദേശം ഉൾക്കൊള്ളുന്ന വെയ്‌ഫാങ് രൂപതയുടെ കത്തീഡ്രൽ ദേവാലയം വെയ്‌ഫാങ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ക്വിംഗ്‌ഷോവിലാണ് സ്ഥിതി ചെയ്യുന്നത്. പുതിയ രൂപതയിൽ ഏകദേശം 6,000 കത്തോലിക്കരാണുള്ളത്. 10 വൈദികരും ആറ് കന്യാസ്ത്രീകളുമാണ് പുതിയ രൂപതയിൽ സേവനമനുഷ്ഠിക്കുന്നത്.

2023 ഏപ്രിലിൽ ഷാങ്ഹായിലെ ബിഷപ്പായി ജോസഫ് ഷെൻ ബിന്നിനെ ചൈനീസ് അധികാരികൾ ഏകപക്ഷീയമായി നിയമിച്ചതിന് ശേഷമുള്ള ഈ സമീപകാല സംഭവവികാസങ്ങൾ ചൈന - വത്തിക്കാൻ ബന്ധത്തിലെ മഞ്ഞുരുകലിനെയാണ് സൂചിപ്പിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.