'യുവാക്കള്‍ നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ നേതാക്കള്‍'; വിമര്‍ശനവുമായി വിഷ്ണുനാഥ്

 'യുവാക്കള്‍ നേതൃത്വത്തില്‍ വരാത്തതിന് കാരണം ഇന്നത്തെ നേതാക്കള്‍'; വിമര്‍ശനവുമായി വിഷ്ണുനാഥ്

തിരുവനന്തപുരം: യുവാക്കള്‍ പാര്‍ട്ടി നേതൃത്വത്തില്‍ വരാതിരിക്കാന്‍ കാരണം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളാണെന്ന് യുവ എംഎല്‍എ പി.സി വിഷ്ണുനാഥ്.

യുവാക്കളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി മാതൃകയാണ്. ഉമ്മന്‍ ചാണ്ടിയുടെ 'കാലം സാക്ഷി' എന്ന ആത്മകഥ വിഷയമാക്കി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദത്തില്‍ സംസാരിക്കുകയായിരുന്നു വിഷ്ണുനാഥ്.

യുവാക്കള്‍ വന്നോട്ടെ എന്നു കരുതാനുള്ള ആത്മവിശ്വാസം ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. ഇന്ദിരാഗാന്ധിയെ പോലുള്ള നേതാക്കളുള്ള കാലത്ത് വയലാര്‍ രവി 32-ാം വയസില്‍ പ്രവര്‍ത്തക സമിതിയില്‍ വന്നു.

ഉമ്മന്‍ ചാണ്ടി പല സ്ഥലങ്ങളില്‍ നിന്നാണ് ഞങ്ങളെയൊക്കെ കണ്ടെത്തി നേതൃത്വത്തിലേയ്ക്ക് കൊണ്ടു വന്നത്. അല്ലെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് നേതാവോ എം.എല്‍.എയോ ആവാന്‍ കഴിയുമായിരുന്നില്ല. ഒട്ടേറെ ചെറുപ്പക്കാരെ കൊണ്ടു വരുന്നതില്‍ അദേഹം സുപ്രധാന പങ്കുവഹിച്ചു.

2011 ല്‍ ഉമ്മന്‍ചാണ്ടിക്ക് ഫെയ്സ് ബുക്കില്‍ പത്തു ലക്ഷം ഫോളോവേഴ്സുണ്ടായിരുന്നു. ഏറ്റവും ചെറുപ്പക്കാരായവരോടു പോലും സംവേദിക്കാന്‍ കഴിഞ്ഞ നേതാവായിരുന്നു അദേഹമെന്നു തെളിയിക്കുന്നതാണ് ഇതൊക്കെ. ഇപ്പോഴുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ തന്നെ ആത്മവിശ്വാസം വന്നിട്ടില്ല.

യൂത്ത് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നല്ല നേതാക്കളുണ്ട്. മുതിര്‍ന്ന നേതാക്കളുടെ അവഗണനയെ അതിജീവിക്കാനുള്ള മുന്നേറ്റം പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു പറയാനാവില്ല. പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമായതിനാല്‍ പൊതുവേദിയില്‍ പറയുന്നില്ലെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.