ഓസ്ട്രേലിയയില്‍ 600 ലേറെ ജൂതരുടെ സ്വകാര്യ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നു; ഡോക്സിങ്ങിനെതിരേ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി

ഓസ്ട്രേലിയയില്‍ 600 ലേറെ ജൂതരുടെ സ്വകാര്യ വാട്സ്ആപ്പ് സന്ദേശങ്ങള്‍ ചോര്‍ന്നു; ഡോക്സിങ്ങിനെതിരേ നിയമനിര്‍മ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി

കാന്‍ബറ: ഓസ്ട്രേലിയയിലെ ജൂത സമൂഹത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്ന സംഭവത്തില്‍ കടുത്ത നടപടിക്കൊരുങ്ങി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍. ദുരുദ്ദേശപരമായി ഒരാളെ കുറിച്ചുള്ള വ്യക്തിവിവരങ്ങള്‍ പബ്ലിക് പ്ലാറ്റ്ഫോമുകളില്‍ പങ്കുവെക്കുന്ന ഡോക്സിങ്ങിനെതിരേ നിയമനിര്‍മ്മാണത്തിന് ഒരുങ്ങുകയാണ് ഫെഡറല്‍ സര്‍ക്കാര്‍. നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണത്തിന്‍ കീഴില്‍ ഡോക്സിങ് ജയില്‍ ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കും.

നൂറുകണക്കിന് ജൂത ഓസ്ട്രേലിയന്‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങളും ഫോട്ടോഗ്രാഫുകളും ഇന്റര്‍നെറ്റില്‍ ചോര്‍ന്ന ആശങ്കാജനമായ സംഭവത്തെതുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.
ദുരുദ്ദേശ്യത്തോടെ വ്യക്തിവിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമാക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണം എത്രയും വേഗം പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി അറിയിച്ചു. പാര്‍ലമെന്റ് അംഗങ്ങളുടെ പിന്തുണയോടെ നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം പാസാക്കാനാകുമെന്നാണ് സര്‍ക്കാരന്റെ പ്രതീക്ഷ.

ഗാസയെക്കുറിച്ച് ചര്‍ച്ച ചെയ്ത സ്വകാര്യ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റില്‍ നിന്നാണ് 600-ലേറെ ജൂത ഓസ്ട്രേലിയക്കാരുടെ പേരു വിവരങ്ങള്‍ പാലസ്തീന്‍ അനുകൂല അഭിഭാഷകര്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചത്. വാട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളില്‍ പ്രശസ്തരായ അക്കാദമിക് വിദഗ്ധരും കലാകാരന്മാരും ഉള്‍പ്പെടുന്നു. ജൂതരുടെ ജീവനു വരെ ഭീഷണിയാകുന്ന സംഭവമാണ് ഡോക്സിങ് ക്രിമിനല്‍ കുറ്റമാക്കാനുള്ള തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് ആന്റണി ആല്‍ബനീസി പറഞ്ഞു.

'ഓസ്ട്രേലിയയില്‍ വ്യക്തികളെ മതത്തിന്റെ പേരില്‍ ലക്ഷ്യംവയ്ക്കുന്നത് പൂര്‍ണമായും അസ്വീകാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓസ്ട്രേലിയന്‍ ജൂത സമൂഹം സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്തു.

എന്താണ് ഡോക്സിങ് ?

ദുരുദ്ദേശത്തോടെ പേരുകള്‍, വിലാസം, ഇ-മെയിലുകള്‍, ഫോണ്‍ നമ്പറുകള്‍, കുടുംബ ചിത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഒരു വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനെയാണ് ഡോക്സിങ് എന്നു സാധാരണയായി നിര്‍വചിക്കുന്നത്. ഫോണ്‍ നമ്പറുകള്‍ പരസ്യപ്പെടുത്തി ഭീഷണി കോളുകള്‍ക്ക് ആഹ്വാനം ചെയ്യുന്ന രീതിയും ഡോക്സിങ്ങില്‍ കാണാം.

എതിരാളികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും സൈബര്‍ സേനകള്‍ നടത്തുന്ന രീതിയാണ് ഇത്. ചില സംഘടനകളും ഇങ്ങനെ എതിരാളികളെ പ്രതിസന്ധിയിലാക്കുന്നു. ഇതെല്ലാം തടയുന്നതാകും നിര്‍ദ്ദിഷ്ട ബില്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26