ചൂടു കൂടുമ്പോള്‍ വാഹനങ്ങളിലെ അഗ്‌നിബാധയും കൂടും; ശ്രദ്ധിക്കാം ഇവയൊക്കെ

ചൂടു കൂടുമ്പോള്‍ വാഹനങ്ങളിലെ അഗ്‌നിബാധയും കൂടും; ശ്രദ്ധിക്കാം ഇവയൊക്കെ

വേനല്‍ ഓരോ ദിവസം കഴിയുന്തോറും കൂടുന്നതിനാല്‍ സ്വാഭാവികമായും അന്തരീക്ഷ താപനിലയും കൂടും. വാഹനങ്ങള്‍ അഗ്‌നിക്കിരയാകുന്നത് അപൂര്‍വമായ സംഭവമല്ല ഇപ്പോള്‍. അതുകൊണ്ട് തന്നെ നമ്മള്‍ തീര്‍ത്തും നിസഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന് പറഞ്ഞ് തരികയാണ് സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ്.

ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആള്‍ട്ടറേഷനുകളും ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്‍പാദിപ്പിക്കപ്പെടുന്ന ബള്‍ബുകളും തുടങ്ങി നിര്‍ത്തിയിടുന്ന പാര്‍ക്കിങ് സ്ഥലങ്ങള്‍ വരെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാമെന്നാണ് മുന്നറിയിപ്പ്. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം.

പരിഹാര മാര്‍ഗങ്ങള്‍ എന്തൊക്കെ

1. കൃത്യമായ ഇടവേളകളില്‍ മെയിന്റനന്‍സ് ചെയ്യുക. രാവിലെ വാഹനം നിര്‍ത്തിയിട്ടിരുന്ന തറയില്‍ ഓയില്‍- ഇന്ധന ലീക്കേജ് ഉണ്ടോയെന്ന് പരിശോധിക്കുന്നതും ദിവസത്തില്‍ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നതും ശീലമാക്കുക.

2. വാഹനത്തിന്റെ പുറം മാത്രമല്ല എന്‍ജിന്‍ കംപാര്‍ട്ട്‌മെന്റ് വൃത്തിയാക്കി വയ്ക്കുക. ഇത് ലീക്കേജ് കണ്ടെത്തുന്നതിന് മാത്രമല്ല ചെറിയ അഗ്‌നിബാധ ഗുരുതരമാകുന്നത് തടയുന്നതിനും സഹായകരമാണ്.

3. കൃത്യമായ ഇടവേളകളില്‍ ഗ്യാസ് ലൈനുകളില്‍ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാല്‍ സര്‍വീസ് സെന്ററില്‍ കാണിച്ച് റിപ്പയര്‍ ചെയ്യുകയും ചെയ്യുക.

4. വാഹന നിര്‍മാതാക്കള്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതും നിയമ വിധേയവുമായതുമായ പാര്‍ട്‌സുകള്‍ ഉപയോഗിക്കുന്നതും അനാവശ്യമായ ആള്‍ട്ടറേഷനുകളും ഒഴിവാക്കുക.

5. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.

6. പാനല്‍ ബോര്‍ഡ് വാണിങ് ലാംപുകളും, മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളില്‍ കൂളന്റും എഞ്ചിന്‍ ഓയിലും മാറ്റുകയും ചെയ്യുക.

7. വലിയ വാഹനങ്ങളില്‍ പ്രൊപ്പല്ലര്‍ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകള്‍ ഘടിപ്പിക്കണം.

8. കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കര്‍ശനമായി ഒഴിവാക്കണം.

9. വളരെ ചൂടുള്ള കാലാവസ്ഥയില്‍ ഡാഷ് ബോര്‍ഡില്‍ വച്ചിട്ടുള്ള വാട്ടര്‍ ബോട്ടിലുകള്‍ ലെന്‍സ് പോലെ പ്രവര്‍ത്തിച്ച് സീറ്റ് അപ്‌ഹോള്‍സ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളതിനാല്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ വാട്ടര്‍ ബോട്ടിലുകള്‍, സാനിറ്റൈസറുകള്‍, സ്‌പ്രേകള്‍ എന്നിവ ഡാഷ്‌ബോര്‍ഡില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക.

10. വിനോദ യാത്രകളും മറ്റും പോകുമ്പോള്‍ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തില്‍ വച്ചാകരുത്.

11. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകള്‍, സ്‌ഫോടക വസ്തുക്കള്‍ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കണം.

12. ആംബുലന്‍സുകളില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൃത്യമായി ബ്രാക്കറ്റുകള്‍ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകള്‍ക്ക് തകരാറുകള്‍ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.

13. സാധാരണ വാഹനത്തിന്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. എന്നാല്‍ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിന്‍ കവറുകളും പോളിയസ്റ്റര്‍ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാല്‍ തന്നെ ഒഴിവാക്കേണ്ടതാണ്.

14. കൂട്ടിയിടികള്‍ അഗ്‌നിബാധയിലേക്ക് നയിക്കാം എന്നതിനാല്‍ തന്നെ സുരക്ഷിതമായും ഡിഫന്‍സീവ് ഡ്രൈവിങ് രീതികള്‍ അനുവര്‍ത്തിച്ച് കൊണ്ടും വാഹനം ഓടിക്കുക.

15. എല്ലാ വാഹനങ്ങളിലും ചെറിയ ഫയര്‍ എക്സ്റ്റിങ്യൂഷര്‍ പെട്ടെന്ന് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ സൂക്ഷിക്കുക.

16. വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.