'ഭാരത് അരി'യേക്കാള്‍ വില കുറച്ച് 'കെ അരി'; വിതരണം റേഷന്‍ കട വഴി

 'ഭാരത് അരി'യേക്കാള്‍ വില കുറച്ച് 'കെ അരി'; വിതരണം റേഷന്‍ കട വഴി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി കേരളത്തിന്റെ കെ അരി വിതരണം ചെയ്യുന്നതില്‍ ഈ ആഴ്ച തീരുമാനമെന്ന് ഭക്ഷ്യ വകുപ്പ്. ഭാരത് അരി കിലോയ്ക്ക് 29 രൂപയ്ക്കാണ് നല്‍കുന്നതെങ്കില്‍ കെ അരി 25 മുതല്‍ 27 രൂപ വരെയായിരിക്കും വില.

പദ്ധതി ശുപാര്‍ശ ഭക്ഷ്യ വകുപ്പ് ഈയാഴ്ച തന്നെ തയ്യാറാക്കും. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. മാര്‍ച്ച് ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനു മുന്‍പ് വിതരണം തുടങ്ങാനാണ് നീക്കം.

നാഫെഡ് വിപണന കേന്ദ്രങ്ങള്‍ വഴിയാണ് ഭാരത് അരിയുടെ വിതരണം. കെ അരി പൊതുവിതരണ സംവിധാനം വഴിയായിരിക്കും ലഭ്യമാക്കുക. നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കു 10 കിലോഗ്രാം വീതം നല്‍കാനാണ് ആലോചന. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഇപ്പോഴുള്ള വിഹിതത്തിന് പുറമേ കെ അരിയും ലഭ്യമാക്കും.

ചമ്പാവ്, ജയ, കുറുവ അരികളായിരിക്കും വില്‍ക്കുക. മലയാളിക്കു പ്രിയപ്പെട്ട മട്ട അരിയും നല്‍കും. ഇവയുടെ സ്റ്റോക്കെടുക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കും ഡയറക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഫ്‌സിഐ വഴി ലഭിക്കുന്ന വിഹിതത്തില്‍ വിതരണം ചെയ്യാതെ ബാക്കിയുള്ള അരി കെ ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തി റേഷന്‍ കാര്‍ഡുകാര്‍ക്ക് നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.